Tuesday, May 28, 2013

പനിത്തിറ 
ഉപ്പില്ലാത്ത കഞ്ഞിയിലിത്തിരി 
ഉപ്പു ചേർത്ത് ഊതിക്കുടിക്കവേ 
ഓരത്തിരുന്നു പനി ചിരിക്കുന്നു 
ഇന്ന് നീയെന്റെ അടിമ യെന്നോതുന്നു 
നാവിലാകെ ചെന്ന്യായ കയ്പുകൾ 
കണ്ണിലുഷ്ണത്തിൻ പർണ ശാലകൾ 
നെഞ്ചിനുള്ളിൽ ദ്രുത താള ചുവടുകൾ 
സമയ സൂചിക തെറ്റി ഓടിക്കുന്നു 
കൂപ്പു കുത്തിയ ചേറിലെ തണ്ടുപോൽ 
വാടി വീണു സ്വയം കരയുമ്പോഴും  
ഓരത്തിരുന്നു പനി ചിരിക്കുന്നു 
എന്നേകാന്ത  വാസത്തെ പുഛത്തിലൊതുക്കുന്നു 

Wednesday, May 22, 2013


പ്രണയ മാസ്മരികതയുടെ  കയ്യൊപ്പ് പദ്മരാജൻ 

ഓണാട്ടുകരക്കാരിയാണ് ഞാൻ എന്ന് പറയുന്നതിൽ എനിക്കെന്നും അഭിമാനമാണ് . അവിടുത്തെ മണ്ണും കലയും ഒരു പോലെയാണ് . നല്ല വളക്കൂറുണ്ട് രണ്ടിനും .പാടങ്ങളും പച്ചപ്പും കുളങ്ങളും കാവുകളും ഓണാട്ടുകരയുടെ അലങ്കരങ്ങളാണ് . ആ മണ്ണിൽ ജന്മം കൊണ്ടത്‌ എത്ര എത്ര കലാകാരന്മാരാണ് . , ,മുതുകുളം രാഘവൻ പിള്ള ,പദ്മരാജൻ,ശ്രീകുമാരൻതമ്പി, എം .ജി .രാധാകൃഷ്ണൻ ,തോപ്പിൽ ഭാസി , കെ .പി .എ .സി ..ലളിത ഇവരൊക്കെ അവരിൽ ചിലര് മാത്രം  .എല്ലാ മേഖലയിലും പേരെടുത്തു പറയാൻ നൂറു കണക്കിനു കലാകാരുണ്ട് .അതിൽ അഭ്ര പാളിയിൽ കൈയൊപ്പ്‌ ചാർത്തി  .കടന്നു പോയ 
പദ്മരാജന്റെ ജന്മദിനമാണ് മെയ് 23.. .ചെറുകഥകളും നോവലും സിനിമകളും എന്നുവേണ്ട തൊട്ടതെല്ലാം പൊന്നാക്കിയ പദ്മരാജൻ . തുറന്ന പ്രണയവും സ്വാതന്ത്ര്യവും കടുത്ത നിരാശയും തുറന്നു പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെ മുന്നിലേക്ക്‌ തുറന്നു വിട്ടു .ഇന്നും .ചിന്തകൾക്ക് ചൂടുപിടിപ്പിച്ചു  ആ തൂലികയിൽ നിന്നു പിറന്ന "ലോലമാർ " വിഹരിക്കുന്നുണ്ട് .അതുപോലെ തന്നെ ആയിരുന്നു ഓരോ സിനിമകളും പ്രയാണവും പെരുവഴിയമ്പലവും എന്ന് വേണ്ട ഓരോ ചലച്ചിത്രവും അനാവരണം ചെയ്തത് സമൂഹത്തിൽ നിലനില്ക്കുന്നതും എന്നാൽ തുറന്നു പറയാൻ സദാചാര മെൽകൊയ്മകളൊ അല്ലെങ്കിൽ സമൂഹത്തിന്റെ" അരുതുകളൊ " ഒക്കെ അനുവദിക്കാത്ത വിഷയങ്ങൾ ആയിരുന്നു ..ബന്ധങ്ങളുടെ വികാര തീവ്രതകൾ നിറയ്ക്കുന്ന ഓരോ നോട്ടങ്ങളും സംഭാഷണങ്ങളും കൊണ്ടു പദ്മരാജന്റെ സിനിമകൾ   യുവ മനസ്സുകളുടെ  തട്ടകത്തിൽ വല്ലാത്ത മുരൾച്ച സൃഷ്ടിച്ചു .കടലും തിരയും തീരവും രാത്രിയും മഴയും ചിത്രശലഭങ്ങളും മുന്തിരിതോട്ടങ്ങളും എന്നുവേണ്ട പ്രകൃതിയുടെ ഓരോ രൂപവും കഥാപാത്രങ്ങൾക്കൊപ്പം നിർത്തി വലിയൊരു ക്യാൻവാസ് തുറന്നിട്ട്‌ തന്നു അദ്ദേഹം. .ക്ലാരയും ജയകൃഷ്ണനും സോളമനും സോഫിയയും ഒക്കെ ഏതു തലമുറയ്ക്കാണ് പിടിച്ചു കെട്ടനാകുക ..അല്ലെങ്കിൽ ഏതു പ്രണയത്തിലാണ് അവർ ഒരിക്കലെങ്കിലും കടന്നുവരാത്തത് ...

.ഭൌതികമായി കൂടെ ഇല്ലെങ്കിലും ഓരോ വരികളുടെയും ഓർമ്മയിൽ  ഓരോ രംഗങ്ങളുടെയും ഓർമ്മയിൽ ഞങ്ങളിന്നും അങ്ങയെ സ്നേഹിക്കുന്നു 

Monday, May 20, 2013 സന്ധ്യ പകലിനും രാത്രിക്കുമൊടുവിലൊരു  നാഴിക 
ആയുസുമായി പിറന്നവൾ സന്ധ്യ 

ക്ഷണിക ജീവിതത്തിൻ ചുവന്ന ഉദാഹരണമായി 
പ്രണയവിരഹത്തിൻ  സാക്ഷിയായി 
പരിഭവങ്ങളുടെ ഗദ്ഗദ ശബ്ദമായി 
 വിരഹത്തിൻ  പ്രിയ സഖി  സന്ധ്യ 

Wednesday, May 8, 2013


പണയ പണ്ടം

പ്രണയമെന്നും പണയ പണ്ടമായിരുന്നു

ചൂതുപലകയിലെ പകിടയിൽ
തെന്നി നിലവിളിയിൽ കുരുങ്ങിയ
ദ്രൌപദിയുടെ മുഖമുണ്ട്
പ്രണയത്തിനു

അവളെക്കാൾ മാറ്റുരച്ച സമ്മാന
തുണ്ടിലേക്ക് പകിട യായി ഉരുണ്ടു
തകിടം മറിഞ്ഞവൾ
മാനം ചേലതുമ്പിലൂടെ
കണ്ണീർ പുഴയിലൂടെ
കശക്കി യെറിയുമ്പൊഴും
അടുത്ത പകിട തിരിയുന്ന കേട്ടു
ഭയ ചകിതയായവൾ
അവളുടെ മുഖമുണ്ട് പ്രണയത്തിനു

പതിന്നാലു കൊല്ലത്തെ യാത്രയ്ക്ക്
കർമ്മ ബന്ധങ്ങളുടെ കഥയോതി
ദീർഘ സുമന്ഗം ലിയാകാൻ
അനുഗ്രഹിച്ചപ്പോഴും
പുഞ്ചിരിയോടെ ലക്ഷ്മണനെ
യാത്രയാക്കിയ ഊർമ്മിളയുടെ
മുഖമുണ്ട് പ്രണയത്തിനു

ഉറക്കത്തിൽ മറികടന്നു
ബോധിച്ചുവട്ടിലേക്ക്
നടക്കുന്നതറിഞ്ഞിട്ടും
ഇരുട്ടിലേക്ക്‌ ഗദ്ഗദമോതുക്കിയ
യശോധരയുടെ മുഖമുണ്ട്
പ്രണയത്തിനു

ഇനിയുമേറെ നിന്നാൽ
എന്റെ മുഖമാകാം പ്രണയത്തിനു
പ്രണയമെന്നും പണയ പണ്ടമായിരുന്നു

Sunday, May 5, 2013


മസ്തിഷ്ക മരണം

കണ്ണുകളുണ്ട് എടുത്തു കൊള്ളുക
ഞാൻ കണ്ട സങ്കടങ്ങളുടെ
ബാക്കി കാണാമെങ്കിൽ

കാതുകളുണ്ട് എടുത്ത് കൊള്ളുക
ഞാൻ കേട്ട ശാപങ്ങളുടെ
ബാക്കി കേൾക്കാമെങ്കിൽ

ഹൃദയമുണ്ട് എടുത്തുകൊള്ളൂക
ഞാൻ കെട്ടിയാടിയ വേദനകളുടെ
ബാക്കി പകർന്നാടാമെങ്കിൽ

ഞാൻ ആരെന്നല്ലേ
കണ്ടുംകേട്ടും പിടഞ്ഞും എന്നേ മരിച്ചവൾ
നിങ്ങൾ തീർത്ത വാരിക്കുഴിയിൽ
പതിച്ചു മസ്തിഷ്ക മരണം നടന്നവൾ
പിടയ്ക്കയാണ് ഭൂമി തന്നുള്ളം 
പറയാതെ പടിയിറങ്ങിയ 
പകലോനെയോർത്ത്