Thursday, January 31, 2013


പിടച്ചിലുകള്‍ 

അക്ഷരങ്ങളായിരുന്നു 
എന്നും നെടുംതൂണായത് 
ചിരിയും ചിന്തയും 
ഇണക്കവും  പിണക്കവും 
നീയും ഞാനുമായക്ഷരങ്ങള്‍ 
നഷ്ടവും ലാഭവും 
ഒക്കെ ചേര്‍ത്തെഴുതി കൂട്ടി 
മഷിയുണങ്ങും മുന്‍പേ 
കാഴ്ചയുടെ വേലിക്കലിട്ടു  

ഉള്ളിലെ കുത്തൊഴുക്കില്‍ 
പലപ്പോഴും കടപുഴകാതെ 
നിന്നതുമീ മടമുറിയലുകളിലായിരുന്നു.
പക്ഷെ ഇന്ന് 
എന്റെ അക്ഷരങ്ങള്‍ ആരുടെയോ 
ഒക്കത്തിരുന്നു 
യാത്ര ചെയ്യുമ്പോള്‍ 
അറിയാതെ ഞാനോന്നമര്‍ത്തി 
നീ ഉരുവായി വന്നോരെന്‍ 
പാടുകളില്‍ 
നിസഹായതയുടെ എങ്ങലുകള്‍ 
ശ്വാസ നാളം വിട്ടു 
ശബ്ദമായി പിടയുന്നു.
ആരറിയാന്‍ എന്‍ വേദനകള്‍ 

Wednesday, January 30, 2013


വിള്ളല്‍

ജീവിതത്തിന്‍റെ പാതി വഴിയിലെത്തിയപ്പോഴാണ്
പ്രണയം കുഴച്ചൊരു വീടുവച്ചത്
മച്ചില്‍ നിറയെ പ്രണയ പുഷ്പങ്ങള്‍
പതിപ്പിച്ചൊരു ജീവിതം

ഏതോ ഋതു വിനൊപ്പം
വന്ന മിന്നല്‍പിണരെവിടെയോ
ഒരു വിള്ള ലിട്ടു മടങ്ങി
സ്വപ്ന വര്‍ണങ്ങള്‍ ചിത്രം വരച്ചിടത്ത്
ഒരു മുറിപ്പാട് പോലെ
അടുത്ത ഋതുവിളിക്കാതെയെത്തി
വിള്ളല്‍ വളര്‍ന്നു ഒരു നിലം പൊത്തല്‍

കാണുന്നില്ലേ ആകാശം നോക്കി
പുകച്ചുരുള്‍ യാത്രചെയുന്നത്
തകര്‍ന്ന സ്വപ്നങ്ങളുടെ
ഒരു നിശബ്ദ യാത്ര


ഒളിച്ചു കളി 

ഉറക്കം വന്നു കണ്ണില്‍ തൊട്ടപ്പോള്‍ 
മനസിന്റെ മുഖം മങ്ങി 
അപ്പോളുറക്കം പതിയെ  മനസിനെ 
ചേര്‍ത്തണച്ചു 
പിന്നെ കണ്ണിനെ നോക്കി 
ഗൂഡമായി ചിരിച്ചു 
ചിരി മൌനത്തിലേക്ക്‌ പോയപ്പോള്‍ 
മനസ് മെല്ലെ എഴുന്നേറ്റു 
സ്വപ്നത്തിലേക്കു പോയി  
ഇതൊന്നുമറിയാതെ 
ശരീരം അലാറത്തിനു 
കാതു കൊടുത്തു കിടന്നു 

Monday, January 28, 2013കണ്ണാടി 

കണ്ണാടി വാങ്ങാനാണ് കടയില്‍ പോയത്  
നിന്റെ കണ്ണിലൂടെ 
ചമഞ്ഞൊരുങ്ങിയപ്പോള്‍ 
കണ്ണാടിയെ ഞാന്‍ മറന്നിരുന്നു 
ഉടുത്തൊരുങ്ങി നില്‍ക്കുമ്പോള്‍ 
നെറുകയിലെ സിന്ധൂരത്തിന് 
ഒരു ചുംബനത്തിന്റെ ആലസ്യം 
എന്നുമുണ്ടായിരുന്നു  
അത്തിമരത്തിലെ വള്ളിപോലെ 
വയറില്‍ ഒട്ടി ചിരിച്ച   സാരിയില്‍ 
നിന്റെ വിരലിന്റെ 
ചെറിയ ചിന്തുകളും .

വര്‍ഷങ്ങള്‍ക്കു പിന്നിലെ ഓര്‍മ്മകളുടെ 
കൈയും പിടിച്ചു ഇത്രയും കാലം 
ആരോ പതം പറഞ്ഞപ്പോഴാണ് 
ഇന്ന് കണ്ണാടിക്കായി  തിരഞ്ഞത്  
കണ്ടതോ നീയും ഞാനും അറിയാത്ത 
ഏതോ ഒരാളിനെയും 
നീ പടിയിറങ്ങിയപ്പോള്‍ 
അറിയാതെ എന്നിലെ ഞാനും  പോയിയെന്നറിഞ്ഞ് 
കണ്ണാടി  തിരികെ വച്ച് തിരിച്ചിറങ്ങുന്നു  
എന്റെ ചിരിയും തിളക്കവും 
ഏതു വഴിയിലാവും 
നീ ചുരുട്ടിയെറിഞ്ഞത്‌ 

കാഴ്ച 
കണ്ണില്‍ നിറയുന്ന കാഴ്ചകള്‍ 
മനസില്‍ പതിയുന്നില്ല 
എന്നറിഞ്ഞപ്പോഴാണ്‌ 
മനസിനെ പരിശോധിക്കാന്‍ 
എത്തിച്ചത് 
എല്ലാ അറകളും ഒന്നൊന്നായി  
മലര്‍ക്കെ തുറക്കുമ്പോള്‍ 
കൈ കൊട്ടിചിരിച്ചിറങ്ങി വന്ന 
നിന്നെകണ്ടു 
ഒപ്പം നിന്റെ നെഞ്ചിലോട്ടി 
ചിരിക്കുന്ന എന്നെയും  
 


Thursday, January 24, 2013


പനി മരുന്ന്

വിരഹത്താല്‍  മനസിന്‌
ഉഷ്ണം കൂടി ചുട്ടു പഴുത്തു
പനി ആയിമാറുമ്പോള്‍
നിന്റെ ഓര്‍മ്മകളെ ചെറുതായി
നനച്ചു മനസില്‍ ഇടും ഞാന്‍
ഇണക്കവും പിണക്കവും
ഇഴചേര്‍ന്ന് മയങ്ങിയുണരുമ്പോള്‍
നിന്റെ മണമുള്ള വിയര്‍പ്പൊട്ടി
ഞാന്‍ കുതിര്നിട്ടുണ്ടാകും
നിന്റെ വരവ് അറിഞ്ഞുള്ള
പനിയുടെ പിന്മാറ്റം

Tuesday, January 22, 2013

ശാന്തത 

കാലില്‍  വെള്ളികൊലുസിട്ടു 
ആര്‍ത്തു ചിരിച്ചു ഉരുണ്ടു മറിഞ്ഞു 
തീരത്തിന്റെ നെഞ്ചില്‍ 
മുഖം അമര്‍ത്തി ശ്വാസം പകര്ന്നകാലം 
അപായ സൂചന അറിയിച്ചു 
മുഴങ്ങുന്ന വിസിലുകളെ 
അവഗണിച്ചു 
എന്നിലെ ചിരിയിലേക്ക്‌ 
തിമിര്‍ത്തു ഇറങ്ങുന്നവര്‍ 
അതിര്‍ നിശ്ചയിക്കുന്ന അപായ കൊടികള്‍ 
എങ്കിലും 
തീരത്തിന്റെ വിളി യില്‍ ഞാന്‍ തുള്ളി 
മറിഞ്ഞു കൊണ്ടിരുന്നു. 
.......................................................................
നിര്‍വികാരതകണ്ണില്‍ നിറച്ചു 
ആകാശം കണ്ടു നീ കിടക്കുമ്പോള്‍ 
കൊലുസഴിചു ..ചിരി കളഞ്ഞു 
അലസയായി ഞാനും 
ആരവങ്ങളില്ലാത്ത ആമൊദമില്ലാത്ത 
രാപ്പകലുകള്‍
എവിടെയാണ് നമ്മുടെ മധുവിധു 
അസ്തമിച്ചത്  
സുരക്ഷിത തീരമായി പേരെടുക്കുമ്പോള്‍ 
നീ മായ്ക്കാന്‍ ആവശ്യപെട്ടത്‌ 
നമ്മളെ തന്നെയായിരുന്നു .Sunday, January 20, 2013


കരള്‍ 

പാതി കരള്‍ അറുത്തെടുത്തു 
നീ എനിക്ക് തന്നു 
പാതി കരള്‍ അറുത്തെടുത്തു 
ഞാന്‍ നിനക്കും തന്നു 
ഇന്ന് വഴിയരികില്‍ 
പട്ടിയും കാക്കയും 
കൊത്തി വലിച്ചപ്പോഴാണ് 
അത് എന്റെ കരളെന്നറിഞ്ഞത് 
വിജനമായ പാതയില്‍ 
മിഴിനീരു പെയ്തു നില്‍ക്കുമ്പോള്‍ 
ഒരു ഉള്‍ ചിരി കേട്ട് ഉണര്ന്നുനോക്കവേ 
നിന്റെ  പാതി കരള്‍ എന്റെപാതി കരളിനോട് 
 ഉമ്മവച്ചു കിന്നാരം പറയുന്നു  
എന്നോടലിഞ്ഞു ചേര്‍ന്ന് ...

Tuesday, January 15, 2013


കെട്ടുകള്‍

ഹൃദയത്തിന്റെ അലമുറ
എന്റെ രാവും പകലും
കവര്ന്നെടുക്കുമ്പോള്‍
ഏതു കാട്ടുമുല്ലയിലാവും
നീ നിന്റെ ഹൃദയത്തെ
എന്നിലേക്ക്‌ ഒഴുകാതെ
കെട്ടിയിട്ടിരിക്കുന്നത്

Saturday, January 12, 2013


അവശേഷിപ്പ് 

ചെളി ഉരുട്ടി കൂട്ടിയ 
ഉത്തരത്തിലെ ചെറുകൂട് 
തീ വച്ച്   തകര്‍ത്ത് 
ചെറു പ്രാണിയെ 
കൊന്നു ചിരിച്ചു 
ആശ്വാസം കൊണ്ടപ്പോള്‍ 
തീയുടെ കറുത്ത പാടുകള്‍ 
ഒരവശേഷിപ്പായി 
മാറിയിരുന്നു 
ഉത്തരത്തിലും മനസ്സിലും
 


Friday, January 11, 2013


അഗ്നി പര്‍വതം 

തിളച്ചു മറിഞ്ഞു 
നുര പൊട്ടിയപ്പോള്‍ 
ആദ്യം ആവി പറന്നു 
പിന്നെ പുകയും ചൂടും 
ഒടുവിലാണ് തീ തുപ്പിയത് 
അസഹ്യമായ ചൂടും 
കട്ടപിടിക്കുന്ന ഇരുട്ടും 
മാത്രമായപ്പോള്‍ 
മനസു ഉമി ത്തീ യായി .
പ്രണയക്കൂടു  ഉടഞ്ഞു  
ഒഴുകി ഇറങ്ങുന്ന നിറം 
നിന്നില്‍ വിഹ്വലത 
കൂട്ടുന്നുവെങ്കില്‍ 
ഞാന്‍ നിസഹായ യാണ് 
അകത്തു തീഗോളം 
കിതയ്ക്കുന്നത്  ചെവിയില്‍ 
മുഴങ്ങുന്നു .


Thursday, January 10, 2013


പേജു മാറ്റം 

വാര്‍ത്തകളെ മേശമേലിട്ടു 
കീറിമുറിച്ചു വാരികെട്ടി 
പല പേജില്‍ പല നിറത്തില്‍ 
അടുക്കി ഇറക്കുമ്പോള്‍  
 ആ മേശയുടെ അരികില്‍ 
പോസ്റ്റ്‌ മോര്‍ടത്തിന്റെ 
ഊഴവും കാത്തു കിടത്തിയിട്ട് 
പിന്നെ  വലിചെരിയപെട്ടതു 
എന്റെ മരണ വാര്‍ത്ത‍ ആയിരുന്നു 
നിന്റെ ചരമ  പേജില്‍ ഇടമില്ലത്തവള്‍ 
ഏതോ മഞ്ഞപത്രത്തിന്റെ 
ഒന്നാം പേജിലേക്ക് 
കൂട്ടത്തില്‍ നിന്റെ ഒരു ചിത്രവും 
ഒരു അടിക്കുറിപ്പോടെ  ചിരിക്കുന്നു  


വാക്ക് 

തിരയെണ്ണി നിന്നപോള്‍ 
കാലില്‍ വന്നു പുണര്‍ന്ന 
നനവിന് കണ്ണീരിന്‍റെ ഉപ്പും
 മരണത്തിന്‍റെ മരവിപ്പും .
മൂന്നാമത്തെ തിരയ്ക്കു 
ഒപ്പം കൂടുമ്പോള്‍ 
മൂന്നംപക്കത്തിനു തിരികെ 
തരാമെന്ന് തിര തീരത്തിന് 
വാക്ക് കൊടുത്തു 
വാക്ക് തെറ്റിയ ജീവിതത്തില്‍ നിന്ന് 
മുങ്ങാംകുഴിയിട്ടു മറയുമ്പോള്‍ 
മനസിന്റെ മരവിപ്പ് മാറ്റിയത് 
തിരയുടെ വാക്കിലാണ് 

Wednesday, January 9, 2013


പ്രണയ സൗധം 
ഒരു ജന്മത്തിന്റെ പകുതി 
യാത്രകഴിഞ്ഞപ്പോഴാണ് 
അത്ഭുതം സംഭവിച്ചത് 
രാവും പകലും നോക്കാതെ 
വിയര്‍പ്പിനെയുപ്പാക്കി 
ഓമല്‍ സ്വപ്നങ്ങളില്‍ 
നെടുംതൂണുകളിട്ടു 
ആകാശം കാണാനായി 
മേല്‍ക്കൂര പാകിയില്ല 
കിളികളും മേഘങ്ങളും ചെറുമഴയും 
കൌതുകം പൂണ്ടു ചിരിച്ചു 
രാവും പകലും കള്ള കണ്ണിട്ടു നോക്കി 
.............................................................................
ഒരു രാവില്‍ മേഘങ്ങളുടെ 
കണ്ണീരു  വീണപ്പോഴാണ് 
ഒറ്റപെടല്‍ അറിഞ്ഞത് 
ആരവം കേട്ട് കണ്മിഴിക്കുംപോള്‍ 
പുറത്തു പ്രണയസൌധം കാണുന്നവരുടെ 
വന്‍ നിരയായിരുന്നു,
കണ്ണീരു തുടച്ചു മിഴിപൂട്ടി 
നാവു അറുത്തു സ്വയം മരിച്ചു കിടന്നു.. 

Tuesday, January 8, 2013


മനസിന്റെ മരണം

തെരുവോരത്തെ കുപ്പ പെട്ടിയില്‍ 
കിടന്നെന്റെ മനസ് പിടഞ്ഞു മരിക്കുന്നു 
അറുത്തെടുത്ത വേള യിലിറ്റിയ 
ചോരയിപ്പൊഴും ചാലായി ഒഴുകുന്നു 
ഇന്നോളം നിന്റെ നെഞ്ചിലെ 
ചെപ്പിലായി പറ്റിയുറങ്ങി 
ഉണര്‍ന്ന നിശ്വാസങ്ങള്‍ 
അവസാന ശ്വാസ ഗതിയുടെ യാത്രയില്‍
 പാതവക്കില്‍ ഊര്‍ധ്വം വലിക്കുന്നു. 

Monday, January 7, 2013


ചീരയും ഞാനും 

ഉള്ളിലെക്കാഴ്ത്തിയ വേരുകള്‍ 
പിഴുതെടുത്ത്‌ 
എന്നെ  കുടഞ്ഞെറിഞ്ഞു 
നീ തിരികെ പോകുമ്പോള്‍ 
പണ്ടെന്നോ തൊടിയില്‍ 
നിന്ന് പിഴുതെടുത്ത ചീരയിലെ 
മണ്ണ് കുടഞ്ഞെറിഞ്ഞ 
വേദന ഞാന്‍ തിരിച്ചറിഞ്ഞു 
അക്ഷയപാത്രം മുതല്‍ 
ചീരയും ഒരു കഥാപാത്രമായിരുന്നല്ലോ 

ലോകം 

ജീവിതം പ്രണയത്തിന്റെ
 നെറുകയില്‍ ആയിരുന്നു  
ചുറ്റും ആകാശത്തിന്റെ വിശാലത 
താഴെ ഭൂമിയുടെ നിറഞ്ഞ പച്ചപ്പ്‌ 
കടലിന്റെ പച്ചയും നീലയും 
കലര്‍ന്ന ചാരുത 
ഇരുട്ട് പരന്നപ്പോഴാണ് മുന്നിലെ 
കിളി വാതിലടഞ്ഞറിഞ്ഞത് 
കണ്ണിലാകെ ഇരുട്ടിന്റെ അമ്പരപ്പ് 
പ്രണയത്തിന്റെ പാലം തകര്‍ത്തു 
നീ പോയിരിക്കുന്നു 
ലോകവും ആകാശവും കടലും എല്ലാം 
നിന്നിലൂടെ മാത്രം കണ്ടവള്‍ 
നരച്ച പകലിന്റെ യും മരവിച്ച രാത്രിയുടെയും 
ചൂതാട്ടത്തില്‍ ആത്മാവിനെ  ഉരുട്ടുന്നു  

Saturday, January 5, 2013


വളര്‍ച്ച 

വേദന കുന്നിക്കുരുവോളം 
ആയിരുന്നപ്പോള്‍ ഞാന്‍ 
അലറി വിളിച്ചിരുന്നു 
വേദന കുന്നിമലയോളമായപ്പോള്‍ 
മഹാമൌനത്തിലാണ്ടു  ഞാന്‍ 

Thursday, January 3, 2013


മൂഡ സ്വര്‍ഗം 

എന്നത്തേയും  പോലെ 
ഇന്നും  പോതിച്ചോര്‍ നിനക്കായി 
അമ്മ കരുതിയിരുന്നു 
ഇടയ്ക്കെപ്പോഴൊക്കെയോ 
നിന്റെ വിശപ്പ്‌ അമ്മയെ 
നീറ്റിയിരുന്നു 
പക്ഷെ നീ എല്ലാം മറന്നിരിക്കുന്നു 
നീ അവിടെ സ്വര്‍ഗത്തിലാണ്  
ഭഗീരഥ പ്രയത്നത്തിലൂടെ 
എല്ലാം വെട്ടിയോതുക്കി 
നീ കയറിപോയ മൂഡ സ്വര്‍ഗത്തില്‍ 

Wednesday, January 2, 2013


മാനവികത  

നിഴലിനെ ഉപേക്ഷിച്ചു  
മരം നടന്നു പോയി..
സ്വന്തം നിഴലിനെക്കാളും 
മെച്ചമായത് ആഗ്രഹിച്ചു
നിഴലിനു ഓര്‍മ്മ പോലും
ശേഷിപ്പിക്കാതെ  
വേരടക്കം  പിഴുതു  
മാനവികതയുടെ  
പേരിലൊരു പലായനം 
നിഴലിനോ 
അവള്‍ക്കെന്തു മാനവികത 
ചോദ്യം പോലും ബാലിശം