Saturday, March 30, 2013


പ്രണയ രുചി 

പ്രണയത്തിന്റെ ലോകമെതെന്ന 
ചോദ്യത്തിന് കാടും 
കടലും ആകാശവും 
ചൂണ്ടി ഉത്തരംനല്കി  

പ്രണയത്തിന്റെ വികാര
മേതെന്ന ചോദ്യത്തിന് 
ചൂടെന്നും തണുപ്പെന്നും 
ചിരിയെന്നും കരച്ചിലെന്നും 
മറുപടി നല്കി കണ്ണടച്ചു 
അവയെ ആവാഹിച്ചപോലെ 
തൊടുന്നപോലെ 

കാതിൽ വീണ  ചോദ്യത്തി 
ലാണുണർന്നതു 
പ്രണയത്തിന്റെ രുചിയോ 
പാതികടിച്ച കപ്പലണ്ടി 
മിട്ടായിയുടെ രുചിയെന്നു 
ചൊല്ലുമ്പോൾ 
നിന്നുമി നീരിൽ നിന്നാ മധുരമെൻ 
നാവിൽ പുഴപോലൊഴുകി 
 

Tuesday, March 26, 2013പക്ഷി 

ഉള്ളിലെ പക്ഷി 
ചിറകടിച്ചു കരയുന്നു 
ആകാശ പൊയ്കതൻ 
നീലിമ തേടുവാൻ 

വിലക്കുകൾ ചിറകരിഞ്ഞു 
ചിരിക്കുന്നു 
സ്വപ്നങ്ങൾ ഇനിയുമേറെ 
അകലത്താണ് പോലും 

Friday, March 22, 2013


എന്റെ ഗ്രാമം  ഒപ്പം ഞാനും 

ഓടുന്ന ജീവിത പായാര വണ്ടിയിൽ 
ഓർമ്മകൾ മാത്രമെൻ സ്വന്തം 
നഗര പെരുമയുടെ 
നനവില്ലാമണ്ണിലായി 
ഓർമ്മകൾ മാത്രമെൻ സ്വന്തം 

പച്ച പിടിച്ചോരാ  ഊടുവഴികളിൽ 
ഇന്നും ഞാൻ ഓടിനടക്കും 
കാട്ടു പച്ചയും വേലി പരുത്തിയും 
വകഞ്ഞു ഞാനിന്നുമതിരുകൾ താണ്ടും 

വാൽ പൊക്കി ചിലയ്ക്കുമണ്ണാറ 
കണ്ണനോടു ഒരു മാമ്പഴം ഞാനിരക്കും 
ഓലത്തുമ്പിൽ ചാഞ്ചാടും ഓലഞ്ഞാലി 
കിളിയോടും ചാഞ്ചക്കം മെല്ലെ പഠിക്കും 
പുളിമരകൊമ്പിലെ കാണാ കൂവലി
നൊത്തു  ഞാനപസ്വരം കൂവും 
വള്ളികൾ കാവുകൾ ഒക്കെ കടന്നു 
 തേവരുമായി  ചങ്ങാത്തം കൂടും 

കറ്റയറുത്ത  പാടത്തൂടോടി ഞാൻ 
പട്ടത്തെ കാറ്റിൽ പറത്തും 
പിന്നലെയോടുന്ന ആട്ടിൻ കുഞ്ഞിനെ 
മാറോടു ചേർത്തു ചിരിക്കും 
കുതറി പ്പിടഞ്ഞവൾ നെഞ്ചിൽ 
ചവിട്ടുമ്പോൾ അലറിവിളിച്ചു ഞാനോടും 

പാടത്തിൻ നടുവിലെ ആമ്പൽ പൂകണ്ടു
 ഞാൻ  കൈനീട്ടി ചെല്ലുന്നനേരം 
ഇലയോടുചെർന്നൊരുപാമ്പിൻ തല കണ്ടു 
പ്രാണനും കൊണ്ട് പറക്കും 
വയലറ്റ്പൂക്കൾ വിരിക്കുമാ പാടത്തെ 
ആഫ്രിക്കൻ പായൽ പടർപ്പിൽ 
കുളക്കോഴി കുടുംബത്തെ കാണുവാനായി 
ഞാൻ ഒളികണ്ണു  നീട്ടി  പതുങ്ങും

മീനും തവളയും ആമയും ചേർന്നൊരു 
കൂത്തരങ്ങാടും കുളത്തിൽ 
ചൂണ്ടയും കോർത്തു  ഞാൻ പമ്മിയിരിക്കും 
കൊത്താത്ത മീനിനു വേണ്ടി 

ചെങ്കൽ പാത തൻ തുമ്പിലെ കോവിൽ 
നടയിലേക്കു ക്ക് മന്ദാര മാല കൊരുക്കും 
കൃഷ്ണനു നല്കി മെല്ലെ ചിരികുമ്പോൾ 
പകരമൊരു  ചിരി തേടും 

ആൽമരം ചുറ്റി നടന്നുതൊഴുത്‌ 
നേർച്ച വെടി കേട്ടു ഞെട്ടി പകയ്ക്കും 
ആൽ തറ തന്നിലിരുന്നെൻ ചന്ദനം 
ആലിലത്തുമ്പിൽ മടക്കും 

ഗ്രാമീണ വായന ശാലയിലായി ഞാൻ 
അക്ഷര സ്വർഗങ്ങൾ തേടും 
രമണനും ചന്ദ്രികേം ചേർത്ത് പിടിച്ചു 
ഞാൻ കാതങ്ങളോളം നടക്കും 

ഷാപ്പിലെ ചിരിയൊച്ചകൾ ക്കിടയിൽ 
ഞാൻ അച്ഛന്റെ  മുഴു ചിരി പരതും 
ആടുന്ന കൈകളിൽ മുറുകിയിരിക്കുന്ന 
പൊതിയഴിചെടുത്തു ചവയ്ക്കും 

ഓല കൊട്ടക തന്നിലെ യുഗ്മ 
ഗാനങ്ങളിൽ ഞാനെന്നെ മറന്നു ചിരിക്കും 

എവിടെയോ സൈക്കിളിൻ ബെല്ലടി കേട്ടു 
  ഇർക്കിലി ഐസു  കാരനെ തേടി ഇറങ്ങും 

പിന്നെ യറിയും ഞാനിതെല്ലാം നടന്നതെൻ 
ഓര്മ്മ തൻ പൂമുഖത്തെന്നു 
ഗദ്ഗദം മെല്ലെപടരുമെൻ ചിന്തയിൽ 
ഓർമ്മവിട്ടിറങ്ങുന്നതോർത്തു 

എന്നാലുമാഹ്ലാദമാണെനിക്കെന്നുമെൻ 
ഗ്രാമത്തെ കുറിച്ചോർക്കാൻ 
എത്രയെത്ര പറയാ കഥകളുണ്ടിനി 
എൻ ഗ്രാമത്തിൻ സ്വന്തമായി സത്യം 


 


 


 


Wednesday, March 20, 2013


അക്ഷരം വിഴുങ്ങികൾ 

ചിരിക്കാനും കരയാനും 
ചിഹ്നങ്ങൾ പിറന്നപ്പോൾ 
"ഹ "യും "ഹി "യും 
യാത്ര നിർത്തി 
ചിഹ്നങ്ങളുടെ കൊഞ്ഞനം 
കുത്തൽ സഹിക്കാഞ്ഞു
 .
അക്ഷരങ്ങളെ വിഴുങ്ങിയ 
ചിഹ്നങ്ങളെ എനിക്ക് ഭയമാണ് 
എന്നാണാവോ നിന്റെ മുഖത്ത് 
ഇവ പാര്പ്പിടം കെട്ടുക  

Tuesday, March 19, 2013


യാത്ര 

കണ്‍ പോളകളിൽ കനംവച്ചു 
ഉറക്കം പച്ച തെളിക്കുന്നു 
മനസിന്റെ വെള്ളിത്തിരയിൽ 
സ്വപ്നത്തിൻ ചൂളം നിറച്ച് 
യാത്ര തുടങ്ങുവാൻ .


ജീവിതവും പ്രണയവും
തുലാസിന്റെ തട്ടികൾ
കയയ്ടക്കിയപ്പോൾ
ഞാൻ അനാഥത്തിന്റെ
ഒറ്റയടിപ്പാതയിലായിരുന്നു

സ്വപ്നം
പൂർണമായ സ്വപ്നത്തിൽ നിന്നും
അപൂർണമായ ജീവിതത്തിലേക്ക്
വേച്ചു പകച്ചു നില്ക്കുമ്പോഴും
സ്വപ്നത്തിലെ തുരുത്തിൽ
മനസു തീകായുകയായിരുന്നു
ശരീരത്തിന്റെ അങ്കലാപ്പുകൾക്ക്
മറുപടികൊടുക്കാതെ .

കത്തി 
പ്രണയത്തിന്റെ കത്തി കണ്ണിലൂടെ 
ഇറക്കി നീ മനസ് മുറിച്ചെടുത്തു 
ചോരചിന്താതെ 
അടര്ന്നു വീണ പൂക്കളിൽ പൊതിഞ്ഞു 

വൈരാഗ്യത്തിന്റെ കത്തി 
ഹൃദയത്തിൽ ഇറക്കി നീ 
മനസ് തിരികെവച്ചു 
ചോരയൊഴുകി 
വേദനയിൽ പിടഞ്ഞു ഞാൻ മരിച്ചു 

Monday, March 18, 2013


എന്റെ കവിത 

ബാല്യത്തിൻ മോഹങ്ങളാണെൻ കവിത 
ബാല്യനഷ്ടങ്ങളാണെൻ  കവിത 

കൌമാര സ്വപ്നങ്ങളാണെൻ കവിത
കൌമാര വിഹ്വലതയാണെൻ  കവിത  

 യൊവ്വന ദാഹങ്ങളാണെൻ  കവിത 
യൌവ്വന സീമകളാണെൻ  കവിത 

ജീവിത ദൈർഘ്യമാണെൻ കവിത 
ജീവിത പാഠങ്ങളാണെൻ കവിത 

പ്രണയ കുതൂഹലമാണെൻ കവിത 
പ്രണയ സ്പന്ദനങ്ങളാണെൻ കവിത  

വിഷാദ സാന്ദ്രങ്ങളാണെൻ കവിത 
വിരഹ വ്യഥയിലാണ്ടുഴലുന്നെൻ കവിത   

ഏകാന്തത യിലെ തോഴിയെൻ കവിത 
ആൾക്കൂട്ടത്തിലെ  താങ്ങെൻ  കവിത 

ചിന്തയിലൊരു മണികിലുക്കമെൻ കവിത 
ചിന്തയ്ക്ക് മേലൊരു പകർന്നാട്ടമെൻ  കവിത 

എന്നുള്ളിലെവിടെയോ കുടിയിരിക്കുന്നൊരു 
എൻറെ പ്രതിരൂപമാണെൻ കവിത 
Saturday, March 16, 2013


ഓർമ്മയിലെ കളിവള്ളം 

പുതുമഴയ്ക്കൊപ്പം 
തുള്ളിയാർത്ത മീനുകൾ 
ചാടി പിടഞ്ഞു 
വീഴുന്നുണ്ടാവാം  
പാടത്തിൻ നടുവിലെ 
ചെങ്കൽ പാതയിലിപ്പോഴും 

നഗരത്തിൻ വേഗമെൻ 
 ചിന്തയിൽ ക്ഷീണമേറ്റുന്നുണ്ടെങ്കിലും
ഓർമ്മകളിപ്പോഴും 
പാടവരമ്പിൽ
 കളിവള്ളമിറക്കുന്നു  

ഓർമ്മകളിന്നും
 നീന്തി മുന്നേറുകയാണ്‌ 
കൽ പടവുകളില്ലാത്ത
ബാല്യത്തിൻ ആമ്പൽകുളത്തിൽ 

Friday, March 1, 2013


ഇടനാഴികള്‍ 

ഇടനാഴികള്‍ക്കെപ്പോഴും  
വെളിച്ചം  കടംകഥയായിരുന്നു 
എന്നാല്‍ 
പ്രണയത്തിന്‍റെ മുല്ലപ്പൂമണം 
സുപരിചിതവും 

ആധുനികതയുടെ കച്ചവട തന്ത്രങ്ങള്‍ 
പ്രണയത്തില്‍ ചൂഷണ വിഷം
കലര്‍ത്തി  മറഞ്ഞു   നിന്നപോഴാണ് 
ഇടനാഴിയില്‍ നിയോണ്‍ 
ബള്‍ബുകള്‍ വെളുക്കെ ചിരിച്ചത് 
നിക്ഷേപിച്ചു പോകുന്ന 
രഹസ്യങ്ങളെ പരസ്യ പെടുത്താന്‍