Wednesday, August 31, 2011

ശൂന്യത

ചുറ്റും ഓണവട്ടങ്ങള്‍
തുള്ളിയാര്‍ക്കുന്നു
പക്ഷെ ഞാന്‍ വിതുമ്പുകയാണ്.
ശൂന്യത സൃഷ്‌ടിച്ച ഓണം
പുലരും മുന്‍പേ പോയി ....
കാത്ത്തിരിപ്പിക്കുന്ന അച്ഛന്‍
വഴങ്ങാത്ത കാല്‍വെപ്പുകളോടെ
തിരുവോണ സദ്യ ........
എങ്കിലും എനിക്കുള്ള പപ്പട തുണ്ട്....
പിന്നെയും പൊടിഞ്ഞു കിട്ടി ..........
ഇലയുടെ മുന്നില്‍ ഒരു തുള്ളി കണ്ണ് നീര്‍
അച്ഛന്‍ കൂട്ടികുഴചിരുന്നു..............
ആര്‍ക്കോ........ എന്തിനോ വേണ്ടി
ചോദ്യങ്ങള്‍ക്ക് ....
മുത്തശ്ശിയുടെ ചില്ലിട്ട ഫോട്ടോ യിലേക്ക്
നീളുന്ന മയങ്ങിയ കണ്ണുകള്‍
ഉത്തരങ്ങള്‍ തന്നു
ചുറ്റിലുമുള്ള ഓണത്തിന്റെ തിടുക്കങ്ങള്‍
എന്റെ നെഞ്ചില്‍ നെരിപ്പോട് കത്തിക്കുന്നു
കിട്ടാതെ പോകുന്ന പപ്പട തുണ്ട് ............
ഒരു തീഗോളതെ എന്റെ കണ്ണിലൂടെ ...........
എന്റെ മകളോടുള്ള ഉത്തരമായി തെക്കേ ഭിത്തിയില്‍
അച്ഛന്റെ ചില്ലിട്ട ഫോട്ടോ ...............

പൂക്കളം

അത്തപൂവിടാന്‍ പൂക്കള്‍ തേടിപോയപോഴാണ്
കാക്കോത്തി പൂവും തൊട്ടാവാടിയും
വേദനിപ്പിച്ചത്
പിന്നെ അയലത്തെ തൊടിയിലെ റോസാപൂവും
എന്നില്‍ നിന്ന് വേദനയുടെ സീല്‍ക്കാരം കേട്ടു
മാനത്തോളം നില്ക്കുന്ന മുരിക്കിലും
നിറയെ മുള്ള് .....
പിന്നീട് മുള്ളില്ലാത്ത പൂക്കള്‍ തേടി യാത്ര
അതവസാനം എത്തി നിന്നത്
പൂക്കടകള്‍ക്ക് മുന്നിലും
എനിക്കും പൂക്കളതിനും വിരസത മാത്രം ...
മുള്ളുകൊണ്ട കൈത്തണ്ടയിലെ പഴയ പാടില്‍
വിരലോടിച്ചിരിക്കുമ്പോള്‍.......
എന്നോ കേട്ട ..... പൂവിളി ............
ഒരു തണുപ്പായി..............................

Saturday, August 27, 2011

കരിയുന്ന തോട്ടം

മുക്കുറ്റി, തുമ്പ, തെച്ചി. ചെമ്പകം, കല്യാണ സൌഗന്ധികം
കമ്മല്‍ പൂവ്.......പിന്നെ
കണിക്കൊന്നയും ആകാശമുല്ലയും നട്ടു
നീ പൂവാടികള്‍ തീര്‍ക്കുമ്പോള്‍ ..........
എന്റെ ചെടികള്‍ക്ക് വേരുകള്‍ നഷ്ടമാകുന്നു
ഒരു വിത്തുപോലും മുളയ്ക്കാത്ത എന്റെ ഒഴിഞ്ഞ
മുറ്റം സ്വപ്നം കണ്ടത് ............
ഏകാന്തത വേദനയും പിന്നെപ്പോഴോ പകയും
ആയി തീരുമ്പോള്‍
ഞാന്‍ നടക്കാന്‍ ശ്രമിക്കുന്നത് ..നിന്റെ തോട്ടത്തിലേക്ക് ...
എന്നിട്ടോ......
ഇപ്പോള്‍ ഞാന്‍ അറിയുന്ന മണം പച്ച
കരിയുന്നതിന്റെയും.......................

Friday, August 26, 2011

വിഷാദം

ചിന്തകള്‍ ഉഷ്ണം കൂട്ടി...
ഉഷ്ണം വിഷാദവും
വിഷാദങ്ങള്‍ വെളുത്ത ഗുളികകള്‍ തേടി ഇഴഞ്ഞു
ഇഴച്ചില്‍ ഏതോ മൂലയില്‍ ചുരുണ്ടു...
വേര്‍തിരിക്കാനാവാതെ രാവും പകലും
മയങ്ങി കിടന്നു
ഏതോ നട്ടുച്ചയില്‍ എറുമ്പുകളുടെ
ജാഥ അവസാനിച്ചത്‌ ആ മൌനത്തിലേക്ക്‌
അവരും പരസ്പരം മൌനമായി നോക്കി
പിന്നെ പതിയെ കണ്ണിലും ...മൂക്കിലുമായി
അരിച്ചു നടന്നു........

Saturday, August 20, 2011

പിഴച്ചുപോയ മക്കള്‍

"എന്താണു താത വിഷാദ മൂകനായി
ചൊല്ലുക തന്‍ ശാരിക അല്ലെ ഞാന്‍ "
പവിഴച്ചുണ്ടുമായി ശാരിക കൊഞ്ചവേ
ഭാഷാ പിതാവിന്‍ മാനസം തളിര്‍ക്കുന്നു

കേള്‍ക്കുക ശാരികേ നിന്‍ മണി ചുണ്ടിനാല്‍
ഞാനെത്ര വാക്യങ്ങള്‍ മെനഞ്ഞെടുത്തു
ആയതു വായിച്ചും പഠിച്ചും മലയാണ്മ
ഭാഷാ പിതാവെന്നു എന്നെ വിളിച്ചു
എങ്കിലും ഖിന്നയാണിന്നു ഞാന്‍ എന്‍
മക്കളില്‍ പലരും പിഴച്ചു പോയി

താത അരുതരുതു ...ചൊല്ലരുതീവക
സങ്കട വാര്‍ത്തകള്‍ ഒന്നും മേലില്‍
അക്ഷര ബീജങ്ങള്‍ കൂടി ഇണക്കി നീ
എത്രയോ മക്കള്‍ക്ക്‌ ജന്മം ഏകി
ആയവരില്‍ ആരാണ് ....................
വെറും ആരാന്റെ ജല്പനം മാത്രമത് ........
അല്ല മകളെ ശാരികേ .....എന്‍ മക്കളില്‍
പലരും വഴി വിട്ടു വിട്ടു പോയി.
ആരാണ് ചൊല്ലുക തീരട്ടെ ......
ചൊല്ലിയാല്‍ തീരാത്ത ഭാരമുണ്ടോ.....
എത്രയോ പേരവര്‍......
എന്നാലും വാണിഭം ....എന്റെ മകള്‍ .....
വാണിഭം വല്ലാണ്ട് പിഴച്ചു പോയി ശാരികേ.....
പൊന്നിലും പൊടിയിലും കച്ചവടം ചെയ്തു
അന്നം കഴിക്കാനായി എന്തെല്ലാം എന്തെല്ലാം വാണിഭങ്ങള്‍...
കാടും നാടും മലയും നടന്നവര്‍ എന്തെല്ലാം ചെയ്തു
വയറോതുക്കാന്‍.............
പക്ഷെ.............. ഇന്നത്തെ കാലത്തോ.............
എന്‍ വാണിഭം പെണ്ണിന്റെ മാനത്തെ ചെര്‍തായി എന്‍ ശാരികേ

പിഞ്ചുകിടാങ്ങളെ കൊണ്ട് നടന്നവര്‍ ......
മുല ഞെട്ട് വിടരാത്ത കുഞ്ഞിനു പോലും
വാണിഭ ചന്ത സുലഭം പോലും ....
പെണ്‍ വാണിഭ കഥകള്‍ നിറയുന്നു ...
പത്രത്തിന്‍ താളില്‍ ....അമൃത് പോലെ
ഈ വക കണ്ടു ഞാന്‍ തകര്‍ന്നടിഞ്ഞു
പിതാവിന്‍ വേദന ആരറിയാന്‍
വാണിഭം വല്ലാണ്ട് പിഴചു പോയി ശാരികേ
വയ്യ ഇനിയും ഈ കുരുതി കാണാന്‍ ...
കണ്ണു തുടച്ചു മുഖം നിവരുമ്പോള്‍
കേട്ടത് ദൂരെ ......
പോകുന്നു താത വയ്യിനി കേള്‍ക്കുവാന്‍ ......
പാടി പുക്ഴത്തിയ ശാരിക പൈതല്‍ ഞാന്‍
വയ്യിനി പിഴച്ച കഥകള്‍ പാടാന്‍..............

Tuesday, August 9, 2011

ശിഖണ്ടികളുടെ കാലം

മഹാഭാരത യുദ്ധം
ഒരു ശിഖണ്ടിയെ മാത്രമേ വരചിട്ടുള്ള്
എന്നാല്‍ ഈ കലികാലതിലോ
ദിക്കുകളും കടന്നു ശിഖണ്ടികള്‍ പായുന്നു....
എന്‍റെ പ്രണയത്തെ നീ ഉന്മൂലനം ചെയ്യുന്നത്
എന്‍റെ ശ്വാസത്തെ നീ ആട്ടിപ്പായിക്കുന്നത്
എന്‍റെ ചിതയിലെ തീ പകര്‍ത്തുന്നത്
അകലെക്കുള്ള നിന്റെ യാത്രാ തുടിപ്പുകള്‍
എല്ലാം ഞാനറിയുന്നു
കാറ്റു കൊണ്ട് പോകുന്ന മേഘകീറിനെ പോലെ
ഞാന്‍ .... ഈ പെരുവഴിയില്‍
നീ തന്നു പോയ ഒരു പിടി നല്ല ഓര്‍മകളുമായി
തിരക്കുകള്‍ നിനക്ക് പുതിയ ലോകം സൃഷ്ടിക്കുമ്പോള്‍
നിനക്ക് വേണ്ടി ഞാന്‍ പടുത്തുയര്‍ത്തിയ ഈ ലോകം
സ്വര്‍ഗം പോലെ ശൂന്യമാകുന്നു .................
Thursday, August 4, 2011

പേര് പോയവള്‍

വെറ്റില ഒരു ചെവിയില്‍ ചേര്‍ത്തടച്ചു
മറു ചെവിയില്‍ ചൊല്ലിയ പേര്
ഒരു ആയുസിന്റെ അറ്റം വരെ
സഹയാത്ര ചെയ്യേണ്ടവള്‍
മാംസവും തൊലിയും പോലെ
എന്നില്‍ ഇഴുകി ചെര്‍ന്നവള്‍
എവിടെ വച്ചാണ് നീ അകന്നു പോകുന്നത്

എന്‍റെ മാംസം കശാപ്പു ശാലകളില്‍
അറുത്തു മാറ്റിയപ്പോള്‍
ഇരുണ്ട മുറികളില്‍ നിങ്ങളിലെ രതി
എനിക്ക് വേദനയും
വാര്‍ത്തകളില്‍ പീഡനവും
ആയി തകര്‍ത്താടിയപ്പോള്‍
നഷ്ടപെട്ടവയുടെ കൂട്ടത്തില്‍
പേരും ഉള്‍പെട്ടു

ഞാന്‍ തിരയുന്നത് ഒരു പേരിനാണ്
കവിയൂര്‍, കിളില്രൂര്‍,പറവൂര്‍, വിതുര........................
നൂറു കണക്കിന് പേരുകള്‍ക്കുള്ളില് നിന്നും
എനിക്കായൊരു പേരുണ്ടാകുന്നു
താലോലിച്ച, ലാളിച്ച ചേര്‍ത്ത് അണച്ച,
പ്രണയിച്ച , ആശ്വസിപ്പിച്ച, കാമിച്ച .....
എന്‍റെ അരുമ പേരില്‍ നിന്നും ..........
പുച്ചിക്കുന്ന ഈ പേരിലെക്കുള്ള എന്‍റെ പ്രയാണം................