Friday, May 18, 2012


ഉറക്കം 
പോകാന്‍ നീ തീരുമാനിച്ചുവെങ്കില്‍ 
എന്നെ ഉണര്‍ത്താതെ പോകുക. 
നീ തന്ന ചൂടില്‍ ഞാന്‍ 
ഒന്നുകൂടി ഉറങ്ങട്ടെ  
ഞാന്‍ എന്റെ പേര് മാറ്റുന്നു
യശോധര 
ജനസാഗരങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ 
നിന്‍റെ വഴിയിലേക്ക് നീ 
യാത്രയാകുമ്പോള്‍ 
എന്റെ കണ്‍ നിറയുന്നത് നീ അറിയരുത് 
ഞാന്‍ ഉറങ്ങിയേക്കാം
നിന്‍റെ ബോധി വൃക്ഷം 
നിനക്ക് തണല്‍ നല്‍കുമ്പോള്‍ 
എന്റെ തണല്‍ നഷ്ടമാകുമ്പോള്‍ 
ഞാന്‍ ഇനിയും ഉണരാതെയിരിക്കണം
ലോകത്തെ ഉണര്‍ത്താന്‍ 
ഞാന്‍ ഉറങ്ങണം 
 

 

Thursday, May 17, 2012


പ്രണയം 


അങ്ങ് ആകാശ ചരുവിലെവിടയോ നീ 
ഞാന്‍ ഈ ഭൂമിയിലും
എനിക്ക് നീയും  നിനക്ക് ഞാനും 

മനസ്സിന്‍റെ   പ്രതീക്ഷ 
അടയാളങ്ങള്‍  എതുമില്ലാതെയുള്ള 
കാത്തിരിപ്പു

 ഞാന്‍ 
കിനാക്കളെ ആകാശത്തോളം
ഉയര്‍ത്തി നിന്നെ തൊട്ടു 
നീ....... 
മഴത്തുള്ളികള്‍ പൊഴിച്ച് 
എന്നെ  തണുപ്പിച്ചു ......

നമ്മുക്കിടയില്‍ വീശിയടിക്കുന്ന 
കാറ്റു പലപ്പോഴും .......... 
ആരോടും പരിഭവമില്ലാതെ 
നമുക്ക്   പ്രണയിക്കാം 
ഭൂമിയും ആകാശവും ഉള്ളിടത്തോളം ..........

 

Sunday, May 13, 2012


ശൂന്യത 

ശൂന്യത തിങ്ങി നിറയുന്നു ജീവനില്‍ .........
തേടുന്ന  സ്വരങ്ങന്ളില്‍ ...
തേടുന്ന ശ്വാസത്തില്‍ 
തേടുന്ന നിഴല്‍കളില്‍ 
ആകവേ ശൂന്യത .....

Saturday, May 12, 2012


പ്രണയിനി 

എന്റെ പ്രണയം ഇടവത്തിലെ
കാര്‍മേഘം പോലെ ആയിരുന്നു
പെയ്യാന്‍ കൊതിച്ചു 

പിന്നെ ഒറ്റ തുള്ളിയായി 
കൈനീട്ടി വാങ്ങി

തുള്ളികള്‍ കൂടിയപ്പോള്‍
ചെറിയ ചേമ്പില ക്കായി 
കണ്ണുകള്‍ പരതി

പിന്നെ പലപ്പോഴും ഒതുങ്ങി നിന്ന്
ഈറന്‍  കൊണ്ടു 

അപ്പോഴേക്കും ചെറിയ ചാലുകള്‍ 
അവ ചരിഞ്ഞും പുളഞ്ഞും 
മണ്ണിലെ ചൂടിനെ അകറ്റി 
മനന്സു വല്ലാതെ തണുത്തു

മണ്ണിന്റെ മണത്തില്‍
പാമ്പുകള്‍ പുറത്തേക്കു വന്നു 
ഈയലുകള്‍ ചിറകരിഞ്ഞു പറന്നു 
പിന്നെ നിലത്തിഴഞ്ഞു
എവിടെയോ തവളകള്‍ അലമുറയിട്ടു.
ഞാന്‍ മാത്രം ഒന്നുമറിഞ്ഞില്ല 
പ്രണയ മഴയില്‍ 
ഞാന്‍ കണ്ണടച്ചിരുന്നു .
ആ തണുപ്പില്‍ .പുറത്തെ ചൂട് 
എന്നെ ഉണര്തിയില്ല.....
പക്ഷെ.
...മഴ എവിടെയോ വച്ച് 
വലിയ കടലായി. 
എന്റെ കൈകുടന്നയിലെ വെള്ളത്തുള്ളി
അലറിപായുന്ന തിരയായി.....
എന്നെ പോലും തള്ളി മാറ്റി ...
എന്റെ പ്രണയം എവിടെക്കോ പോയി
ഞാന്‍ ആ പാച്ചിലില്‍ വീണുരുണ്ടു...
ആരുമറിയാതെ ...
നിശബ്ദയായി .




  

Thursday, May 10, 2012


ജീവിതം 

ഉള്ളിലെ കിളി വല്ലാതെ  പിടയുന്നു 
ആരോട് ചൊല്ലുവാന്‍ 
നെഞ്ചിന്റെ കുറുകല്‍ 

മേഘങ്ങളില്ലാത്ത ആകാശമകവേ 
നിസന്ഗതയോടെ മരവിച്ചു നില്‍ക്കുന്നു

പച്ചപ്പില്ലത്തൊരു തരുവിലെവിടെയോ 
തത്തകിളികള്‍ വെറുതെ കരയുന്നു 

കാറ്റിന്റെ മര്‍മരം കേട്ടോടിയെതുംപോള്‍ 
പൊടി കാറ്റെന്റെ കാഴ്ച്ചയെ മറയ്ക്കുന്നു
ചൂടാല്‍ പൊതിയുന്നു 

അകലെയെവിടെയോ എന്‍ പ്രാണന്‍ വിതുമ്പുന്നു
അരികില്‍ എത്താതെ ഞാന്‍ മൂകമുരുകുന്നു 
നിന്നെ തലോടനായി വിരല്‍ തുമ്പു നീളുമ്പോള്‍ 
ഉള്ളിലെ ശൂന്യത അലറിമരിക്കുന്നു....
ഇതോ ജീവിതം 
ഇതിനോ ജീവിതം ........ 

Tuesday, May 8, 2012



നീ നല്‍കിയ മരണം 

നീ ആദ്യം എന്‍റെ പ്രണയത്തെ 
നിന്റെ ചൂടില്‍ പൊതിഞ്ഞു 
പിന്നെ പതിയെ
കരുതിവച്ച വാളെടുത്തു 
ഉന്നം തെറ്റാതെ ശിരസരുത്ത് 
തണുപ്പില്‍ വച്ചു 
കാരണം എന്‍റെ പ്രണയത്തിനു 
ചൂട് കൂടുതലായിരുന്നു 

എന്‍റെ വിളികള്‍ നിന്നെ ഉണര്‍ത്തിയില്ല
അതിനു മുന്നേ വിളിച്ചവര്‍ 
എന്‍റെ മരണം ആഗ്രഹിച്ചിരുന്നു 
നീ അവര്‍ക്ക് പാനപാത്രം ഒരുക്കി

എത്ര തണുപ്പിലും ഉറയാതെ 
എന്‍റെ ചോര വീണ്ടും കിനിയുന്നു 
എങ്കിലും നീ നല്കിയ മരണം 
ഞാന്‍ ഏറ്റുവാങ്ങുന്നു ..

നിന്നില്‍ നിന്നൊരു മന്ത്രകോടി 
ഞാനെന്നും കൊതിച്ചിരുന്നു 
ഇതാവാം നീ എനിക്കായി കരുതിവച്ചത്‌......

നീ അറിയുക നിന്റെ ഉടല്‍ മുഴുവന്‍
പടര്‍ന്നു നില്‍ക്കുന്നത് എന്‍റെ ചോരത്തുള്ളികള്‍
നിന്നില്‍ നിറയുന്നത് മുഴുവന്‍ 
എന്‍റെ ചോരയുടെ മണവും
പിന്നെ എങ്ങനെ നിനക്കെന്നെ 
കൊലപ്പെടുത്താനാവും ....


 

Sunday, May 6, 2012



നിങ്ങള്‍ക്ക് 

ശരീരം കബന്ധങ്ങള്‍ക്കു 
വഴിമാറുന്നു
സൊഹൃദങ്ങള്‍ പ്രതികാരങ്ങള്‍ക്കും

ന്യായത്തെ  അന്യായം ഭരിക്കുന്നു
ചിന്തയെ ആവേശവും 
 
നഷ്ടമാകുന്ന പ്രത്യയ  ശാസ്ത്രങ്ങള്‍ 
പ്രക്ഷുബ്ധത മാത്രം വാരി നിറയ്ക്കുന്നു

ചോരപൂക്കള്‍ ചെര്‍തെഴുതിയവര്‍
ചോര കൊണ്ട് പൂക്കളം തീര്‍ക്കുന്നു

 കേട്ട് പഠിച്ച നല്ല ഇസങ്ങളില്‍ 
ആരോ ചെന്ന്യായങ്ങള്‍ പുരട്ടി ഊട്ടുന്നു

വാള്‍ തലപ്പിന്‍ മുരള്ചിയിലുരുണ്ടത് 
പാതിമെയ്യിന്‍ പിടപ്പിന്‍ ശ്വാസവും
എന്തിനിങ്ങനെ ഒന്നൊന്നായി കൊല്ലണം
ഉന്മൂലനം തന്നെ നടത്തി രമിക്കുവിന്‍
 

Tuesday, May 1, 2012


മുഖം 
എന്റെ തേടല്‍ നിന്നെയാണ് 
എന്നില്‍ നിന്ന് ഏറെ വഴക്ക് 
വാങ്ങിയ നിന്നെ
വീടിന്റെ മുറ്റത്ത്‌
വേലിയില്‍  
എല്ലാം കാറി വിളിച്ചു 
എന്നില്‍ നിന്നും ഏറെ 
വഴക്ക് കേട്ടിരുന്ന നിന്നെ.
അകത്തുള്ള അസ്വസ്ഥതകള്‍ 
എല്ലാം നിന്നില്‍ ആരോപിച്ചു
ഞാന്‍ എന്റെ ഇടങ്ങളെ ഞാന്‍ 
സുരക്ഷിതയാക്കി
വിരുന്നുകാരെ വിളിക്കുന്ന നിന്നെ 
 എന്റെ ഏകാന്തതയെ 
കൊല്ലാന്‍ കൂട്ടുനില്കുന്നവന്‍ 
എന്നാരോപിച്ച് എന്നും എറിഞ്ഞോടിച്ചു
കര്‍ക്കിടിക വാവിന് മാത്രം 
നീ എന്‍റെ സമ്മതത്തോടെ ഒരുരുള വാങ്ങി

പക്ഷെ ഇവിടെ ചെറു കുരുവികള്‍ 
പച്ചില തേടി ഉരുമ്മി നടക്കുമ്പോള്‍
പേരറിയാത്തൊരു പക്ഷി 
ആഡംബരം കാട്ടി പൊരിവെയിലില്‍ 
തത്ത്തിക്കളിക്കുമ്പോള്‍
എന്‍റെ കണ്ണുകള്‍ തേടുന്നത് 
നിന്നെയാണ്
അമ്മയില്‍ നിന്നാദ്യം കേട്ട്  -
കണ്ടു പഠിച്ച നിന്നെയാണ് 
എന്‍റെ എല്ലാമെല്ലാമായ 
 കാക്ക യെ 
 






വളര്‍ത്തു മത്സ്യങ്ങള്‍ 
കണ്മുന്നിലെ  ചില്ല് പേടകത്തില്‍ 
ഇണ മത്സ്യങ്ങള്‍ 
എന്നും തേടുന്നത് ഒഴുക്കുള്ള 
പുഴയെയാണ് ....

കുപ്പിക്കുള്ളിലെ വെള്ളം മാറ്റവും
ചിതറിവീഴുന്ന ആഹാര കണങ്ങളും 
ആയുസ് നില നിര്‍ത്തുമ്പോഴും 
ഒഴുക്ക് വെള്ളത്തിന്റെ  
കലപിലകള്‍ക്കായി  അവര്‍ 
മുങ്ങിപൊങ്ങി വന്നുകൊണ്ടേയിരുന്നു 

നിങ്ങളിലേക്ക്  എന്റെ കൈകള്‍ വരുന്നുണ്ട് 
പക്ഷെ
 ജീവിതം ചില്ലിട്ടു നില്‍ക്കുന്ന എനിക്ക് 
എവിടെയാണ് നിങ്ങളെ ഒഴുക്കി വിടാനാകുക .