Thursday, July 25, 2013

സ്വപ്നങ്ങളുടെ ചിറകരിയപെട്ട
ഉള്ളിലെ കിളിയുടെ കുറുകലും ചിറകടിയും
നെടുവീർപ്പുകളായി മൌനത്തെയുലയ്ക്കുന്നു
വേദനയിൽ പൊട്ടിത്തെറിച്ചു
അടര്ന്നു പോയവൾ
ആകാശ കോണിലുദിച്ചു
പിന്നെപ്പോഴോ മറഞ്ഞു
മണ്ണിലലിയുമ്പൊഴും '
കരിയിലയുടെ മനസ്
കാറ്റുപുതപ്പിച്ച
പ്രണയ കുളിരിലായിരുന്നു
പാളവും ജീവിതവും
പൂരകമായപ്പോൾ
ജീവിതത്തിൽ നിന്ന്
പാളത്തിലേക്കവൾ നടന്നു

Thursday, June 13, 2013

കല്ലറ പൊളിക്കുന്നവർക്ക് 

നിങ്ങൾ വിദൂഷകർ 
കല്ലറകൾ പൊളിച്ചു കഥകൾ മെനയുന്നവർ 
മണ്ണോടു ചേർന്ന മാറിലെ 
മണ്ണ് മൂടിയ അപ്രിയ സത്യങ്ങൾ  
ചികഞ്ഞു  ലോകത്തിനു 
മുന്നിലേക്ക്‌ എറിഞ്ഞു കൊടുക്കുന്നവർ 
അക്ഷരത്തിന്റെയും വർണ ത്തിന്റെയും
സീമകൾക്കപ്പുറത്തേക്ക് പടവു താണ്ടിയവരുടെ
കല്ലറകൾക്കുള്ളിൽ  സദാചാരം തിരയുന്നവർ 
മണ്ണു പുല്കിയ ഞരമ്പുകളിൽ 
മാതൃത്വം മറന്നു മാദകത്വം   തിരയുന്നവർ  
 എഴുത്തിനപ്പുറം എഴുത്താണിയും 
എഴുതുന്ന മനസ്സും വായിക്കാൻ വരുന്നവർ 
തെരുവോരങ്ങളിൽ  ലേലം  ചെയ്യുന്നവർ 
മറുപടിയില്ലാത്ത മരണലോകത്തേക്കു  
ചോദ്യവും ഉത്തരവും സ്വയം ഉതിർക്കുന്നവർ 
ചുംബനതിന്റെയും പ്രണയത്തിന്റെയും 
എണ്ണം പറഞ്ഞു കൈയടി നേടുന്നവർ 
നിഷേധിക്കപെട്ട അവസാന ശ്വാസത്തിന്റെ 
അനുഭവ സാക്ഷ്യം പറയുന്നവർ 
അടുത്ത കല്ലറ പൊളിച്ചു നിങ്ങൾ ആർക്കുക 
നിങ്ങൾ വിദൂഷകരായി  സ്വയം രമിക്കുക 
കാലത്തെ കലകൊണ്ടു മറികടന്നവർ 
നിങ്ങള്ക്ക് മുന്നിൽ തൃണമായിരുന്നോട്ടെ 

Saturday, June 8, 2013

മഴ പ്രണയം 

മേഘകുടത്തിൽ വെള്ളം നിറച്ചു 
ഭൂമിതൻ മാറിലേക്കൊഴിച്ചു 
 ആകാശം ഭൂമിയെ 
നോക്കി കണ്ണിറുക്കി ചിരിച്ചു 

നനഞ്ഞൊട്ടിയ ഇലയുടയാടകൾ 
കാറ്റിലുണക്കി യെടുക്കുമ്പോഴും 
മരത്തിന്റെ മാറിലൂടെ ഒഴുകി 
ഇറങ്ങുന്ന മഴത്തുള്ളികൾ തട്ടി മാറ്റി   
ഭൂമി നാണത്താൽ ഈറൻപിഴിഞ്ഞു 
പിന്നെയും കുടം തിരയുന്ന ആകാശത്തോടു 
പരിഭവം കാട്ടി  മുഖം കുനിച്ചു 

കാറ്റൊരു കള്ള സാക്ഷിയെ പോലെ 
വാ പൊത്തിചിരിച്ച്  
തലങ്ങും വിലങ്ങും പാഞ്ഞു 

Tuesday, June 4, 2013

ഉയിർത്തെഴുന്നെൽപ്പ് 

എന്റെ  തണൽ മരം വെട്ടി രാകി യെടുത്ത് 
അതിലിരു തടികൾ പിണച്ചു 
കുരിശുണ്ടാക്കി 
എന്നെയും  ചേർത്തു നിർത്തി 
ആണി തിരയുന്നു കൈകൾ 
വെഞ്ചരിച്ച വെള്ളത്തിൽ 
പാപം കഴുകിയിറക്കിയവർ 
സദാചാര തന്ടെഴുന്നുള്ളിക്കുന്നവർ 
എൻറെ വിയർപ്പു രുചിച്ചു 
പുരസ്കൃതരായവർ 
തലയല്പം ചരിച്ചങ്ങു നില്കയാണ് ഞാൻ 
വേഗം വരിക കുരിശിൽ തറയ്ക്കുക 
കൈകൊട്ടി ചിരിച്ചാർത്തു മടങ്ങുക 
മഗ്ദലന്യ്ക്കു മുന്നിലായി 
ഒന്നുയിർത്തെഴുന്നേൽക്കണമെനിക്കു