Friday, December 19, 2014

രാജ്യങ്ങളെ വേർ തിരിച്ച
മുൾ വേലികൾ
ഇന്നെനിക്കുചുറ്റുമാണ്
സ്വാതന്ത്ര്യത്തിനും
സ്വപന്ങ്ങൾക്കും
മുൾവേലി തീർത്തു
ശത്രുരാജ്യമാക്കുന്നവർ
കാൽപനികത ഏകാന്തതയെയും
തിരഞ്ഞു കൊണ്ടെത്രയോ
നാളായി എന്നെ വലിച്ചിഴയ്ക്കുന്നു
വേണമൊരിത്തിരി നിമിഷ
തണലെന്നു പറഞ്ഞവളെന്നെ
വല്ലാതെ ഇറുകെ പുണരുന്നു
കാറ്റടർത്തിയെറിഞ്ഞൊരു
വിത്തിൻ മുളപൊട്ടലിലേക്ക്
വിരൽ തുമ്പു നീട്ടി തൊടാനാകാതെ
ചില്ലകളാൽ തല തല്ലി കരയുന്നു
ഒട്ടേറെ പാഴ്മരങ്ങൾ ...
മീനവെയിലിൻ കൊടും ചൂടും
എരിപൊരിയേറ്റും അകചൂടും
ചേർന്നൊരു ചിതയായി തീരുന്നൊരീ
രാപ്പകലുകളിൽ
മഴക്കുടമൊന്നു കയ്യിൽ
കരുതി വരുമാ കാറ്റിനെ
കാത്തു നില്പാണ്
ഞാനും മണ്ണുമൊരുപോൽ
മനസിലെ ന്യൂന മർദങ്ങളിൽ
നിന്നൊരു വിടുതലുമായി
ഒരു ചെറു കാറ്റണയുന്നു
വേദനയുടെ കറുപ്പകറ്റി
ഇനിയൊന്നു ചിരിക്കണം
അണഞ്ഞു പോയൊരാ
പ്രതീക്ഷയാം റാന്തലിൻ തിരിനീട്ടി
വെളിച്ചത്തിലൊന്നുറങ്ങണം
ഇരുട്ടിൻ കമ്പളത്തിലമർന്നു
വിങ്ങിയ ഇന്നലകളോടു
യാത്ര ചോദിക്കണം
ആഴക്കടലിൻ ആഴങ്ങളിലുറയും
നുരയും പതയും നിറഞ്ഞ
സങ്കടങ്ങളെ തെറുത്തു കൂട്ടി
തീരത്തിൻ മണലിൽ കുഴിച്ചിട്ടു
തിടുക്കത്തിൽ മടങ്ങി പോകും
തിരതൻ ആത്മബന്ധം കാണവേ
മനസിൻ ആഴിയിൽ പിടയും ചിന്തകളിലും
ഇത്തിരി നനവ്‌ ഞാനറിയുന്നു
മറവി വരൾച്ചയാണെ
ന്നറിയുമ്പോഴേക്കും
ഞാനെന്ന പഴയ പൂമരം
ഉണങ്ങി കൊഴിഞ്ഞിരുന്നു
ഓർമ്മകൾ വരയിട്ട
ഇലകളുടെ വക്കുകൾ
ചുരുണ്ടു കൂടിയിരുന്നു
ശേഷിച്ചത് മണ്ണിന്റെ
നെഞ്ചിലെ ചൂടുമാത്രം
കാത്തിരിക്കുന്നവർ
സൂര്യപാളിയെ മറച്ചു
മാനത്തൊരു കരിമേഘം
തലങ്ങും വിലങ്ങും ഉലാത്തുമ്പോൾ
ഇങ്ങു ദൂരെ മണ്ണിന്റെ മനസിലെ
ചെറു നനവൊരു വിത്തിനെ
മാറോടു ചേർത്തുപൊതിയുന്നു
വരൾച്ചയുടെ കടുത്ത പടംനീക്കി
പച്ചപ്പിന്റെ മുള പൊട്ടും
സ്വപ്നത്തിലേക്ക്
മഴ കാത്തിരിക്കുന്നവർ
മഴനനവിന്റെ പുതു നാമ്പിനായി
ആകാശം നോക്കിയിരിക്കുന്നവർ
മുന്നറിയിപ്പ്
പാറി പറന്നു പോരണ്ട കരിവണ്ടേ
ഇത്തിരി തേൻപോലുമില്ലെന്റെ പൂക്കളൊന്നിലും
നിനക്ക് മദിച്ചു നുകരുവാൻ
കൊഞ്ചി ആടിയുലഞ്ഞു നീയണയണ്ട
കുളിർകാറ്റേ ,ഊയലാടുവാൻ
ഇല്ലൊരു ചില്ലയുമെൻ തൊടിയിൽ
ചാഞ്ഞിരുന്നാരെയും കുറുകി വിളിക്കണ്ട
കാക്കേ വിരുന്നു കാരാരും
മുൾപടർപ്പടർത്തി ഈ വഴി കടക്കില്ല
ഓണവെയിലും കാറ്റും മാത്സര്യമോടെ
പണ്ടോടി തിമിർത്തൊരു തൊടിയിൽ
ഓർമ്മയും കൊണ്ടൊരുവളിരുപ്പതും
കണ്ടോടിയടുക്കും മുന്നേയിതെല്ലാമറിയുക
ജീവിത തന്ത്രങ്ങൾ
വെന്തഴുകിയ മാംസത്തിലുപ്പും കൂട്ടി
വിപ്ലവത്തിൻ പുകയൂതി രസിക്കുന്നോർ
കണ്ണുനീരിൻ കവിൾ പുഴകളിൽ
വിരൽ മുക്കി സംഹിതകളെഴുതി രസിപ്പവർ
മനസ്സിൻ ചില്ലുടച്ചു ചോര തെറിപ്പിച്ചു
ചിത്രകൂടങ്ങൾ ചമച്ചു ചിരിക്കുവോർ
ജനൽ പാളികൾ കൊട്ടിയടച്ചിട്ടു
കാലചക്രങ്ങൾ ഇല്ലെന്നു പറയുവോർ
ഇന്നലെകൾ പൂട്ടി അറയിൽ തള്ളി
വിശ്വാസ യാത്രകൾ നീളെ ചെയ്യുവോർ
എത്ര വൈചിത്ര്യ ലോകമിതയ്യയ്യോ
കണ്ടു തന്നെ തീർക്കണം തന്ത്രങ്ങൾ