Monday, July 29, 2013

ആദ്യ പ്രണയം 
വയലുകളിൽ  തട്ടിവീണ്‌ 
,കതിരുകളുടെ നിറവയറിൽ തഴുകി  ,
തൊടിയിലൂടെ മെല്ലെ കറങ്ങി 
രണ്ടു മാമ്പഴം  പൊഴിച്ച് .
.തെങ്ങോലകളിൽ ഊഞ്ഞാലാടുന്ന
 ഓലഞ്ഞാലിക്ക് ഒരു ആയമിട്ടു
 അമ്പലകുളത്തിലെ താമരയോടു കിന്നാരം പറഞ്ഞു 
കടവിലെ പെണ്ണിനിത്തിരി 
ഈറൻ നനവ്‌ പകർന്നു 
അരയാലിൻ പൊക്കത്തിലേക്കു 
ഓടികയറിയൊരു തെമ്മാടികാറ്റാകാം 
എന്നാദ്യ പ്രണയിതാവ്  





Friday, July 26, 2013



തെറ്റുകൾ ചൂണ്ടിആർത്തു ചിരിച്ചവർ
തെറ്റിൻ കുഴിയിൽ വീണു മരിച്ചത്രെ


കണ്ണടച്ചിരുന്നപ്പോൾ കനവിലെവിടെയോ
കരിന്തിരി കത്തുന്ന മണം
മൌനത്തിന്റെ അറയിലിരുന്നപ്പോൾ 
ബലിച്ചോറുരുട്ടി പ്രിയർ  
 . 
ഇവിടെ എത്തിയതിൽ പിന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്  ദിവസങ്ങൾക്കു വേഗം കൂടുതലാണെന്ന് ..മൊത്തത്തിൽ ഒരു സ്പീഡ് ..വെള്ളിയാഴ്ച ആകുന്നത്‌ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് .എന്റെ വെള്ളിയാഴ്ച  ഞാനും ഫോണും ഫേസ്ബുക്കും ഒക്കെയായി പങ്കിടൽ ആണ് പതിവ് ..എന്റെ മുഖം കണ്ടിരുന്നു ഭിത്തികൾക്ക്‌ ദേഷ്യം തോന്നണ്ട എന്ന് കരുതി വൈകുന്നേരം ആകുമ്പോൾ ഞാൻ പതിയെ പുറത്തേക്കിറങ്ങും . 6 മണിക്ക് ശേഷം... സമയത്ത്  അപ്പോഴും സൂര്യൻ നമ്മുടെ നാട്ടിലെ 3 മണിയുടെ പവറിൽ നില്ക്കും . നടന്നു പോകാവുന്ന ദൂരത്തിലുള്ള ലുലു ആണ് എന്റെ ലക്‌ഷ്യം .അതിൽ കൂടി എനിക്ക് കുറച്ചു കാറ്റ് കൊള്ളാം .ആകാശം കാണാം ഒപ്പം കുറെ മനുഷ്യരെയും കാണാം.അങ്ങനെ ഇന്നും ഞാൻ പതിവുപോലെ വൈകിട്ട് ഇറങ്ങി .നല്ല ചൂട് .എന്നാലും നടന്നു .വാഹനങ്ങൾ ഒരു പാടില്ല .എന്നാലും കുറവില്ല  .ഒരു കാർ ഒതുക്കുന്നപോലെ തോന്നി .നോക്കിയില്ല .പിന്നെയും നടന്നു.അപ്പോൾ അതിന്റെ ഗ്ലാസ്സ് താഴ്ത്തി ആരോ എന്തോ ചോദിക്കുന്നപോലെ തോന്നി .നോക്കിയപ്പോൾ ഒരു കുഞ്ഞുണ്ണി ചെക്കനും അവന്റെ അമ്മയും മാത്രം  .ഒരു അറബി കുടുബം ..ഞാൻ നോകിയതും അവൻ ചിരിച്ചു ഒപ്പം സലാം പറഞ്ഞു .ഒന്ന് പകച്ച ഞാൻ പെട്ടെന്ന് തിരിച്ചവനെ നോക്കി ചിരിച്ചു .അവൻ പെട്ടെന്ന് എന്റെ നേരെ കൈ നീട്ടി . അവന്റെ കയ്യിൽ ഒരു ജൂസുംമൂന്നാല് ഈന്തപഴം ഉള്ള ചെറിയ കവറും .എന്റെ മനസ്സിൽ പെട്ടെന്ന് വാങ്ങണോ വേണ്ടേ .എന്താ ഇതു .ഇങ്ങനെ പതിവുണ്ടോ എന്ന്നൊക്കെ ചിന്ത വന്നു    .അവന്റെ കണ്ണിൽ ആ ഒരു നിമിഷത്തിന്റെ താമസത്തിൽ സങ്കടം വരാൻ പോകുന്നത് ഞാൻ കണ്ടു .ഒപ്പം അവന്റെ അമ്മയുടെ കണ്ണിൽ  ഒരു requestum .ഞാൻ കൈനീട്ടി വാങ്ങി .അവൻ ആർത്ത്  തുള്ളി അവന്റെ അമ്മയ്ക്ക് ഒരു ഉമ്മ കൊടുത്തു .അവർ വീണ്ടും സലാം പറഞ്ഞു .ഗ്ലാസ്സിട്ടു കാറ്‌ പോയി .പെട്ടെന്നാണ് ഓര്മ്മ വന്നത് നോമ്പ് തുറന്നിട്ടില്ല കയ്യിൽ ഇതൊക്കെ ആയി ഞാൻ റോഡിലാണ് .പെട്ടെന്നു  ബാഗിൽ വച്ചു .തിരിച്ചു റൂമിൽ  എത്തിയിട്ടും ആ കുഞ്ഞുണ്ണിയുടെ സന്തോഷം മനസ്സിൽ നില്ക്കുന്നു .ഇത് പറഞ്ഞപ്പോൾ നിന്നെ കണ്ടപ്പോൾ ഭിക്ഷക്കാരി ആയി തോന്നികാണും എന്ന് പറഞ്ഞു കൂട്ടുകാരൻ ചിരിച്ചു .ശരിയാകാം .എന്നാലും അവൻ തന്ന ആ സാധനത്തെക്കാളും അവന്റെ ചിരി എന്നിൽ ഇത്തിരി സന്തോഷം തന്നു.ദുബായ് ജീവിതത്തിലെ എന്റെ രണ്ടാമത്തെ നോമ്പുകാലം ആണിത് .ഇതൊരു സാധാരണ സംഭവം ആകാം എന്നാലും എനിക്കിതിലൊരു സന്തോഷം. അത് പങ്കുവയ്ക്കുന്നു  

Thursday, July 25, 2013



എല്ലാ പ്രവാസിയുടെയും പെഴ്സിനുള്ളിൽ അവനവന്റെ നാട്ടിലെ പത്തു രൂപയെങ്കിലും കാണും . മക്കളെ ചേർത്ത് പിടിക്കുന്നപോലെ ചിലപ്പോഴെങ്കിലും ഇതെടുത്തു ഒന്ന് ചേർത്ത് പിടിക്കും
അവിടെ പണമായിട്ടോ പണത്തിന്റെ വിലയോ അല്ല .നാടിനെ കാണുന്ന സന്തോഷം ആണ് കാണാൻ സാധിക്കുന്നത്‌ ...കുറെ കാർഡുകളിൽ തൂങ്ങി നില്ക്കുന്ന ജീവിതത്തിൽ ആ നോട്ടു നല്കുന്ന തണുപ്പ് വളരെ വലുതാണ്
റിഹേർസൽ

രാവുകളിൽ നിദ്ര
എന്നെ മരണത്തിന്റെ നാടകം
അഭിനയിച്ചു പഠിപ്പിക്കുന്നു
ഇരുട്ടിന്റെ കാവലോടെ
ഒരിലയനക്കതിന്റെ
സൂക്ഷ്മതയോടെ
മസ്തിഷ്ക മരണം

കണ്ണുകളുണ്ട് എടുത്തു കൊള്ളുക
ഞാൻ കണ്ട സങ്കടങ്ങളുടെ
ബാക്കി കാണാമെങ്കിൽ

കാതുകളുണ്ട് എടുത്ത് കൊള്ളുക
ഞാൻ കേട്ട ശാപങ്ങളുടെ
ബാക്കി കേൾക്കാമെങ്കിൽ

ഹൃദയമുണ്ട് എടുത്തുകൊള്ളൂക
ഞാൻ കെട്ടിയാടിയ വേദനകളുടെ
ബാക്കി പകർന്നാടാമെങ്കിൽ

ഞാൻ ആരെന്നല്ലേ
കണ്ടുംകേട്ടും പിടഞ്ഞും എന്നേ മരിച്ചവൾ
നിങ്ങൾ തീർത്ത വാരിക്കുഴിയിൽ
പതിച്ചു മസ്തിഷ്ക മരണം നടന്നവൾ
ഉള്ളം കയ്യിലുരുട്ടി അമ്മ തന്ന
ഉരുള തൻ രുചി
ഉള്ളം കൈ നനയാതുണ്ണും
സ്പൂണ്‍ ബേബികൾ ക്കറിയുമോ
ജൂണ്‍ 15 .എന്റെ ജീവിതത്തിലെ വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം ആണ് .എന്റെ അച്ഛൻ മരിച്ച ദിവസം..ബിന്ദൂസേ എന്ന വിളിയും റൊട്ടിയുടെ മണവും ആയിരുന്നു എനിക്ക് അച്ഛൻ . .വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളും ഉറച്ച നിലപാടുകളും ഉള്ള ഒരു സാധാരണ പാർട്ടി പ്രവർത്തകൻ . വീടുമുഴുവൻ കുലുങ്ങുന്ന ചിരി ചിരിയ്ക്കുന്ന അച്ഛൻ ...വിശാലമായ നാട്ടിൻ പുറത്തു നിന്ന് തിരുവനന്തപുരത്തെ ഞാൻ താമസിക്കുന്ന വീട്ടിലേക്കു വരുമ്പോൾ എങ്ങോട്ട് ഒന്ന് കാർക്കിച്ചു തുപ്പും ബിന്ദൂസേ എന്ന് ചോദിച്ചു നഗരത്തിന്റെ ഇടുങ്ങലിനെ കളിയാക്കുന്ന അച്ഛൻ ..രാഷ്ട്രീയ എതിര്പ്പുകളെ ചിരിച്ചു കൊണ്ടു മറുപടി കൊടുത്തു മുനയൊടിക്കുന്ന അച്ഛൻ ...അങ്ങനെ എന്തെല്ലാം .ഇന്ന് മുഴുവൻ ഓർമ്മകളിൽ നിറഞ്ഞിരിക്കുന്നത്‌ കൊണ്ടാകാം അച്ഛന്റെ മണം ചുറ്റും ....
സൌരോർജത്തെ അങ്ങാടിയിൽ
വ്യഭിചരിക്കുന്നതു കണ്ടു
നിലാവിനെ തിങ്കൾ
മഴമേഘത്തിൽ ഒളിപ്പിച്ചു
പതറിയ ചിന്തകളുടെ
റാന്തൽ തിരി താഴ്ത്തി
ഉറക്കം ശാസിക്കുന്നു
അമ്മ തൻ അണയ്ക്കൽ പോൽ
കലർപ്പില്ലാതെ ചിരിക്കും കൌമാര സ്വപ്നങ്ങളിലേക്കു
കാട്ടാള നീതി ചുമത്തും സംഹിതകളെ
കാർക്കിച്ചു തുപ്പാനൊരു ഊർജം നേടുവിൻ
മതവും രാഷ്ട്രീയവും ചുടല തീർക്കുന്നൊരീ കാലത്ത്
വേരുകളിലേക്ക് ഒഴുകുന്ന മലിനജലവുമായി
ചുടു വെയിലിനോടു പൊരുതി നില്ക്കുന്ന
മരുഭൂമിയിലെ ഒറ്റ മരങ്ങൾ പറയുന്നതു
ഒളിച്ചോടാനാവാത്ത ജീവിത സമസ്യകളിലെ
വിജയങ്ങളുടെ ഇലയനക്കങ്ങൾ
ആരോ ചിന്തിയ വിയര്പ്പ് തുള്ളിതൻ ഉപ്പിനെ
മൃഷ്ടാന്നം നുണഞ്ഞു ഏമ്പക്കം വിട്ടു
കയ്യടി വാങ്ങുന്നവരുടെ ലോകം
ഊറ്റം കൊള്ളുന്നവരുടെ ലോകം
പകൽ ജീവിതവും
രാവ് മരണവുമാകുമ്പോൾ
പകൽ യാത്രകൾ
രാവിൻറെ ഗുഹയിലേക്ക്
കാൽ കുഴഞ്ഞു വീഴുമ്പോൾ
പ്രപഞ്ചം എനിക്ക് മുന്നിലെ
ചൂട്ടു വിളക്കായി
പാഠ ശാലയായി .
ഓർമ്മകൾ
ഏകാന്തതയുടെ തൊട്ടിലിൽ
കരഞ്ഞുറങ്ങുന്നു
അമ്മയില്ലാത്ത കുഞ്ഞിനെപോലെ
കാത്തിരിപ്പ്

നഗരത്തിന്റെ തിരക്ക്
വെളിച്ചത്തിന്റെ മഞ്ഞ
തലച്ചോറ് പിളർക്കുന്ന ശബ്ദപ്രളയങ്ങൾ
പൊരുത്ത പെടാനാവാത്ത
ഋതു ഭേദങ്ങൾ
നനവിനായി തൊണ്ട വരളുമ്പോൾ
കടൽ ചിരിക്കുന്നപോലെ
തൊടാനാശിക്കുന്തോറും
അകലത്തേക്ക് നീങ്ങുന്ന തീരങ്ങൾ
ശരീര അറയിലെ ഇരുട്ടിൽ
ഞാനെന്നെ ഒളിപ്പിച്ചു
ഇനിയുമെത്ര നാൾ കാത്തിരിക്കണം
എന്റെ മൌനങ്ങൾക്കു
ചിറകു വയ്ക്കുവാൻ
മഴ പകർച്ച

ഓർമ്മകളെ പോലും പൊള്ളിച്ചുറയുന്ന
ഉഷ്ണ തലങ്ങളിൽ
ചുറ്റിപ്പിടിക്കുന്ന കാറ്റിൽ പോലും
കനൽ ചൂടു പുകയുമ്പോൾ
കണ്ണിലും കനവിലും
ചൂടുറവ വിങ്ങി നിൽക്കുമ്പോൾ
പാദം പുകച്ചു മണ്ണു പിടയ്ക്കുമ്പോൾ
ഇന്നലെയുടെ പിന്നാമ്പുറങ്ങളിൽ
തകൃതിയായി പെയ്യുന്നു മഴ
കുഞ്ഞുണ്ണി കാൽകളിൽ
ചേറ്റു വെള്ളം തെറിപ്പിച്ചു
കളിവെള്ളമൊഴുക്കിച്ചു
കളിവീട് അലിയിച്ചു
അമ്മ തന്നുത്തരീയത്തിൻ
മണവും നനവുമായി
ചിണുങ്ങി ചിതറി
മഴ തോരാതെ പെയ്യുന്നു
പച്ചക്കിളി

തെങ്ങിൻ ചുവട്ടിൽ ഉറുമ്പരിച്ചു
മരിച്ച പച്ചക്കിളിക്ക്
പ്രണയ പച്ചയുടെ നിറമുണ്ടായിരുന്നു
അനാഥയുടെ നിലവിളിയും
മണ്ണിട്ടു മൂടി തിരിഞ്ഞു പോരുമ്പോൾ
അവൾക്കെന്റെ ഛായയും.
കരയിൽ നിന്നു കടലിലെക്കോ
കടലിൽ നിന്നു കരയിലേക്കോ
എങ്ങോട്ടെന്നറിയാതെ
ജീവിത തുഴ ഞാൻ
ഊന്നി കൊണ്ടിരിക്കുന്നു
പകലെത്ര മായകാഴ്ചകൾ 
പകർന്നാലും 
രാവിൽ ഭൂമിക്കിരുട്ടു നല്കി 
സൂര്യൻ കടൽ ചൂര് തേടുന്നു
അടിച്ചമർത്തുന്നവരോടു ......

മലർന്നൊഴുകുന്ന മീനുകളും
വിഷമൊഴുകുന്ന പുഴകളും
പേടിപ്പിച്ചിരുന്ന രാത്രിസ്വപ്നം
കൈയ്യകലത്തു തിറയാട്ടമാടുമ്പോൾ
കഥകളിൽ നിന്നിറങ്ങി കാളിന്ദി
കാതികുടത്തൊഴുകുമ്പോൾ
കാളിയൻമാരെ നിങ്ങളോർക്കുക
ആര്ജവങ്ങളുടെ ആരവങ്ങളിലേക്ക്
ജീവന്റെ നിലനില്പിലേക്ക്
അധികാരത്തിൻറെ ഗർജ്ജനങ്ങളും
പണത്തിന്റെ ദംഷ്ട്രകളും കൊണ്ടെത്ര
നാൾ ചോര ചാലിക്കാനാകും
എത്ര നാൾ വിഷം നിറയ്ക്കാനാകും
ഇന്നു നിന്നെ അസ്വസ്ഥനാക്കുന്ന 
എന്റെ അസ്വസ്ഥതകൾ തേടി 
നീ കുന്നിറങ്ങി വരും 
അന്ന് നിനക്ക് പാത തെളിക്കുന്ന 
ചെമ്പക മണമെന്റെ 
അസ്ഥിത്തറയിൽ നിന്നാകാം
നീട്ടിയ വിരൽത്തുമ്പിനപ്പുറവും
നിന്നിലേക്കുള്ള ദൂരം
ബാക്കി യായപ്പോഴാണ്
അക്ഷരങ്ങൾ കൂട്ടിവച്ചു
ഞാനീ കടത്തു തോണി മെനഞ്ഞത്
സ്വപ്നങ്ങളുടെ ചിറകരിയപെട്ട
ഉള്ളിലെ കിളിയുടെ കുറുകലും ചിറകടിയും
നെടുവീർപ്പുകളായി മൌനത്തെയുലയ്ക്കുന്നു
വേദനയിൽ പൊട്ടിത്തെറിച്ചു
അടര്ന്നു പോയവൾ
ആകാശ കോണിലുദിച്ചു
പിന്നെപ്പോഴോ മറഞ്ഞു
മണ്ണിലലിയുമ്പൊഴും '
കരിയിലയുടെ മനസ്
കാറ്റുപുതപ്പിച്ച
പ്രണയ കുളിരിലായിരുന്നു
പാളവും ജീവിതവും
പൂരകമായപ്പോൾ
ജീവിതത്തിൽ നിന്ന്
പാളത്തിലേക്കവൾ നടന്നു