Friday, December 19, 2014

രാജ്യങ്ങളെ വേർ തിരിച്ച
മുൾ വേലികൾ
ഇന്നെനിക്കുചുറ്റുമാണ്
സ്വാതന്ത്ര്യത്തിനും
സ്വപന്ങ്ങൾക്കും
മുൾവേലി തീർത്തു
ശത്രുരാജ്യമാക്കുന്നവർ
കാൽപനികത ഏകാന്തതയെയും
തിരഞ്ഞു കൊണ്ടെത്രയോ
നാളായി എന്നെ വലിച്ചിഴയ്ക്കുന്നു
വേണമൊരിത്തിരി നിമിഷ
തണലെന്നു പറഞ്ഞവളെന്നെ
വല്ലാതെ ഇറുകെ പുണരുന്നു
കാറ്റടർത്തിയെറിഞ്ഞൊരു
വിത്തിൻ മുളപൊട്ടലിലേക്ക്
വിരൽ തുമ്പു നീട്ടി തൊടാനാകാതെ
ചില്ലകളാൽ തല തല്ലി കരയുന്നു
ഒട്ടേറെ പാഴ്മരങ്ങൾ ...
മീനവെയിലിൻ കൊടും ചൂടും
എരിപൊരിയേറ്റും അകചൂടും
ചേർന്നൊരു ചിതയായി തീരുന്നൊരീ
രാപ്പകലുകളിൽ
മഴക്കുടമൊന്നു കയ്യിൽ
കരുതി വരുമാ കാറ്റിനെ
കാത്തു നില്പാണ്
ഞാനും മണ്ണുമൊരുപോൽ
മനസിലെ ന്യൂന മർദങ്ങളിൽ
നിന്നൊരു വിടുതലുമായി
ഒരു ചെറു കാറ്റണയുന്നു
വേദനയുടെ കറുപ്പകറ്റി
ഇനിയൊന്നു ചിരിക്കണം
അണഞ്ഞു പോയൊരാ
പ്രതീക്ഷയാം റാന്തലിൻ തിരിനീട്ടി
വെളിച്ചത്തിലൊന്നുറങ്ങണം
ഇരുട്ടിൻ കമ്പളത്തിലമർന്നു
വിങ്ങിയ ഇന്നലകളോടു
യാത്ര ചോദിക്കണം
ആഴക്കടലിൻ ആഴങ്ങളിലുറയും
നുരയും പതയും നിറഞ്ഞ
സങ്കടങ്ങളെ തെറുത്തു കൂട്ടി
തീരത്തിൻ മണലിൽ കുഴിച്ചിട്ടു
തിടുക്കത്തിൽ മടങ്ങി പോകും
തിരതൻ ആത്മബന്ധം കാണവേ
മനസിൻ ആഴിയിൽ പിടയും ചിന്തകളിലും
ഇത്തിരി നനവ്‌ ഞാനറിയുന്നു
മറവി വരൾച്ചയാണെ
ന്നറിയുമ്പോഴേക്കും
ഞാനെന്ന പഴയ പൂമരം
ഉണങ്ങി കൊഴിഞ്ഞിരുന്നു
ഓർമ്മകൾ വരയിട്ട
ഇലകളുടെ വക്കുകൾ
ചുരുണ്ടു കൂടിയിരുന്നു
ശേഷിച്ചത് മണ്ണിന്റെ
നെഞ്ചിലെ ചൂടുമാത്രം
കാത്തിരിക്കുന്നവർ
സൂര്യപാളിയെ മറച്ചു
മാനത്തൊരു കരിമേഘം
തലങ്ങും വിലങ്ങും ഉലാത്തുമ്പോൾ
ഇങ്ങു ദൂരെ മണ്ണിന്റെ മനസിലെ
ചെറു നനവൊരു വിത്തിനെ
മാറോടു ചേർത്തുപൊതിയുന്നു
വരൾച്ചയുടെ കടുത്ത പടംനീക്കി
പച്ചപ്പിന്റെ മുള പൊട്ടും
സ്വപ്നത്തിലേക്ക്
മഴ കാത്തിരിക്കുന്നവർ
മഴനനവിന്റെ പുതു നാമ്പിനായി
ആകാശം നോക്കിയിരിക്കുന്നവർ
മുന്നറിയിപ്പ്
പാറി പറന്നു പോരണ്ട കരിവണ്ടേ
ഇത്തിരി തേൻപോലുമില്ലെന്റെ പൂക്കളൊന്നിലും
നിനക്ക് മദിച്ചു നുകരുവാൻ
കൊഞ്ചി ആടിയുലഞ്ഞു നീയണയണ്ട
കുളിർകാറ്റേ ,ഊയലാടുവാൻ
ഇല്ലൊരു ചില്ലയുമെൻ തൊടിയിൽ
ചാഞ്ഞിരുന്നാരെയും കുറുകി വിളിക്കണ്ട
കാക്കേ വിരുന്നു കാരാരും
മുൾപടർപ്പടർത്തി ഈ വഴി കടക്കില്ല
ഓണവെയിലും കാറ്റും മാത്സര്യമോടെ
പണ്ടോടി തിമിർത്തൊരു തൊടിയിൽ
ഓർമ്മയും കൊണ്ടൊരുവളിരുപ്പതും
കണ്ടോടിയടുക്കും മുന്നേയിതെല്ലാമറിയുക
ജീവിത തന്ത്രങ്ങൾ
വെന്തഴുകിയ മാംസത്തിലുപ്പും കൂട്ടി
വിപ്ലവത്തിൻ പുകയൂതി രസിക്കുന്നോർ
കണ്ണുനീരിൻ കവിൾ പുഴകളിൽ
വിരൽ മുക്കി സംഹിതകളെഴുതി രസിപ്പവർ
മനസ്സിൻ ചില്ലുടച്ചു ചോര തെറിപ്പിച്ചു
ചിത്രകൂടങ്ങൾ ചമച്ചു ചിരിക്കുവോർ
ജനൽ പാളികൾ കൊട്ടിയടച്ചിട്ടു
കാലചക്രങ്ങൾ ഇല്ലെന്നു പറയുവോർ
ഇന്നലെകൾ പൂട്ടി അറയിൽ തള്ളി
വിശ്വാസ യാത്രകൾ നീളെ ചെയ്യുവോർ
എത്ര വൈചിത്ര്യ ലോകമിതയ്യയ്യോ
കണ്ടു തന്നെ തീർക്കണം തന്ത്രങ്ങൾ

Thursday, January 23, 2014



ഉടക്കിയ പ്രാണൻ

പറന്നിറങ്ങുമ്പോൾ
ചിറകാണുടക്കിയത്‌,
അപ്പോഴേ ആത്മാവ്
ചിറകു വച്ച് പറന്നു. 
നിലവിളിയുമായി
ചിറകടികൾ ആർത്തിരമ്പി.
ചെകിടുകൾ പൊത്തി
അസ്വസ്ഥതകൾ നിന്നു .
പകലിന്റെ പട്ടടവരെ
പരിദേവനങ്ങളുടെ കുത്തൊഴുക്ക് .
പിന്നെയും ചിറകിൽ
കുരുങ്ങിയാടി നില്പ്.
എപ്പോഴോ കടന്നു
പോകുന്നവരുടെ ഒരു വിളി ,
മൂന്നാം നാൾ മുള വടിയാൽ
അടർത്തി എറിയുമ്പോൾ അതും തീർന്നു .
ചിറകിൽ ത്തൂക്കി ചതുപ്പിലേക്ക്
കൂടെ ഒരു പ്രാക്കും.....

Sunday, January 19, 2014

ദുബായിലെ എന്റെ കാഴ്ച 


ദുബായിൽ വന്നിട്ട് രണ്ടു വർഷം . ഇത്രയും കാലം ആയിട്ടും ഇതുവരെ എങ്ങോട്ടുംകാഴ്ച കാണാൻ പോയിട്ടില്ല . ഓഫീസിൽ പോകും തിരികെ വരും .സമയം നോക്കാതെ ആണ് ജോലി .അത് കൊണ്ട് തന്നെ തിരിച്ചു വന്നു നാട്ടിലേക്കുള്ള ഫോണ്‍ വിളിയും ആയി കഴിയാനെ തോന്നാറ്‌ള്ളു . ഓഫീസിൽ ഒരു പാട് പേരുണ്ട് സുഹൃത്തുക്കൾ എല്ലാവരും കുടുംബവുമായി ഇവിടെ കഴിയുന്നവർ . ആകെ കിട്ടുന്ന ഒരുദിവസം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് പോകണ്ട എന്ന് കരുതിയും കാഴചകൾ പലതും വേണ്ടെന്നു വച്ചു .എന്നാൽ ഒരാഴ്ച ആയി മനസ്സും ശരീരവും അസ്വസ്ഥമായിരുന്നു .അപ്പോഴാണ് U A E സൌഹൃദ പന്തൽ എന്ന കൂട്ടായ്മയിൽ ഇന്നലെ എത്താൻ വിളിച്ചത് . രാവിലെ മുതലേ ഉള്ള പ്രോഗ്രാമം ആയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പോയി. ഒരു പാകിസ്താനി ടാക്സികാരന്റെ മലയാള സ്നേഹം കേട്ട് , മലയാളികള് സ്നേഹം ഉള്ളവരാണെന്ന വര്ത്തമാനം കേട്ടു കൊണ്ട കൂട്ടായ്മയിലേക്ക് .എനിക്ക് പരിചയമുള്ള വളരെ കുറച്ചു പേർ . പക്ഷെ ഉണ്ടായിരുന്നവർ എല്ലാവരുടെയും സ്നേഹം വളരെ സന്തോഷം നല്കി . ഒരു മണിക്കൂറ അവിടെ ഇരുന്നിട്ട് ആ സ്ഥലത്തിന് തൊട്ടടുത്ത താമസിക്കുന്ന സുഹൃത്തുക്കളെ വിളിച്ചു . പുറത്തെവിടെയെങ്കിലും പോകാം എന്നൊരു തീരുമാനം സ്ഥലം പലതും വന്നു മാളു കളുടെ പേരുകൾ .ആദ്യമേ വേണ്ടെന്നുവച്ചു .ആധുനികതയുടെ കച്ചവടശാലകളുടെ ഒരു മേല്ക്കൂര അതിനപ്പുറം ഒന്നും തന്നെ ആ മാളുകളിൽ കണ്ടെത്താൻ പറ്റിയിട്ടില്ല .അങ്ങനെ സതീഷ്‌ ഒരു സ്ഥലം പറഞ്ഞു ഇവിടുത്തെ ക്ഷേത്രത്തിൽ പോയിട്ടില്ലല്ലോ അത് വഴി പോകാം .പിന്നെയും അവിടെ കുറച്ചുണ്ട് അതൊക്കെ കാണാം . ഞങ്ങളെല്ലാരും കൂടി അങ്ങോട്ട്‌ പോയി.പാർക്കിംഗ് ഒരു മഹാ മേരു ആയെങ്കിലും കുറച്ചു നേരത്തിനു ശേഷം നടക്കാൻ തുടങ്ങി .മൊട്ടുസൂചിക്ക് കുത്തുന്നപോലെ തണുപ്പ് സാരിക്കിടയിലൂടെ .ദിവസങ്ങൾക്കു മുൻപ് .വണ്ടിയിൽ മറന്നു വച്ച ഒരു കോട്ട് ഇന്നലെ അനുഗ്രഹമായി ...ചെന്നിറങ്ങിയ സ്ഥലത്ത് തന്നെ കണ്ടത് രണ്ടു മാൻ കുട്ടികൾ ഒരു പ്രാചീന തരത്തിലെ കൂട്ടിൽ പരസപരം മുട്ടി യുരുമ്മി നില്ക്കുന്നു . തൊട്ടടുടുത്തു രണ്ടു മൂന്നു ഒട്ടകങ്ങൾ .ഒരെണ്ണം വളരെ അടുത്ത് തൊടാൻ സമതിചു നിന്ന് .ആദ്യമായി ഒട്ടകത്തെ തൊട്ട സന്തോഷം .പക്ഷെ അതിന്റെ സ്നേഹം എന്റെ കയ്യില ഇരിക്കുന്ന ഫോണ്‍ വിഴുങ്ങുക ആണെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ പിന്മാറി .തൊട്ടടുത്ത കൂടാരത്തിൽ അറബിക് കലാകാരൻമാർ നമ്മുടെ അപ്പുപ്പൻ കുടയുടെ പിടിയുള്ള ഒരു വടിയും പിടിച്ചിരുന്നു പാട്ടുപാടുന്നു രാത്രിയുടെ വെളിച്ചവും അരിച്ചു കയറുന്ന തണുപ്പും.ആ പാട്ടും ഒക്കെ ആയപ്പോൾ അവരുദെയെല്ലം ചിരി മനസിലേക്ക് ജനാലകൾ എല്ലാം തുറന്നു കയറിവന്നു .പിന്നെയും നടപ്പു . ഒരുവശത്ത് ഒരു കടത്തു അരികില ഇവിടുത്തെ ഷെഖ്മാരുടെ പണ്ടത്തെ കൊട്ടാരങ്ങൾ .ഒരുവര്ഷം മാത്രമേ ആയുള്ളൂ ദുബായിൽ എത്തിയതെങ്കിലും സതീഷ്‌ അവനു അറിയാവുന്നതെല്ലാം പറഞ്ഞു തന്നു കൊണ്ടിരുന്നു .കൊട്ടാരം തിരിച്ചു വരുമ്പോൾ കാണാം അമ്പലത്തിൽ പോകം ആദ്യം. .ഇരുവശവും നിരതിലെക്കിറക്കി വച്ചിരിക്കുന്ന കച്ചവടശാലകൾ കടന്നു ഇടുങ്ങിയ വഴിയിലൂടെ അമ്പലത്തിലേക് 
.അങ്ങനെ തിരക്കു നിറഞ്ഞ ആ നിരത്തിലൂടെ അമ്പലത്തിലേക്ക് . ഇരുവശവും കടകളാണ് .കോലപൂരി ചെരുപ്പും ഉത്തരേണ്ട്യൻ തരത്തിലുള്ള നിറം കോരി ഒഴിച്ച ദുപ്പട്ടകളും വില്ക്കുന്ന കടകൾ ക്കിടയിലൂടെ . റോഡിനു വീതി നന്നേ കുറവ് . ചിലയിടത്ത് നടന്നു പോകാൻ തന്നെ പാട് പെട്ടു . അവധി ദിനം ആയതു കൊണ്ടാകാം നല്ല തിരക്ക് തന്നെ ആയിരുന്നു സതീഷും ഒരു സുഹൃത്തും മുന്നിലും മറ്റൊരാള പിന്നിലുമായി ഞങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ എനിക്ക് അച്ഛന്റെ കൂടെ ശബരിമലയിൽ പോയതായിരുന്നു ഓർമ്മ . കൂട്ടം തെറ്റാതിരിക്കാൻ ഉള്ള കരുതൽ പോലെ .ചെന്നെത്തി നോകുമ്പോൾ രണ്ടു മണിക്കൂർ നിന്നാലും തീരാത്ത Q ആയിരുന്നു .ഞാൻ പിന്തിരിയലിന്റെ വക്കോളം എത്തിയപ്പോൾ ഇല്ല കയറിയേ തീരു എന്ന് satheesh അങ്ങനെ Q മുറിച്ചു മറ്റൊരിടത്തേക്ക് സെക്യൂരിറ്റിക്കാരനെ കണ്ടു അതിലൂടെ അകത്തേക്ക് .അവിടെയും തിരക്കുണ്ട്‌ എന്നാലും ഏകദേശം അടുത്തായിരുന്നു അതു .
ആദ്യം കണ്ടത് സായി ബാബ .ഭക്തിക്കപ്പുറം ആ കാഴ്ചകൾ പകർന്നെടുക്കുകായായിരുന്നു കണ്ണും മനസും .ആരോ പരനജ്ത് ഓർമ്മവന്നു വലിയ ഭക്തിയുടെ ആഴമോന്നും അവിടെ നിന്ന് കിട്ടില്ല കേട്ടോ .. തൊട്ടടുത്ത്‌ കൃഷ്ണനും രാധയും(തെറ്റിയോ ആവോ)അവിടെ തൊഴുതിറങ്ങുമ്പൊൾ പ്രസാദം കിട്ടി ഒരു കവറിൽ പൊതിഞ്ഞു .അവിടെ നിന്നിറങ്ങി അതിനടുത്തുള്ള ഗുരുദ്വാര യിലേക്ക് .തല മൂടി കേരണം .അവിടെ തൊപ്പി വച്ചിട്ടുണ്ട് നല്ല വെളുത്ത തൊപ്പി . വച്ചപ്പോൾ എന്ത് കൊണ്ടോ ആം ആദ്മി പാർടിയിൽ ചേര്ന്ന പോലെ തോന്നി . ഗുരുദ്വാര കണ്ടിറങ്ങി .താഴെ ഒരിടത് ഇരുന്നു ആ കവറിൽ കിട്ടിയത് കഴിച്ചു ഒരു ചപ്പാത്തിയും പയര് കറിയും ആയിരുന്നു പ്രസാദം. .വീണ്ടും തിരിച്ചുള്ള നടത്തം.തിരക്ക് കൊണ്ടാകാം തണുപ്പ് ഇത്തിരി കുറഞ്ഞപോലെ.കടകളിലേക്ക് ഒക്കെ നോക്കി .കുപ്പിവള കണ്ടപ്പോൾ ഉള്ളിലെ ബിന്ദു ചുവന്ന കുപ്പിവളയ്ക്കയി കൈ നീട്ടി .കൂടെ ഉള്ളവരെ . അവർ അയ്യേ എന്ന് പറഞ്ഞാലോ .സാധ്യതയില്ല ഒരു ഏകദേശ ധാരണ അവർക്കുണ്ട് . മുല്ലപൂവു തൊട്ടടുത്തിരുന്നു വല്ലാതെ ചിരിക്കുന്നുണ്ട് പക്ഷെ കണ്ടില്ലെന്നു നടിച്ചു .ആരോ ചോദിക്കുകയും ചെയ്തു വേണ്ട എന്ന് പറഞ്ഞപ്പോൾ സ്വയം ഒരു നുള്ള് കിട്ടി കള്ളം പറഞ്ഞതിനാവം .അപ്പോഴാണ് പടക്കം പൊട്ടുന്നത് കേട്ടത് .DSF നടക്കുന്നതിന്റെ ആണത്രേ .വേഗത്തിൽ നടന്നു കടത്തിന്റെ അടുത്തേക്ക് ചെറിയ വള്ളങ്ങൾ അങ്ങനെ വിളിക്കുന്നതിൽ അപാകതയുണ്ട് അതിനെ തീര്ത്തും വള്ളത്തിന്റെ shape ആയിരുന്നില്ല അതിനു . . എന്നെ തൂക്കി അതിൽ നിര്ത്തുക ആയിരുന്നു. കാരണം ഇറങ്ങുമ്പോഴും കയറുമ്പോഴും എന്റെ മുഖത്തുള്ള രസങ്ങൾ അത്ര കേമം ആയിരുന്നു . ഒരു ദിർഹം ആണ് അതിന്റെ നിരക്ക് . 5 മിനുട്ട് യാത്ര .അതിൽ ഇരുന്നു കൊണ്ട് വെടികെട്ടു കണ്ടു .അപ്പൊൾ തൊട്ടടുത്തിരുന്ന സതീഷ്‌ ചോദിച്ചു "ചെച്യി പൂരത്തിന് പോയിട്ടുണ്ടോ , ഉത്രാളി ക്കാവിലോ അത് കണ്ടാൽ ഇതൊന്നും അല്ലാട്ടോ ".അപ്പോൾ മനസിലായി ആ വള്ളത്തിൽ അവന്റെ ശരീരമേ ഉള്ളു എന്ന്.. .കടത്തു ഇറങ്ങി റോഡിലേക്ക് നടന്നു ."ചേച്ചിക്ക് ഒരൂട്ടം കാണിച്ചു തരാട്ടോ .""ആ ഒരൂട്ടം കാണാൻ കുറച്ചേറെ നടന്നു .ഗോൾഡ്‌ സൂക് ...ഇരുവശവും സ്വര്ണ കടകൾ .സ്വര്ണം ഉപയോഗിക്കാത്തത് ഭാഗ്യം.ആ കുപ്പി വള കണ്ടപ്പോൾ എന്തായിരുന്നു ആർത്തി .അങ്ങനെ ഒരു സ്വര്ണ കടയുടെ മുന്നില് നിന്ന് അവിടെ ഇരിക്കുന്നു ഒരു റിംഗ് . സാധാരണ റിംഗ് അല്ല റിംഗ് ഭീമൻ .ഗിന്നസിലൊക്കെ കേറിയ ആളാ .മൊത്തം 63 കിലൊയ്ക്കുമുകളിൽ ഭാരം .അതിൽ വച്ചിരിക്കുന്ന കല്ല്‌ തന്നെ ഏകദേശം 5 കിലോ യ്ക്ക് മുകളിൽ . ഒരു സ്വര്നക്കടയുടെ മുൻപിലാണ് ഗിന്നസ് സർട്ടിഫിക്കറ്റ് ഒക്കെ തുറന്നു വച്ചുള്ള ഈ ഇരിപ്പ് . പെട്ടെന്ന് ഉള്ളിലെ കമ്മുനിസ്ടുകാരി .എന്താണ് ഇത് കൊണ്ടു ജനത്തിനു നേട്ടം .ഇത് ഇങ്ങനെ തന്നെ വച്ചത് കൊണ്ട് എന്ത് ചെയ്യാൻ എന്നൊക്കെ ചോദിച്ചു അക്രമം കാട്ടി .വീണ്ടും പഴയത് പോലെ ഒരു നുള്ള് കൊടുത്തു ഒതുക്കി... വീണ്ടും അബ്ര എന്നാ ആ കടത്ത് കയറി ഇക്കരെയ്ക്ക് .സ്വര്ണം കണ്ടതിലും ഇഷ്ടപെട്ടത് ആ വള്ളത്തിലെ യാത്ര ആയിരുന്നു. ...ഇനി ഷെഖിന്റെ കൊട്ടാരം കണ്ടത്.. 
ഒരു വശത്ത് വെള്ളം..രാത്രിയിലെ ചുവന്ന വെളിച്ചം.അതെല്ലാം കൂടി ആ കെട്ടിടങ്ങൾക്ക് പഴമയുടെ പ്രൗഡി കൂട്ടി തന്നു അങ്ങനെ ആ കൊട്ടാരത്തിനുല്ലിലെക്കു കയറി .3 ദിർഹം ആണ് ഫീസ്‌ .കേറി ചെല്ലുന്നിടതു ഒരു വലിയ നടുത്തളം അതിന്റെ നാലു വശത്തു മായാണ് മുറികൾ .കെട്ടിടം നിർമ്മിച്ചിരിക്കുന്ന രീതിയും വ്യത്യസ്തമാണ് .എനിക്ക് തോന്നുന്നത് നമ്മുടെ മുല്ലപ്പെരിയാർ ഡാം ഒക്കെ പണിഞ്ഞിരിക്കുന്നപൊലെ .ഇതും ചുണ്ണാമ്പുകല്ലൊക്കെ കൂട്ടികുഴചു ആണെന്നാണ് . എല്ലാ മുറികളുടെയും സീലിംഗ് എന്ന് പറയുന്നത് പനമ്പയും കഴകളും വച്ചാണ് .എന്നാലും എങ്ങോട്ട് നോക്കിയാലും ac , ഫയർ alarm , ഒപ്പം camera ഇവ കാണാം . സ്റ്റെപുകയരി മുകലില ചെല്ലുമ്പോൾ അവിടെ വിവിധ map കൾ സൂക്ഷിച്ചിരിക്കുന്നു . ആ മുറികൾക്കും ഉണ്ട് പ്രത്യേകത .ആദ്യം ഒരു വലിയ മുറി . അതിനു അകത്തായി ഒരു നീളൻ മുറി .പിന്നെയും അകത്തു ഒരു കൊച്ചു മുറി .ആ കൊച്ചു മുറി അവരുടെ കുളിമുറി ആയിരുന്നു എന്ന് തോന്നുന്നു .കാരണം അതിൽ വെള്ളം ഒഴുകി പോകാനുള്ള സംവിധാനങ്ങൾ കാണുന്നുണ്ടായിരുന്നു .. താഴെ ആദ്യം കയറി മുറിയില കണ്ടത് നാണയങ്ങൾ ആണ് .പണ്ട് കാലത്ത് ഇവിടെ ഉപയോഗിച്ചിരുന്ന നാണയങ്ങൾ .അടുത്ത് കാണാൻ വേണ്ടി അടുത്തേക്ക് നീങ്ങി നിന്നപ്പോൾ അതിനകത്ത് നിന്ന് പരിചയ ചിരി .നോക്കുമ്പോൾ നമ്മുടെ 5 പൈസ , 10 പൈസ ഒക്കെ അതിൽ .അങ്ങനെ ആകാംക്ഷയോടെ നോക്കിയപ്പോൾ ഒരു കാര്യം മനസിലായി പണ്ട് ഇവിടെ ഉപയോഗിച്ചിരുന്നത് ഇന്ത്യൻ പൈസകലാണ് നമ്മുടെ അണ പൈസകൾ മുതൽ ഓട്ട കാലണ വരെയുണ്ട് അതിൽ..നമ്മുടെ പഴയ ഒരു രൂപ നോട്ടു ..സ്വാതന്ത്യം കിട്ടുനന്തിനു മുൻപുള്ള ബ്രിട്ടീഷ്‌ സാറന്മാരുടെ തലയുള്ള നമ്മുടെ നോട്ടുകൾ ഒക്കെ കണ്ടു .ഹോ അപ്പോൾ നമ്മളും ദുബായിയും ഒന്നാ എന്ന് പറഞ്ഞു അവിടെ നിന്ന് അടുത്ത മുറിയിലേക്ക് പോയി അവിടെ നിറയെ സ്റ്റാമ്പു കൽ ആയിരുന്നു ഒപ്പം അന്നത്തെ വീടുകളുടെ മാതൃകകൾ ഉണ്ടാക്കി വച്ചിരിക്കുന്നു അതിന്റെ ഒക്കെ പ്രത്യേകത കണ്ടതു നമ്മൾ വീടിനു ചിമ്മിനി വയ്ക്കുന്നതു പോലെ കാറ്റു എല്ലവശത്തു നിന്നും കയറാനുള്ള ഒരു സംവിധാനം ആ വീടുകള്ക്ക് ഉണ്ടായിരുന്നു എന്നുള്ളതാണ്.ചില ആയുധങ്ങളുടെ ചിത്രങ്ങളും അവിടെ ഉണ്ടായിരുന്നു. പീരങ്കി പോലെയുള്ളവയും നീളമുള്ള തോക്കുകളും.അതിൽ കണ്ടു .പഴയ രീതിയിൽ മീൻ പിടിക്കുന്നത്തിന്റെയും ഈന്ത പനയിൽ നിന്ന് പഴങ്ങൾ പൊട്ടി ച്ചെടുക്കുന്ന ചിത്രങ്ങുലും അതിലുണ്ടായിരുന്നു .തൊട്ടടുത്ത മുറിയിൽ കൈവെള്ളയിൽ ഇരിക്കുന്ന കുഞ്ഞുവള്ളങ്ങളുടെ രൂപങ്ങൾ . ഒപ്പം വീടിന്റെയും. വീടിന്റെ പ്രത്യേകത അവയ്ക്ക് നമ്മുടെ ചിമ്മിനി പോലെ ഒരു എടുപ്പുണ്ട്. അത് കാറ്റിനെ ഉള്ളിലേക്ക് എത്തിക്കും പോലും .പുറത്തു വന്നപ്പോൾ അങ്ങനെയുള്ള വീടുകൾ കാണാനും പറ്റി 
അതിന്നടുത്ത മുറിയിലേക്ക് എത്തിയപ്പോൾ അവിടെ കറന്റ്‌ ഇല്ല. അത് തന്നെയുമല്ല വെളിയില ഫോട്ടോ എടുക്കരുതെന്നു നോട്ടീസും .വേണ്ട കയറണ്ട എന്ന് എന്റെ പൊട്ടിബുധ്ധി .
അപ്പോഴാണ് കൂടെ യുള്ള ഒരുത്തൻ ആ മുറിയിലേക്ക് കാലെടുത്തു വച്ചത് ഉടനെ വെളിച്ചം വന്നു സെൻസർ ലൈറ്റ് .എന്റെ എന്റെ മുഖത്തെ വിളർച്ച കണ്ടു ഞാൻ തന്നെ ചമ്മി പോയി .അവിടെ നിറയെ ആഭരണങ്ങളുടെ ഫോട്ടോകൾ ആയിരുന്നു. ഒപ്പം ഖുർആൻ graduate ആയ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ. കുറെ മാലയും ഒരു നിറമുള്ള വസ്ത്രവും അണിഞ്ഞു. അപ്പോൾ ഞാൻ പണ്ടുള്ള മിക്കവാറും എല്ലാ വീടുകളിലും ബിരുദം വാങ്ങിയിട്ട് ഗൌണൊക്കെ ഇട്ടു എടുത്തു സൂക്ഷിക്ക്കുന്ന ഒരു പടം ഓർത്തു .അന്നതിനൊക്കെ അത്രയും മൂല്യം ഉണ്ടായിരുന്നു ..
അങ്ങനെ കണ്ടു നിൽക്കുമ്പോൾ ഒരു ഫോണ്‍ വന്നു മോളാണ് അമ്മ "നമ്മുടെ സുനന്ദപുഷ്കർ മരിച്ചു പോയി. "അയ്യോ എങ്ങനെ അങ്ങെരെവിടെ? ഇതായിരുന്നു ആദ്യ ചോദ്യം."എങ്ങനെന്നു അറിയില്ല ഹോട്ടൽ ലീലയിൽ മരിച്ചു കിടന്നു ആ അങ്കിൾ ആണ് കണ്ടത്. "ഫോണ്‍ കട്ടാക്കി മറ്റുള്ളവരോട് പറഞ്ഞു എല്ലാവരും കൂടി അവിടെ നിന്ന് സംസാരിച്ചു പിന്നെ പോകേണ്ടത് മുകിലാതെ മുറി കാണാൻ ആണ് പക്ഷെ എനിക്ക് പെട്ടെന്ന് കാലുവെദനിക്കുന്ന പോലൊക്കെ തോന്നി. അവരുടെ നിരബന്ധതിൽ അവിടെ കുറച്ചു നേരം ഇരുന്നു ശരി നമുക്ക് ഇറങ്ങാം മതിയാക്കിയാലോ .കാരണം സുനന്ദ എന്ന സുന്ദരി മനസ്സിൽ അസ്വസ്ഥതകൾ തീരത് കൊണ്ടിരുന്നു .പുറത്തേക്കിറങ്ങി .ആ നദിക്കു അഭിമുഖമായി വളരെ വലിയ hotelകൾ അരണ്ട വെളിച്ചത്തിൽ .പുക എടുക്കുന്ന പൈപ്പും വലിച്ചു ആഹാരവും കഴിച്ചു സ്വദേശികളും വിദേശികളും .അവരെയും കടന്നു പുറത്തേക്കു .അപ്പോൾ അറബി മ്യൂസിക്‌ .അതിന്റെ ഈണം വല്ലാതെ മനസിലേക്ക് നൂഴ്ന്നു കയറി . ഗന്ധരാജൻ പൂവിന്റെ മണം പോലെ .ആദ്യം വന്ന സ്ഥലത്ത് കണ്ട കലാകാരന്മാരാണ് തൂവെള്ള വേഷത്തിൽ .പാട്ടിനൊത്ത് അവർ മൃദു താളം വയ്ക്കുന്നു . അതോടൊപ്പം കുറച്ചു കൊച്ചു അറബി കുഞ്ഞുണ്ണി കളും . കയ്യിൽ സാക്സൊഫോണിനെ പോലെയോ നമ്മുടെ നാദ സ്വരത്ത്ന്റെ കുഞ്ഞിനെ പോലെയോ ഇരിക്കുന്ന സംഗീത ഉപകരണത്തെ കയ്യിലിട്ടു കറക്കിയും അമ്മനമാട്ടിയും അവരുടെ ഒരു പ്രകടനം .കണ്ണ് മാത്രം കാണാവുന്ന രീതിയിൽ പർദമൂടി കാഴ്ചക്കാരായി ഏറെപേർ .കുറച്ചു നേരം നിന്നിട്ട് വീണ്ടും നടന്നു ..ഒരു കൂടാരത്തിൽ ചായയും ആഹാരവും. ഞങ്ങളും വാങ്ങി 4 കട്ടൻ ചായ .രണ്ടുപേരുണ്ട് വില്പനക്കാർ .ചില്ലറ എടുക്കുമ്പോൾ അതിലൊരാൾ പറഞ്ഞു അത് തന്നാൽ മതി .ദേ മലയാളി അതായിരുന്നു ഞങ്ങളുടെ ഭാവം മലയാളിയെ നിറയെ കണ്ടു എന്നാലും ആ കൂടാരത്തിൽ പ്രതീക്ഷിച്ചില്ല .അത് കൊണ്ടാവാം.അവിടെ നിന്ന് ആ കൂടാരങ്ങൽക്കിടയിലൂടെ .അവിടെ എന്തൊക്കെ സാധനങ്ങളാണ് വില്പനയ്ക്ക് തൊപ്പികൾ,വലം പിരി ഇടം പിരി, മാലകൾ ,പെയിന്റിംഗ് ,കത്തി എല്ലാം അവിടെ തന്നെ ഉണ്ടാക്കി വില്ക്കയാണ് . അവർ മൂന്നുപേരും കത്തി ഉണ്ടാക്കുന്നതും ഞാൻ മാലയുണ്ടാക്കുന്നതും നോക്കി ഇത്തിരി നേരം നിന്നു . ഒരു മാലയ്ക്കു വില ചോദിച്ചു 30 ദിർഹം .വേണമെങ്കിൽ വിലപെശാം . പക്ഷെ ആ ജോലി ചെയ്യുന്ന വരുടെ ശ്രദ്ധ കണ്ടപ്പോൾ വേണ്ടെന്നു വച്ചു ,അവിടെ നിന്ന് വീണ്ടും വരുമ്പോൾ രണ്ടിടത്തായി ആഹാരം ഉണ്ടാക്കുന്നു കുറെ സ്ത്രീകൾ .ഗോതമ്പ് ദോശ പോലെയോ ,ചപപ്തി പോലെയോ അങ്ങനൊക്കെ .കയറുമ്പോഴേ സതീഷ്‌ പറഞ്ഞിരുന്നു ഉണ്ണിയപ്പം വാങ്ങി തരാമെന്നു . അങ്ങനെ അവൻ വാങ്ങു വന്നു ഒരു പത്രം നിറച്ചും ഉണ്ണിയപ്പം പോലെ ഒരു സാധനം . മുകളിലൂടെ പഞ്ചസാര പാനിയൊക്കെ ഒഴിച്ച് .നല്ല ചൂട് ഉണ്ട് .ഒരെണ്ണം കമ്പിൽ കുത്തിയെടുത്ത് വായിലേക്ക് വച്ച് തിരിയുമ്പോൾ കണ്ടത് കൊച്ചിനെ എടുത്തു നില്ക്കുന്ന ഒരു അറബിയുടെ വായിലേക്ക് ആ ഉണ്ണിയപ്പം വച്ച് കൊടുക്കുന്ന അയാളുടെ ഭാര്യയെ ആണ്. എന്ത് സ്നേഹം എന്ന് വിചാരിക്കാൻ പോകുന്നതും അയാൾ നിന്ന നിലയില ഒരു ചാട്ടം അയാൾ വാ പൊള്ളിയിട്ടു ചാടിയതാണെന്ന് ഉറപ്പു.പണ്ട് പുഴുങ്ങിയ ചെമ്പെദുതു വായിലിട്ടു ഞാൻ ചാടിയ ഒരു ചാട്ടം മറക്കാൻ ആവില്ലലോ അന്ന് ആ പൊള്ളൽ കൂടാതെ ഒരടിയും കിട്ടിയിരുന്നു .ആക്രാന്തത്തിനു .അതും കഴിച്ചു വണ്ടിയുടെ അടുത്തേക്ക്..വണ്ടിയിൽ കയറി നമുക്ക് കഴിച്ചു പിരിയാം എന്ന് പറഞ്ഞപ്പോൾ വണ്ടി കൊണ്ട് നിരത്തിയ കടയുടെ പേര് വായിച്ചു ചിരിച്ചു പോയി ഗഫൂർ ക ദോസ്ത് .ആ പേരെങ്ങനെ നാം മറക്കും അല്ലെ ആ കടത്തു വള്ളത്തിൽ ഇരുന്നു ആദ്യം നോക്കിയപ്പോൾ ബാങ്ക് ഓഫ് ബറോഡ യുടെ ബോർഡ് കണ്ടപ്പോഴും ഞങ്ങൾ പരസ്പരം ചിരിച്ചിരുന്നു സതീഷേ നമ്മൾ ഒർജിനൽ ദുബൈയിൽ തന്നെ ആണല്ലോ എന്ന്.കൂട്ടത്തില ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നു ആദ്യമായി ദുബായിൽ വരികയാണ്‌ . ആകെ ടെൻഷൻ ആയി വിമാനത്തിൽ കയറി ഇരുന്നപ്പോൾ തൊട്ടടുത്ത സീറ്റിൽ മാമുകോയ .ദൈവമേ എന്ന് വിളിച്ചു പോയി എന്ന് .അങ്ങനെ ഗഫൂര് ക ദോസ്തിൽ നിന്ന് തട്ട് ദോശയും താരവു കറിയും കഴിച്ചു അവരെന്നെ വീട്ടിൽ കൊണ്ട് വിട്ടു . അപ്പോൾ സമയം 10.40 ..

എനിക്കറിയാം ഞാൻ കണ്ട ഈ കാഴ്ചകൾ അല്ല യഥാര്ത ദുബായ് .ആാദംബരതിന്റെയും വരണ ശബളിമയുടെയും മേളകൊഴുപ്പുണ്ട് ഇവിടെ. ഏറ്റവും ഉയർന്ന മട്ടുപ്പാവുകളുടെ ഗരിമയുണ്ട് എന്നാലും ഞാൻ 5 മണിക്കൂർ കൊണ്ട് കണ്ട ഈ ഇടങ്ങള എനിക്കൊരു പാട് ഇഷ്ടപ്പെട്ടു .ഏറ്റവും നല്ല ക്യാമറ കണ്ണാണെന്ന് ഞാൻ വിശ്വസിക്കുന്നു .അത് കൊണ്ട് തന്നെ പുതിയ കാഴ്ചകൾ വന്നു ഇവയെ മറയ്ക്കുന്ന തിനു മുൻപ് ഞാൻ ഒന്ന് പകര്ത്ത്താൻ ശ്രമിച്ചു എന്ന് മാത്രം .ഇത് യാത്ര വിവരണമോ അനുഭവ കുറിപ്പോ ഒന്നുമല്ല എന്റെ കാഴ്ച മാത്രം.