Wednesday, January 9, 2013


പ്രണയ സൗധം 
ഒരു ജന്മത്തിന്റെ പകുതി 
യാത്രകഴിഞ്ഞപ്പോഴാണ് 
അത്ഭുതം സംഭവിച്ചത് 
രാവും പകലും നോക്കാതെ 
വിയര്‍പ്പിനെയുപ്പാക്കി 
ഓമല്‍ സ്വപ്നങ്ങളില്‍ 
നെടുംതൂണുകളിട്ടു 
ആകാശം കാണാനായി 
മേല്‍ക്കൂര പാകിയില്ല 
കിളികളും മേഘങ്ങളും ചെറുമഴയും 
കൌതുകം പൂണ്ടു ചിരിച്ചു 
രാവും പകലും കള്ള കണ്ണിട്ടു നോക്കി 
.............................................................................
ഒരു രാവില്‍ മേഘങ്ങളുടെ 
കണ്ണീരു  വീണപ്പോഴാണ് 
ഒറ്റപെടല്‍ അറിഞ്ഞത് 
ആരവം കേട്ട് കണ്മിഴിക്കുംപോള്‍ 
പുറത്തു പ്രണയസൌധം കാണുന്നവരുടെ 
വന്‍ നിരയായിരുന്നു,
കണ്ണീരു തുടച്ചു മിഴിപൂട്ടി 
നാവു അറുത്തു സ്വയം മരിച്ചു കിടന്നു.. 

Tuesday, January 8, 2013


മനസിന്റെ മരണം

തെരുവോരത്തെ കുപ്പ പെട്ടിയില്‍ 
കിടന്നെന്റെ മനസ് പിടഞ്ഞു മരിക്കുന്നു 
അറുത്തെടുത്ത വേള യിലിറ്റിയ 
ചോരയിപ്പൊഴും ചാലായി ഒഴുകുന്നു 
ഇന്നോളം നിന്റെ നെഞ്ചിലെ 
ചെപ്പിലായി പറ്റിയുറങ്ങി 
ഉണര്‍ന്ന നിശ്വാസങ്ങള്‍ 
അവസാന ശ്വാസ ഗതിയുടെ യാത്രയില്‍
 പാതവക്കില്‍ ഊര്‍ധ്വം വലിക്കുന്നു. 

Monday, January 7, 2013


ചീരയും ഞാനും 

ഉള്ളിലെക്കാഴ്ത്തിയ വേരുകള്‍ 
പിഴുതെടുത്ത്‌ 
എന്നെ  കുടഞ്ഞെറിഞ്ഞു 
നീ തിരികെ പോകുമ്പോള്‍ 
പണ്ടെന്നോ തൊടിയില്‍ 
നിന്ന് പിഴുതെടുത്ത ചീരയിലെ 
മണ്ണ് കുടഞ്ഞെറിഞ്ഞ 
വേദന ഞാന്‍ തിരിച്ചറിഞ്ഞു 
അക്ഷയപാത്രം മുതല്‍ 
ചീരയും ഒരു കഥാപാത്രമായിരുന്നല്ലോ 

ലോകം 

ജീവിതം പ്രണയത്തിന്റെ
 നെറുകയില്‍ ആയിരുന്നു  
ചുറ്റും ആകാശത്തിന്റെ വിശാലത 
താഴെ ഭൂമിയുടെ നിറഞ്ഞ പച്ചപ്പ്‌ 
കടലിന്റെ പച്ചയും നീലയും 
കലര്‍ന്ന ചാരുത 
ഇരുട്ട് പരന്നപ്പോഴാണ് മുന്നിലെ 
കിളി വാതിലടഞ്ഞറിഞ്ഞത് 
കണ്ണിലാകെ ഇരുട്ടിന്റെ അമ്പരപ്പ് 
പ്രണയത്തിന്റെ പാലം തകര്‍ത്തു 
നീ പോയിരിക്കുന്നു 
ലോകവും ആകാശവും കടലും എല്ലാം 
നിന്നിലൂടെ മാത്രം കണ്ടവള്‍ 
നരച്ച പകലിന്റെ യും മരവിച്ച രാത്രിയുടെയും 
ചൂതാട്ടത്തില്‍ ആത്മാവിനെ  ഉരുട്ടുന്നു  

Saturday, January 5, 2013


വളര്‍ച്ച 

വേദന കുന്നിക്കുരുവോളം 
ആയിരുന്നപ്പോള്‍ ഞാന്‍ 
അലറി വിളിച്ചിരുന്നു 
വേദന കുന്നിമലയോളമായപ്പോള്‍ 
മഹാമൌനത്തിലാണ്ടു  ഞാന്‍ 

Thursday, January 3, 2013


മൂഡ സ്വര്‍ഗം 

എന്നത്തേയും  പോലെ 
ഇന്നും  പോതിച്ചോര്‍ നിനക്കായി 
അമ്മ കരുതിയിരുന്നു 
ഇടയ്ക്കെപ്പോഴൊക്കെയോ 
നിന്റെ വിശപ്പ്‌ അമ്മയെ 
നീറ്റിയിരുന്നു 
പക്ഷെ നീ എല്ലാം മറന്നിരിക്കുന്നു 
നീ അവിടെ സ്വര്‍ഗത്തിലാണ്  
ഭഗീരഥ പ്രയത്നത്തിലൂടെ 
എല്ലാം വെട്ടിയോതുക്കി 
നീ കയറിപോയ മൂഡ സ്വര്‍ഗത്തില്‍ 

Wednesday, January 2, 2013


മാനവികത  

നിഴലിനെ ഉപേക്ഷിച്ചു  
മരം നടന്നു പോയി..
സ്വന്തം നിഴലിനെക്കാളും 
മെച്ചമായത് ആഗ്രഹിച്ചു
നിഴലിനു ഓര്‍മ്മ പോലും
ശേഷിപ്പിക്കാതെ  
വേരടക്കം  പിഴുതു  
മാനവികതയുടെ  
പേരിലൊരു പലായനം 
നിഴലിനോ 
അവള്‍ക്കെന്തു മാനവികത 
ചോദ്യം പോലും ബാലിശം