Thursday, February 28, 2013


അദ്ധ്യായം 

മേല്‍ക്കൂരയില്ലാത്ത  പ്രണയത്തില്‍ 
നിന്ന് 
ജീവിതത്തിന്റെ കെട്ടുറപ്പിലേക്ക് 
നിന്റെ നിഴല്‍ കൂടു മാറിയപ്പോഴാണ് 
എനിക്കെന്‍റെ 
 അവസാന അദ്ധ്യായത്തിനു 
വരയിടാന്‍ തോന്നിയത് 
കുരുക്കു  മുറുകിയിട്ടും  
അടയാന്‍ കൂട്ടാക്കാത്ത കണ്ണുകള്‍ 
അപ്പോഴും 
ആദ്യ അദ്ധ്യായത്തിലെ 
ഇണ ചേര്‍ന്ന നിഴലുകളില്‍ 
ഉടക്കി നിന്നു 

Wednesday, February 20, 2013


വായന 

കടലിനപ്പുറമിരുന്നു  നീയും 
ഇപ്പുറമിരുന്നു ഞാനും 
വായിച്ചു തീര്‍ത്തത് 
പച്ച  ജീവിതത്തിന്‍റെ മണം മാറാത്ത 
താളുകളായിരുന്നു .
അക്ഷരങ്ങളിലൂടെ 
കയ്യെത്തി തൊടാന്‍ ശ്രമിച്ചത്‌ 
സ്വപ്നങ്ങളില്‍ മാത്രം 
നമ്മുടെതാകുന്ന ജീവിതത്തെയും 




 
 

Tuesday, February 19, 2013


പരതല്‍ 
 
ഓര്‍മ്മകളുടെ അറ തുറന്നതു 
പഴമണതിനാണ് 
കിട്ടിയതോ 
അഴുകിയ  ചവറ്റു കൂമ്പാരവും 

കാര്‍ന്നു തിന്നുന്ന വിശപ്പില്‍ 
എച്ചില്‍ കൂട്ടത്തില്‍ 
ആഹാരം  പരതുന്നവനു 
തീന്‍ മേശ യുടെ ധാര്‍ഷ്ട്യം 
അപരിചിതം  

ഏറെ  തിരഞ്ഞപ്പോഴാണ് 
ഒരു കയ്യൊപ്പു കിട്ടിയതു 
എന്‍റെ ഹൃദയത്തില്‍ 
നീ ചാര്‍ത്തി തന്ന അടയാളം 
ചലവും പുഴുവും പൊതിഞ്ഞു 
പോയെങ്കിലും 
എനിക്കെടുക്കാതെ വയ്യ 
 ഏകാന്തതയുടെ വിശപ്പെന്നെ 
കൊന്നു കൊണ്ടിരിക്കുന്നു 

 

Friday, February 15, 2013


പൊരുള്‍ 

നിന്നിലുണര്‍ന്നു 
നിന്നില്‍ ജീവിച്ചു 
നിന്നില്‍ ഉറങ്ങി 
നീയുള്ള സ്വപ്നത്തിന്റെ 
രഥം പായിക്കുമ്പോഴും  
നീ നിന്നില്‍ ആയിരുന്നുവെന്നു 
അറിഞ്ഞിരുന്നില്ല ഞാന്‍ 


പ്രപഞ്ച മോഹം

കാടിന് മോഹം
കടലിനെ കാണാന്‍
കടലിനു ദാഹം
കാടിനെ അറിയാന്‍ .

കാട്ടു പച്ചയും കടല്‍ നീലയും
കണ്ടു തിമിര്‍ത്ത
ആകാശ താഴവരയ്ക്കു
താഴെ  കൊതിപ്പിക്കും
ഭൂമിയെ പുണരാനും.

മേഘങ്ങളില്‍ പോലും
ഊയലാടുന്ന കാറ്റിനു
നക്ഷത്ര കുഞ്ഞിനെ ആട്ടിയുറക്കാനും.

മോഹചക്രത്തിന്‍ രഥമീവിധം
പ്രപഞ്ചസാഗരം നീന്തികടക്കവേ

ക്ഷണിക ജീവിത സഞ്ചാരിയായ
ഞാനെന്‍റെ
വിഫല  മോഹത്തില്‍
കണ്ണീരൊഴുക്കണൊ ?




 





 


Wednesday, February 13, 2013


തപസ്വിനി 

കാടിന്റെ പച്ചപ്പറിഞ്ഞു 
പാറയുടെ ഉറച്ചഹൃദയത്തില്‍  
ചെറിയ നനവായി 
പിന്നെയുറവയായി 
മെല്ലെഒഴുകി പടര്‍ന്നവള്‍ 
കാറ്റിന്റെ വിളിക്ക് പിന്നാലെ 
കടലിന്‍റെ  ലഹരിയിലേക്ക്  
അലഞ്ഞെത്തുമ്പോള്‍  
ആയിരം കൈപ്പുഴകള്‍ 
കണ്ട കാഴ്ചയില്‍ കടലാറാടുന്നു .
പങ്കുവയ്ക്കലിന്റെ 
പായസ ചിരി നിഷേധിച്ചു 
ഒരു കാറ്റിന്റെ വിളിക്കും 
കാതു  കൊടുക്കാതെ 
ഇരുണ്ട പാറയുടെ 
അടിത്തട്ടിലേക്കു മടങ്ങിപോകാന്‍ 
കഴിയാതെ 
ഒഴുക്കിനൊപ്പം കണ്ണീരും ചാലിച്ചു 
ഒരു താപസ ജന്മമായവള്‍ 


Tuesday, February 12, 2013


എന്നിട്ടും 

വര്‍ഷങ്ങള്‍ പഴക്കമുള്ള 
പ്രണയത്തിത്തിലേക്ക്  
സവാരിക്കിറങ്ങുമ്പോള്‍ 
 നിനക്കു സമ്മാനമായി 
തരാന്‍ ഞാന്‍ തിരഞ്ഞത് 
ഞെട്ടറ്റു  വീണ ഒരു പൂവിനെ 

അടര്‍ന്നു വീണ പൂവിനെ 
തലോടി തുടങ്ങിയ 
പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്ക്‌

നിന്നിലേക്കുള്ള   വഴി 
തീര്‍ന്നുപോയെന്നറിഞ്ഞിട്ടും  
ഒരു  വെറും യാത്ര 

വാടിയ പൂവിനെ നെഞ്ചോട്‌ ചേര്‍ത്ത് 
തിരികെ മടങ്ങുമ്പോള്‍ 
 ചവിട്ടുന്ന വഴിയിലാകെ 
ഇതളടര്‍ന്ന ഒരായിരം പൂക്കള്‍ 
കച്ചവട വല്ക്കരിക്കപെട്ട 
പ്രണയ ദിനത്തിന്റെ ശിഷ്ടം പോലെ 

ഒരു പൂവിനെ പോലും  ഇറുത്തു 
നോവിക്കാത്ത നമ്മുടെ പ്രണയ ദിനത്തില്‍ 
ഒരായിരം പൂക്കള്‍ കൊല്ലപെട്ടതെങ്ങനെ  
പിന്നെയോ 
നമ്മുടെ   പ്രണയ ദിനമെങ്ങനെ 
ലോകത്തിന്റെ പ്രണയദിനമായി  
എന്നിട്ടും നമ്മുടെ പ്രണയം 
എങ്ങനെ നമുക്കന്യമായി