Friday, March 22, 2013


എന്റെ ഗ്രാമം  ഒപ്പം ഞാനും 

ഓടുന്ന ജീവിത പായാര വണ്ടിയിൽ 
ഓർമ്മകൾ മാത്രമെൻ സ്വന്തം 
നഗര പെരുമയുടെ 
നനവില്ലാമണ്ണിലായി 
ഓർമ്മകൾ മാത്രമെൻ സ്വന്തം 

പച്ച പിടിച്ചോരാ  ഊടുവഴികളിൽ 
ഇന്നും ഞാൻ ഓടിനടക്കും 
കാട്ടു പച്ചയും വേലി പരുത്തിയും 
വകഞ്ഞു ഞാനിന്നുമതിരുകൾ താണ്ടും 

വാൽ പൊക്കി ചിലയ്ക്കുമണ്ണാറ 
കണ്ണനോടു ഒരു മാമ്പഴം ഞാനിരക്കും 
ഓലത്തുമ്പിൽ ചാഞ്ചാടും ഓലഞ്ഞാലി 
കിളിയോടും ചാഞ്ചക്കം മെല്ലെ പഠിക്കും 
പുളിമരകൊമ്പിലെ കാണാ കൂവലി
നൊത്തു  ഞാനപസ്വരം കൂവും 
വള്ളികൾ കാവുകൾ ഒക്കെ കടന്നു 
 തേവരുമായി  ചങ്ങാത്തം കൂടും 

കറ്റയറുത്ത  പാടത്തൂടോടി ഞാൻ 
പട്ടത്തെ കാറ്റിൽ പറത്തും 
പിന്നലെയോടുന്ന ആട്ടിൻ കുഞ്ഞിനെ 
മാറോടു ചേർത്തു ചിരിക്കും 
കുതറി പ്പിടഞ്ഞവൾ നെഞ്ചിൽ 
ചവിട്ടുമ്പോൾ അലറിവിളിച്ചു ഞാനോടും 

പാടത്തിൻ നടുവിലെ ആമ്പൽ പൂകണ്ടു
 ഞാൻ  കൈനീട്ടി ചെല്ലുന്നനേരം 
ഇലയോടുചെർന്നൊരുപാമ്പിൻ തല കണ്ടു 
പ്രാണനും കൊണ്ട് പറക്കും 
വയലറ്റ്പൂക്കൾ വിരിക്കുമാ പാടത്തെ 
ആഫ്രിക്കൻ പായൽ പടർപ്പിൽ 
കുളക്കോഴി കുടുംബത്തെ കാണുവാനായി 
ഞാൻ ഒളികണ്ണു  നീട്ടി  പതുങ്ങും

മീനും തവളയും ആമയും ചേർന്നൊരു 
കൂത്തരങ്ങാടും കുളത്തിൽ 
ചൂണ്ടയും കോർത്തു  ഞാൻ പമ്മിയിരിക്കും 
കൊത്താത്ത മീനിനു വേണ്ടി 

ചെങ്കൽ പാത തൻ തുമ്പിലെ കോവിൽ 
നടയിലേക്കു ക്ക് മന്ദാര മാല കൊരുക്കും 
കൃഷ്ണനു നല്കി മെല്ലെ ചിരികുമ്പോൾ 
പകരമൊരു  ചിരി തേടും 

ആൽമരം ചുറ്റി നടന്നുതൊഴുത്‌ 
നേർച്ച വെടി കേട്ടു ഞെട്ടി പകയ്ക്കും 
ആൽ തറ തന്നിലിരുന്നെൻ ചന്ദനം 
ആലിലത്തുമ്പിൽ മടക്കും 

ഗ്രാമീണ വായന ശാലയിലായി ഞാൻ 
അക്ഷര സ്വർഗങ്ങൾ തേടും 
രമണനും ചന്ദ്രികേം ചേർത്ത് പിടിച്ചു 
ഞാൻ കാതങ്ങളോളം നടക്കും 

ഷാപ്പിലെ ചിരിയൊച്ചകൾ ക്കിടയിൽ 
ഞാൻ അച്ഛന്റെ  മുഴു ചിരി പരതും 
ആടുന്ന കൈകളിൽ മുറുകിയിരിക്കുന്ന 
പൊതിയഴിചെടുത്തു ചവയ്ക്കും 

ഓല കൊട്ടക തന്നിലെ യുഗ്മ 
ഗാനങ്ങളിൽ ഞാനെന്നെ മറന്നു ചിരിക്കും 

എവിടെയോ സൈക്കിളിൻ ബെല്ലടി കേട്ടു 
  ഇർക്കിലി ഐസു  കാരനെ തേടി ഇറങ്ങും 

പിന്നെ യറിയും ഞാനിതെല്ലാം നടന്നതെൻ 
ഓര്മ്മ തൻ പൂമുഖത്തെന്നു 
ഗദ്ഗദം മെല്ലെപടരുമെൻ ചിന്തയിൽ 
ഓർമ്മവിട്ടിറങ്ങുന്നതോർത്തു 

എന്നാലുമാഹ്ലാദമാണെനിക്കെന്നുമെൻ 
ഗ്രാമത്തെ കുറിച്ചോർക്കാൻ 
എത്രയെത്ര പറയാ കഥകളുണ്ടിനി 
എൻ ഗ്രാമത്തിൻ സ്വന്തമായി സത്യം 


 


 


 


No comments:

Post a Comment