Tuesday, January 22, 2013

ശാന്തത 

കാലില്‍  വെള്ളികൊലുസിട്ടു 
ആര്‍ത്തു ചിരിച്ചു ഉരുണ്ടു മറിഞ്ഞു 
തീരത്തിന്റെ നെഞ്ചില്‍ 
മുഖം അമര്‍ത്തി ശ്വാസം പകര്ന്നകാലം 
അപായ സൂചന അറിയിച്ചു 
മുഴങ്ങുന്ന വിസിലുകളെ 
അവഗണിച്ചു 
എന്നിലെ ചിരിയിലേക്ക്‌ 
തിമിര്‍ത്തു ഇറങ്ങുന്നവര്‍ 
അതിര്‍ നിശ്ചയിക്കുന്ന അപായ കൊടികള്‍ 
എങ്കിലും 
തീരത്തിന്റെ വിളി യില്‍ ഞാന്‍ തുള്ളി 
മറിഞ്ഞു കൊണ്ടിരുന്നു. 
.......................................................................
നിര്‍വികാരതകണ്ണില്‍ നിറച്ചു 
ആകാശം കണ്ടു നീ കിടക്കുമ്പോള്‍ 
കൊലുസഴിചു ..ചിരി കളഞ്ഞു 
അലസയായി ഞാനും 
ആരവങ്ങളില്ലാത്ത ആമൊദമില്ലാത്ത 
രാപ്പകലുകള്‍
എവിടെയാണ് നമ്മുടെ മധുവിധു 
അസ്തമിച്ചത്  
സുരക്ഷിത തീരമായി പേരെടുക്കുമ്പോള്‍ 
നീ മായ്ക്കാന്‍ ആവശ്യപെട്ടത്‌ 
നമ്മളെ തന്നെയായിരുന്നു .



Sunday, January 20, 2013


കരള്‍ 

പാതി കരള്‍ അറുത്തെടുത്തു 
നീ എനിക്ക് തന്നു 
പാതി കരള്‍ അറുത്തെടുത്തു 
ഞാന്‍ നിനക്കും തന്നു 
ഇന്ന് വഴിയരികില്‍ 
പട്ടിയും കാക്കയും 
കൊത്തി വലിച്ചപ്പോഴാണ് 
അത് എന്റെ കരളെന്നറിഞ്ഞത് 
വിജനമായ പാതയില്‍ 
മിഴിനീരു പെയ്തു നില്‍ക്കുമ്പോള്‍ 
ഒരു ഉള്‍ ചിരി കേട്ട് ഉണര്ന്നുനോക്കവേ 
നിന്റെ  പാതി കരള്‍ എന്റെപാതി കരളിനോട് 
 ഉമ്മവച്ചു കിന്നാരം പറയുന്നു  
എന്നോടലിഞ്ഞു ചേര്‍ന്ന് ...

Tuesday, January 15, 2013


കെട്ടുകള്‍

ഹൃദയത്തിന്റെ അലമുറ
എന്റെ രാവും പകലും
കവര്ന്നെടുക്കുമ്പോള്‍
ഏതു കാട്ടുമുല്ലയിലാവും
നീ നിന്റെ ഹൃദയത്തെ
എന്നിലേക്ക്‌ ഒഴുകാതെ
കെട്ടിയിട്ടിരിക്കുന്നത്

Saturday, January 12, 2013


അവശേഷിപ്പ് 

ചെളി ഉരുട്ടി കൂട്ടിയ 
ഉത്തരത്തിലെ ചെറുകൂട് 
തീ വച്ച്   തകര്‍ത്ത് 
ചെറു പ്രാണിയെ 
കൊന്നു ചിരിച്ചു 
ആശ്വാസം കൊണ്ടപ്പോള്‍ 
തീയുടെ കറുത്ത പാടുകള്‍ 
ഒരവശേഷിപ്പായി 
മാറിയിരുന്നു 
ഉത്തരത്തിലും മനസ്സിലും
 


Friday, January 11, 2013


അഗ്നി പര്‍വതം 

തിളച്ചു മറിഞ്ഞു 
നുര പൊട്ടിയപ്പോള്‍ 
ആദ്യം ആവി പറന്നു 
പിന്നെ പുകയും ചൂടും 
ഒടുവിലാണ് തീ തുപ്പിയത് 
അസഹ്യമായ ചൂടും 
കട്ടപിടിക്കുന്ന ഇരുട്ടും 
മാത്രമായപ്പോള്‍ 
മനസു ഉമി ത്തീ യായി .
പ്രണയക്കൂടു  ഉടഞ്ഞു  
ഒഴുകി ഇറങ്ങുന്ന നിറം 
നിന്നില്‍ വിഹ്വലത 
കൂട്ടുന്നുവെങ്കില്‍ 
ഞാന്‍ നിസഹായ യാണ് 
അകത്തു തീഗോളം 
കിതയ്ക്കുന്നത്  ചെവിയില്‍ 
മുഴങ്ങുന്നു .


Thursday, January 10, 2013


പേജു മാറ്റം 

വാര്‍ത്തകളെ മേശമേലിട്ടു 
കീറിമുറിച്ചു വാരികെട്ടി 
പല പേജില്‍ പല നിറത്തില്‍ 
അടുക്കി ഇറക്കുമ്പോള്‍  
 ആ മേശയുടെ അരികില്‍ 
പോസ്റ്റ്‌ മോര്‍ടത്തിന്റെ 
ഊഴവും കാത്തു കിടത്തിയിട്ട് 
പിന്നെ  വലിചെരിയപെട്ടതു 
എന്റെ മരണ വാര്‍ത്ത‍ ആയിരുന്നു 
നിന്റെ ചരമ  പേജില്‍ ഇടമില്ലത്തവള്‍ 
ഏതോ മഞ്ഞപത്രത്തിന്റെ 
ഒന്നാം പേജിലേക്ക് 
കൂട്ടത്തില്‍ നിന്റെ ഒരു ചിത്രവും 
ഒരു അടിക്കുറിപ്പോടെ  ചിരിക്കുന്നു  


വാക്ക് 

തിരയെണ്ണി നിന്നപോള്‍ 
കാലില്‍ വന്നു പുണര്‍ന്ന 
നനവിന് കണ്ണീരിന്‍റെ ഉപ്പും
 മരണത്തിന്‍റെ മരവിപ്പും .
മൂന്നാമത്തെ തിരയ്ക്കു 
ഒപ്പം കൂടുമ്പോള്‍ 
മൂന്നംപക്കത്തിനു തിരികെ 
തരാമെന്ന് തിര തീരത്തിന് 
വാക്ക് കൊടുത്തു 
വാക്ക് തെറ്റിയ ജീവിതത്തില്‍ നിന്ന് 
മുങ്ങാംകുഴിയിട്ടു മറയുമ്പോള്‍ 
മനസിന്റെ മരവിപ്പ് മാറ്റിയത് 
തിരയുടെ വാക്കിലാണ്