Thursday, February 28, 2013


അദ്ധ്യായം 

മേല്‍ക്കൂരയില്ലാത്ത  പ്രണയത്തില്‍ 
നിന്ന് 
ജീവിതത്തിന്റെ കെട്ടുറപ്പിലേക്ക് 
നിന്റെ നിഴല്‍ കൂടു മാറിയപ്പോഴാണ് 
എനിക്കെന്‍റെ 
 അവസാന അദ്ധ്യായത്തിനു 
വരയിടാന്‍ തോന്നിയത് 
കുരുക്കു  മുറുകിയിട്ടും  
അടയാന്‍ കൂട്ടാക്കാത്ത കണ്ണുകള്‍ 
അപ്പോഴും 
ആദ്യ അദ്ധ്യായത്തിലെ 
ഇണ ചേര്‍ന്ന നിഴലുകളില്‍ 
ഉടക്കി നിന്നു 

Wednesday, February 20, 2013


വായന 

കടലിനപ്പുറമിരുന്നു  നീയും 
ഇപ്പുറമിരുന്നു ഞാനും 
വായിച്ചു തീര്‍ത്തത് 
പച്ച  ജീവിതത്തിന്‍റെ മണം മാറാത്ത 
താളുകളായിരുന്നു .
അക്ഷരങ്ങളിലൂടെ 
കയ്യെത്തി തൊടാന്‍ ശ്രമിച്ചത്‌ 
സ്വപ്നങ്ങളില്‍ മാത്രം 
നമ്മുടെതാകുന്ന ജീവിതത്തെയും 




 
 

Tuesday, February 19, 2013


പരതല്‍ 
 
ഓര്‍മ്മകളുടെ അറ തുറന്നതു 
പഴമണതിനാണ് 
കിട്ടിയതോ 
അഴുകിയ  ചവറ്റു കൂമ്പാരവും 

കാര്‍ന്നു തിന്നുന്ന വിശപ്പില്‍ 
എച്ചില്‍ കൂട്ടത്തില്‍ 
ആഹാരം  പരതുന്നവനു 
തീന്‍ മേശ യുടെ ധാര്‍ഷ്ട്യം 
അപരിചിതം  

ഏറെ  തിരഞ്ഞപ്പോഴാണ് 
ഒരു കയ്യൊപ്പു കിട്ടിയതു 
എന്‍റെ ഹൃദയത്തില്‍ 
നീ ചാര്‍ത്തി തന്ന അടയാളം 
ചലവും പുഴുവും പൊതിഞ്ഞു 
പോയെങ്കിലും 
എനിക്കെടുക്കാതെ വയ്യ 
 ഏകാന്തതയുടെ വിശപ്പെന്നെ 
കൊന്നു കൊണ്ടിരിക്കുന്നു 

 

Friday, February 15, 2013


പൊരുള്‍ 

നിന്നിലുണര്‍ന്നു 
നിന്നില്‍ ജീവിച്ചു 
നിന്നില്‍ ഉറങ്ങി 
നീയുള്ള സ്വപ്നത്തിന്റെ 
രഥം പായിക്കുമ്പോഴും  
നീ നിന്നില്‍ ആയിരുന്നുവെന്നു 
അറിഞ്ഞിരുന്നില്ല ഞാന്‍ 


പ്രപഞ്ച മോഹം

കാടിന് മോഹം
കടലിനെ കാണാന്‍
കടലിനു ദാഹം
കാടിനെ അറിയാന്‍ .

കാട്ടു പച്ചയും കടല്‍ നീലയും
കണ്ടു തിമിര്‍ത്ത
ആകാശ താഴവരയ്ക്കു
താഴെ  കൊതിപ്പിക്കും
ഭൂമിയെ പുണരാനും.

മേഘങ്ങളില്‍ പോലും
ഊയലാടുന്ന കാറ്റിനു
നക്ഷത്ര കുഞ്ഞിനെ ആട്ടിയുറക്കാനും.

മോഹചക്രത്തിന്‍ രഥമീവിധം
പ്രപഞ്ചസാഗരം നീന്തികടക്കവേ

ക്ഷണിക ജീവിത സഞ്ചാരിയായ
ഞാനെന്‍റെ
വിഫല  മോഹത്തില്‍
കണ്ണീരൊഴുക്കണൊ ?




 





 


Wednesday, February 13, 2013


തപസ്വിനി 

കാടിന്റെ പച്ചപ്പറിഞ്ഞു 
പാറയുടെ ഉറച്ചഹൃദയത്തില്‍  
ചെറിയ നനവായി 
പിന്നെയുറവയായി 
മെല്ലെഒഴുകി പടര്‍ന്നവള്‍ 
കാറ്റിന്റെ വിളിക്ക് പിന്നാലെ 
കടലിന്‍റെ  ലഹരിയിലേക്ക്  
അലഞ്ഞെത്തുമ്പോള്‍  
ആയിരം കൈപ്പുഴകള്‍ 
കണ്ട കാഴ്ചയില്‍ കടലാറാടുന്നു .
പങ്കുവയ്ക്കലിന്റെ 
പായസ ചിരി നിഷേധിച്ചു 
ഒരു കാറ്റിന്റെ വിളിക്കും 
കാതു  കൊടുക്കാതെ 
ഇരുണ്ട പാറയുടെ 
അടിത്തട്ടിലേക്കു മടങ്ങിപോകാന്‍ 
കഴിയാതെ 
ഒഴുക്കിനൊപ്പം കണ്ണീരും ചാലിച്ചു 
ഒരു താപസ ജന്മമായവള്‍ 


Tuesday, February 12, 2013


എന്നിട്ടും 

വര്‍ഷങ്ങള്‍ പഴക്കമുള്ള 
പ്രണയത്തിത്തിലേക്ക്  
സവാരിക്കിറങ്ങുമ്പോള്‍ 
 നിനക്കു സമ്മാനമായി 
തരാന്‍ ഞാന്‍ തിരഞ്ഞത് 
ഞെട്ടറ്റു  വീണ ഒരു പൂവിനെ 

അടര്‍ന്നു വീണ പൂവിനെ 
തലോടി തുടങ്ങിയ 
പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്ക്‌

നിന്നിലേക്കുള്ള   വഴി 
തീര്‍ന്നുപോയെന്നറിഞ്ഞിട്ടും  
ഒരു  വെറും യാത്ര 

വാടിയ പൂവിനെ നെഞ്ചോട്‌ ചേര്‍ത്ത് 
തിരികെ മടങ്ങുമ്പോള്‍ 
 ചവിട്ടുന്ന വഴിയിലാകെ 
ഇതളടര്‍ന്ന ഒരായിരം പൂക്കള്‍ 
കച്ചവട വല്ക്കരിക്കപെട്ട 
പ്രണയ ദിനത്തിന്റെ ശിഷ്ടം പോലെ 

ഒരു പൂവിനെ പോലും  ഇറുത്തു 
നോവിക്കാത്ത നമ്മുടെ പ്രണയ ദിനത്തില്‍ 
ഒരായിരം പൂക്കള്‍ കൊല്ലപെട്ടതെങ്ങനെ  
പിന്നെയോ 
നമ്മുടെ   പ്രണയ ദിനമെങ്ങനെ 
ലോകത്തിന്റെ പ്രണയദിനമായി  
എന്നിട്ടും നമ്മുടെ പ്രണയം 
എങ്ങനെ നമുക്കന്യമായി 




Monday, February 11, 2013

കവികള്‍ ഒരു പാട് പേരുണ്ട്.അക്ഷരങ്ങളുടെ കൈ പിടിച്ചു കവിതയുടെ കിലുക്കം കേള്‍പിച്ചു തന്നവര്‍. .എന്നാല്‍ ഇവരിലധികം പേരും കവി വേറെ എഴുത്ത് വേറെ എന്നാ രീതിയില്‍ ആയിരുന്നു. അക്ഷരങ്ങളെ ആവോളം തന്നിട്ട്  അവരൊക്കെ  വേറൊരു ലോകത്ത് ജീവിച്ചു..കവിതയിലെ  ആര്‍ദ്രതയും  വിപ്ലവവും ഒക്കെ തേടി ചെന്നപ്പോള്‍  കവികളുടെ രീതികണ്ട് വിളിപ്പാടകലെ മാത്രം നിന്ന് തിരിച്ചു പോന്നു. പയ്യെ പയ്യെ കവിയെ നോക്കാതായി 
വായനയിലൂടെ മാത്രം കവിയെ അറിയാന്‍ പഠിച്ചു . ഇവിടെ ആണ് നമ്മള്‍ ഇന്ന് സംഭവിച്ച  നഷ്ടത്തെ  തിരിച്ചറിയുന്നത്‌ .പി. കുഞ്ഞിരാമന്‍ നായരും അയ്യപ്പനും വിനായ ചന്ദ്രന്‍ മാഷും ഒക്കെ നമ്മുക്ക് തൊടാവുന്ന കവികള്‍ ആയിരുന്നു.മരത്തിന്റെ മുകളില്‍ നിന്നെഴുതി.,
അക്ഷരങ്ങള്‍  താഴെക്കിട്ടവര്‍ ആയിരുന്നില്ല  ഇവര്‍ .മരത്തിന്റെ  വേരിലിരുന്നു , തണലിലിരുന്നു ഒപ്പം നമ്മളെയും കൂട്ടി കവിത എഴുതിയവര്‍ . ആ കവിത നമുക്ക് വേണ്ടി ചൊല്ലി തന്നവര്‍........
നമ്മളെ കാണുമ്പൊള്‍  ഉമ്മറ പടിയില്‍  നിന്നിറങ്ങി നമ്മുടെ കൂടെ നടന്നു കവിതയുടെ വിളക്കു  കാണിക്കാന്‍ ഇനി ആരുണ്ട്‌.......
കവിതയും കവിയും  വായനക്കാരനും കൂടി ചേര്‍ന്ന് ഇഴുകി ചേര്‍ന്ന് ജീവിച്ച യുഗം ഇവിടെ തീരുകയാണോ.

Sunday, February 10, 2013


ഓര്‍മ്മകുടം 

ഒരു കൊഴുത്ത ദ്രാവകം 
തലച്ചോറില്‍ നിന്നു 
ഒലിച്ചിറങ്ങുന്നു.
ദേഹമാസകലം 
അസഹ്യ ഗന്ധത്തോടൊപ്പം 
ഓര്‍മ്മകളുടെ വിഴുപ്പുകൂടു 
പൊട്ടിയതാണത്രേ 

പടരുന്ന വേദനയില്‍ 
അസ്വസ്ഥത നിറച്ചു
ചിന്തകള്‍ ഓടിനടക്കുന്നു 
ആരാണെന്‍റെ പുഴുത്ത 
ഓര്‍മ്മകളുടെ കുടം
പൊട്ടിചെന്നെ മലിനയാക്കിയതു 

കാട്ടു പച്ചയുടെ മണമുള്ള 
എന്റെ ഓര്‍മ്മകളെ തിരിച്ചെടുത്തു 
എന്നെ അറിയാത്തയേതോ 
ഇരുട്ടു മൂലയില്‍ 
തിരിഞ്ഞു നോക്കാതെ 
വലിച്ചെറിഞ്ഞു പോയ മാത്രയില്‍ 
എന്തിനായിരുന്നീ പീഡനം 
ആരാണെന്‍റെ പുഴുത്ത 
ഓര്‍മ്മകളുടെ കുടം
പൊട്ടിചെന്നെ മലിനയാക്കിയതു 





Friday, February 8, 2013


കല്ലുവെട്ടുകാരന്‍ 

ഒരു വലിയ മല കാണിച്ചു തന്നു . ഒരു വലിയ കോടാലിയും കയ്യില്‍ തന്നു. മലയുടെ മുകലില്‍ എത്തിക്കാന്‍ ഒരു  ദൗത്യവും  തന്നു. ഒതുക്കു കള്‍  വെട്ടി ഉണ്ടാക്കി . വെട്ടിയെടുത്ത കല്ലുകള്‍ താഴേക്കിട്ടു. അതൊക്കെ ആരൊക്കയോ  ആവശ്യമുള്ളവര്‍ എടുത്തു കൊണ്ട് പോയി. ഇടയ്ക്ക് ഒറ്റയക്കുള്ള അദ്വാനം കണ്ടു ഒരു ഒറ്റയാന്‍ കൂടെ കൂടി ..കുറച്ചു നേരം വഴി വെട്ടി .....ആ കല്ലുകളും താഴേക്കിട്ടു . അതും  പെറുക്കിയെടുക്കാന്‍ ആളുണ്ടായി. എന്നും ഒരേ ജോലി ചെയ്തപ്പോ ഒറ്റയാന് മടുപ്പായി. അവന്‍ തിരിച്ചിറങ്ങി. പക്ഷെ എനിക് കയറണം ആയിരുന്നു. അത് മാത്രമല്ല കൂടെ  വരാന്‍  അവനോട്ടു  വിളിച്ചുമില്ല .കല്ല്‌ വെട്ടി ഒട്ടുമുക്കാലും ആയി ..........നല്ല ഒരു പാത രൂപപെട്ടു. പക്ഷെ പൊടിയും കാറ്റും വെയിലും ഏകാന്തതയും  ചേര്‍ത്ത് കണ്ണുകള്‍ മങ്ങി തുടങ്ങി . കല്ലെടുതവരോട് താഴേക്ക്‌  പോന്നോട്ടെ എന്ന് ചോദിച്ചു . വേണ്ടത്രേ .വയ്യെങ്കില്‍ ഇനി കുറച്ചു വീതം വെട്ടിയാല്‍ മതിയെന്ന് . പക്ഷെ കയറി പോകാന്‍. അങ്ങ് നെറുകയില്‍ എത്തണം . അതിനു വഴി അങ്ങ് വരെ വേണം ... ഒരു ദിവസം ഒരു കല്ലിനു പകരം താഴേയ്ക്ക് പതിക്കുന്നത് വരെ പോകാം അല്ലെ .

അളവുകോല്‍ 

എന്നിലേക്കുള്ള ദൂരമളക്കാന്‍ 
അളവുകോല്‍ തേടിയാണ് എന്റെ യാത്ര 
മിന്നാമിനുങ്ങിനെ ഭയന്ന്  
പിന്നെ കൈക്കുടന്നയില്‍ താലോലിച്ച 
 രാത്രികളില്‍ നിന്നും 
നിയോണ്‍  വെട്ടത്തെ  പുല്‍കുന്ന 
രാത്രികളിലേക്ക് വലിച്ചെറിയപെട്ടപ്പോള്‍ 
കുഞ്ഞു തണുപ്പില്‍ കൈ 
പിണച്ചുറങ്ങിയ നാളില്‍ നിന്നും
  ശീതികരണത്തിന്‍റെ 
അലസതയില്‍ വാടിയുറങ്ങുമ്പോള്‍ 
പ്രണയത്തിന്‍റെ നെഞ്ചിലെ
 ഇളം ചൂടില്‍ നിന്നും 
വിരല്‍ തൊടാനാകാത്ത 
ദൂരത്തിരുന്നു നിരര്‍ത്ഥകമാകുമ്പോള്‍ 
അളവുകോല്‍ തേടുകയാണ് ഞാന്‍ 
എനിക്ക് നഷ്ടപെട്ട എന്നിലെ 
ദൂരമൊന്നു അളന്നു കുറിക്കാന്‍ 

Wednesday, February 6, 2013


ചതുരംഗം

ചതുരംഗ പലകയില്‍
കാല്‍ തെറ്റി വീണത്‌
കരുക്കളായിരുന്നു
എങ്കില്‍
ജീവിത പലകയില്‍
കാല്‍തെറ്റി വീണത്‌
ഞാന്‍ തന്നെയായിരുന്നു
സ്വയം പണയ പെട്ട കരു

ചിന്തയും കണ്ണും
തമ്മിലെവിടെയോ
പിണങ്ങി നിന്നപ്പൊഴെക്കും
ചുടലയിലെ പച്ച മാവു
പൊട്ടുന്ന ശബ്ദം
ചുറ്റും നിറഞ്ഞു നിന്നു

തെക്കേ കോണിലെ മാവ് 

ഞാന്‍ പറമ്പിന്റെ തെക്കേ കോണിലെ മാവ് 
അണ്ണാറ കണ്ണന്‍ മണം പിടിച്ചെത്തി 
അരിഞ്ഞെടുത്തത് എന്റെ കനി 

അതില്‍ പാതി പകുത്തു 
കൊത്തിയെടുത്ത പൊന്നാരം തത്ത 

ഒടുവില്‍ ഞെട്ടറ്റു .താഴെക്കുതിരുന്ന
 ഉള്ളു തുറന്നു കാട്ടുന്ന മാമ്പഴം  

കക്കാല കണ്ണുമായി 
എന്നെ ചൂഴ്ന്നു പോകുന്ന 
കച്ചവടകാരന്‍ 
കച്ചവടത്തിന്റെ വിലപേശലുകള്‍ 
കണ്ടു  വിറളി  പൂത്ത 
കാറ്റു  അടിച്ചു കൊഴിച്ച  
മുഴുത്ത മാമ്പഴമേടുതതോടുന്ന 
 ചിരികിലുക്കങ്ങള്‍ 

ആ ഋതുവിനെ  വിട്ടു 
പിന്നെയും കാത്തിരുപ്പ് 
ഇടയിലറിയാതെ  പിറക്കുന്ന 
മാമ്പൂക്കളെ  നുള്ളിയെറി യുന്ന 
മഴപെയ്ത്തുകള്‍ 
അത് കണ്ടു കണ്ണീര്‍ തൂകിയ 
നിഷ്കളങ്ക ബാല്യങ്ങള്‍ 
കാലവും  ഞാനും  തമ്മില്‍ 
മുട്ടിയുരുമ്മി ചിരിച്ച 
നല്ല  നാളുകള്‍   

ഒരു നാള്‍ ആര്‍ത്ത നാദത്തിനു 
പിന്നാലെ ഒഴുകിയെത്തിയ 
ആള്‍ക്കൂട്ടം ചുറ്റും നിറഞ്ഞു 
ചില്ലകള്‍ വകഞ്ഞു മാറ്റി 
മെല്ലെ പാളി നോക്കുമ്പോള്‍ 
കണ്ടത് ഉടയോന്റെ മരവിപ്പ് 
നാഥനില്ലാ വീടിനെ ചൊല്ലി 
കാറ്റിനോട് പായാരം പറയുമ്പോഴാണ് 
കണ്ണുകള്‍ എന്നിലേക്ക്‌ 
പായുന്നത് കണ്ടത് 
നെഞ്ചലച്ചു കാറ്റു പാഞ്ഞുപോയപ്പോഴേകകും 
കൊമ്പുകള്‍ അരിഞ്ഞെറി ഞ്ഞിരുന്നു 
നിമിഷ വേഗത്തിലൊരു പതനം 
ചെറുതും വലുതുമായി 
ഛെദിക്കപെട്ട് ഞാന്‍ 
എള്ളും പൂവും കണ്ണീരും വാങ്ങിയവനു 
കനലെകാന്‍ ഒരു യാത്ര 
ശയ്യയൊരുക്കി കാത്തിരുപ്പ് 
കറയുനങ്ങാത്ത എന്റെ നെഞ്ചിലേക്ക് 
നിറമുള്ള  ആടകളണിഞ്ഞു 
പിന്നെ പൊതിഞ്ഞൊരുക്കല്‍ 
വിടവുകള്‍ തീര്‍ത്തു അഗ്നി തിരുകി 
എല്ലാവരും യാത്രയാവുമ്പോള്‍ 
അഗ്നി ആളി  പടരുമ്പോള്‍ 
ആദ്യം പൊട്ടിയത് എന്റെ നെഞ്ചായിരുന്നു 
പച്ച കറയില്‍ തീപിടികുംപോഴുള്ള 
നെഞ്ചു പൊട്ടല്‍ 
പിന്നെ ഉള്ളില്‍ നിന്നൊരു പൊട്ടലും 
അപ്പോഴും ഇല ചാര്‍ ത്തു കള്‍ക്കുള്ളില്‍ 
ജീവിതം കൈവിട്ടു പോയ 
ഉണ്ണിമാങ്ങകള്‍ പിടയുന്നുണ്ടായിരുന്നു 
അകത്തും പുറത്തും. 



Tuesday, February 5, 2013


നക്ഷത്ര വഴി 

പകച്ചു നിന്ന് വഴിയിലെ 
ഇരുട്ടില്‍ വിലപിക്കുമ്പോള്‍ 
ആകാശ താഴ്‌വരയില്‍ നിന്നു 
ഒരു കുഞ്ഞു നക്ഷത്രം 
രാവിന്റെ കറുത്ത തിരശീലയിലൂടെ  
പറന്നു വന്നരികത്തേക്ക് 
ചിറകിനുള്ളില്‍ 
ചിരിയുടെ മിന്നലാട്ടം 
മനസിലാകെ പ്രണയത്തിന്‍റെ 
നനവ്‌ പകര്‍ന്നു 
വഴിയൊരുക്കുമ്പോള്‍ 
തകര്‍ന്നു വീണത്‌ 
ഏകാന്തതയുടെ ചില്ലു കൂടുകളും.
പിന്നെ സ്വയം തീര്‍ത്ത 
ഇരുട്ടിന്റെ ആവരണവും 








  

Monday, February 4, 2013


ആമ്പലിന്റെ തപസ്

ചതുപ്പിലെ ചെളിയിലാണ്
പിറന്നതെങ്കിലും
നിലാവിന്റെ പ്രണയമാണ്
എന്നെ ഞാനാക്കിയത്
പകലിന്റെ വര്‍ണത്തില്‍
ഭ്രമിക്കാതെ
രാവിന്‍റെ കുളിരില്‍
ഇതളുണര്‍ന്നു
ഞാന്‍ ചിരിച്ചത്
ആകാശ ചരുവില്‍
എന്നിലേക്ക്‌ പൊഴിയുന്ന
ആ ചാരുത യറിഞ്ഞാണ്
നിലാവിന്റെ നനുത്ത സ്പര്‍ശങ്ങള്‍
നെഞ്ചിലൊളിപ്പിച്ചു
പ്രഭാതത്തില്‍ മിഴിപൂട്ടുംപോഴും
തൊട്ടപ്പുറത്തു താമരയും
സൂര്യനും ഇണചേര്‍ന്നു
ലയിച്ചു കളമെഴുതുമ്പോഴും
ഞാന്‍ തപസിലാണ്

ഒരു പകല്‍ ദൂരം താണ്ടിയെത്തുന്ന
എന്റെ പ്രണയ നിലവിനായി

Saturday, February 2, 2013


കുമിളയുടെ നിശ്വാസം 

ഒരു പുഴ പിറക്കുന്നുണ്ട്  
പക്ഷെ ഒഴുക്ക് ഉള്ളിലേക്കാണ്
ഓര്‍മ്മകളുടെ കട
  പുഴക്കിയെറിഞ്ഞു   
മനസിന്റെ മണ്‍ഭിത്തി തകര്‍ത്തു 
ഒരാര്‍ത്തിരമ്പല്‍
പ്രണയസംഗീതം ശ്വാസ താളം 
പകര്‍ന്നിടത്തു,
ഇപ്പോളുയരുന്നത് 
അവസാന കുമിളയുടെ പൂര്‍ണസംഗീതം