Friday, December 27, 2013

മണം തേടി പോയവളെ കാത്തു


രാത്രിയിലിത്തിരി വെളിച്ചവും
കൊണ്ടൊരുവൾ
പാറി വന്നെത്തി നോക്കി
കുശലം ചോദിച്ചൊരു
ഗന്ധരാജന്റെ മാദക മണംതേടി
ചിന്തകൾ പിന്നോട്ടോടി മറഞ്ഞിട്ടു
തെല്ലധികം കഴിഞ്ഞല്ലോ
എന്തേ മിന്നാമിനുങ്ങിനെ
കണ്ടിനിയും കരഞ്ഞു കൊണ്ടാ
വഴിയിലെങ്ങാനും പമ്മുന്നതു കണ്ടുവോ
കാലം മുടിയിഴ തന്നിൽ കുമ്മായമിട്ടിട്ടും
ഉള്ളിലെ ബാല നടുക്കങ്ങളിന്നും
മിഴി പൂട്ടി ഒളിക്കുന്നു

റിഹേർസൽ

രാവുകളിൽ നിദ്ര
എന്നെ മരണത്തിന്റെ നാടകം
അഭിനയിച്ചു പഠിപ്പിക്കുന്നു
ഇരുട്ടിന്റെ കാവലോടെ
ഒരിലയനക്കതിന്റെ
സൂക്ഷ്മതയോടെ


മെയ്‌ ദിനം ഓർക്കുമ്പോൾ ഒരു റേഡിയോ കാലം ആണ് മനസ്സിൽ . വിശേഷ ദിവസങ്ങൾ ഒക്കെ റേഡിയോയ്ക്കും ഉത്സവം ആണ ല്ലൊ. എല്ലാം പ്രത്യേക പരിപാടികൾ ആവും.തൊഴിലാളി ദിനത്തിലും അങ്ങനെ തന്നെ. സമൂഹത്തിന്റെ മുക്കിലും മൂലയിലും ഉള്ള മണ്ണിന്റെ മണമുള്ള തൊഴിലാളികളുടെ വിവിധ പരിപാടികളുമായി ആവും മെയ്‌ ഒന്നിന് രാവിലെ റേഡിയോ ഓണ്‍ ആകുക . അവ്യ്ക്കിടയിലൂടെ കല്ല്‌ കടിക്കാത്ത രീതിയിൽ പാട്ടു ചെർക്കണം . പലതും തീരുമാനം ആകുന്നത് അവസാനം ആകും ..ശരിക്കും വിയര്ത് കുളിക്കും എന്നാലും അതിങ്ങനെ മിക്സ്‌ ആയി റേഡിയോ യിലൂടെ ജനത്തിന്റെ കാതിലേക്ക് എത്തുമ്പോൾ എന്താ ഒരു സുഖം .. "സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ" ഈ പാട്ടുകളൊക്കെ ഒഴുകി വരും. എല്ലാ ദിവസവും പാട്ടു ഇടുന്നത് തന്നെ യാണ് ജോലി എങ്കിലും മെയ്‌ ദിനം ചെയ്തു കഴിയുമ്പോൾ ഒരു പ്രത്യേകത ആണ് മുഷ്ടി ചുരുട്ടി ഇങ്കിലാബ് വിളിക്കുന്ന അച്ഛന്റെ മോൾ ആയിട്ടാകാം............
ഈ ഓർമ്മകളെ എല്ലാം ഒര്മ്മിച്ചു കൊണ്ട് ആ പരിപാടികൾക്ക് മുന്നിലും പിന്നിലും പ്രവര്ത്തിച്ച എല്ലാവരെയും ഓർത്തുകൊണ്ട് ലോകത്തിലെ എല്ലാ തൊഴിലാളികൾക്കും
ലാൽ സലാം
മസ്തിഷ്ക മരണം 

കണ്ണുകളുണ്ട് എടുത്തു കൊള്ളുക 
ഞാൻ കണ്ട സങ്കടങ്ങളുടെ 
ബാക്കി കാണാമെങ്കിൽ 

കാതുകളുണ്ട് എടുത്ത് കൊള്ളുക 
ഞാൻ കേട്ട ശാപങ്ങളുടെ 
ബാക്കി കേൾക്കാമെങ്കിൽ 

ഹൃദയമുണ്ട് എടുത്തുകൊള്ളൂക
ഞാൻ കെട്ടിയാടിയ വേദനകളുടെ
ബാക്കി പകർന്നാടാമെങ്കിൽ

ഞാൻ ആരെന്നല്ലേ
കണ്ടുംകേട്ടും പിടഞ്ഞും എന്നേ മരിച്ചവൾ
നിങ്ങൾ തീർത്ത വാരിക്കുഴിയിൽ
പതിച്ചു മസ്തിഷ്ക മരണം നടന്നവൾ
ഉള്ളം കയ്യിലുരുട്ടി അമ്മ തന്ന
ഉരുള തൻ രുചി
ഉള്ളം കൈ നനയാതുണ്ണും
സ്പൂണ്‍ ബേബികൾ ക്കറിയുമോ

Thursday, December 26, 2013

സൌരോർജത്തെ അങ്ങാടിയിൽ
വ്യഭിചരിക്കുന്നതു കണ്ടു
നിലാവിനെ തിങ്കൾ
മഴമേഘത്തിൽ ഒളിപ്പിച്ചു
സൌരോർജത്തെ അങ്ങാടിയിൽ
വ്യഭിചരിക്കുന്നതു കണ്ടു
നിലാവിനെ തിങ്കൾ
മഴമേഘത്തിൽ ഒളിപ്പിച്ചു
ഭൂമിതൻ മാറിലേക്ക്‌
രാവിലും അണയാത്ത
കനൽ കോരി നിറച്ചു
സൂര്യൻറെ യാത്ര
അടിച്ചമർത്തുന്നവരോടു ......

മലർന്നൊഴുകുന്ന മീനുകളും
വിഷമൊഴുകുന്ന പുഴകളും
പേടിപ്പിച്ചിരുന്ന രാത്രിസ്വപ്നം
കൈയ്യകലത്തു തിറയാട്ടമാടുമ്പോൾ
കഥകളിൽ നിന്നിറങ്ങി കാളിന്ദി
കാതികുടത്തൊഴുകുമ്പോൾ
കാളിയൻമാരെ നിങ്ങളോർക്കുക
ആര്ജവങ്ങളുടെ ആരവങ്ങളിലേക്ക്
ജീവന്റെ നിലനില്പിലേക്ക്
അധികാരത്തിൻറെ ഗർജ്ജനങ്ങളും
പണത്തിന്റെ ദംഷ്ട്രകളും കൊണ്ടെത്ര
നാൾ ചോര ചാലിക്കാനാകും
എത്ര നാൾ വിഷം നിറയ്ക്കാനാകും
ന്യായീകരണത്തിന്റെ തഴപ്പായ നിവർത്തി
ഇരുപക്ഷവും നാവുറഞ്ഞപ്പോൾ
ഉള്ളിലെ രാഷ്ട്രീയത്തിന്റെ മേൽ പതിച്ച
കഫമുള്ള തുപ്പൽ കഴുകികളഞ്ഞിട്ടും
നാറ്റം ഇനിയും നില്ക്കുന്നപോലെ .
അകലേക്ക് പോയൊരു കാൽ പെരുമാറ്റത്തിൽ
അകലങ്ങൾ നോക്കി വൃഥാ കാത്തിരിക്കുന്നു ഞാൻ
അടയാളമില്ലത്തൊരെൻ മോഹങ്ങളൊക്കെയും
കാറ്റു പൊട്ടിച്ചെറിഞ്ഞൊരു മേഘം പോൽ
ഉഴറിയലഞ്ഞെങ്ങോ ലയിക്കുന്നു
വാലും തലയും ചലിപ്പിച്ചു
ഓടിനടന്നിട്ടുണ്ടാവാം
ഉരുവാകാൻ കൊതിച്ച
ഉയിർമൊട്ടുകളെന്നിലും
കണ്ണ് പൊത്തി കനവു മറച്ചു നീ
എന്റെ സ്വപ്നത്തെ പകർന്നു
കൊടുത്തുവോ
നിലവിളിയെന്നിൽ
ബാക്കി നിർത്തിയോ


എനിക്കത്തം അമ്മയുടെ പിറന്നാളാണ് ..ഇന്ന് വിളിച്ചു ..."അമ്മ പിറന്നാളല്ലേ ..
"നാളെയല്ലേ മക്കളെ .... ഇന്നാണെങ്കിൽ ഇന്ന് .മക്കടെ ഇഷ്ടം .ഒരുമ്മ കൊടുത്തപ്പോൾ രണ്ടുമ്മ തിരിച്ചു തന്നു.. "ബിന്ദുസെ നിന്റെ അമ്മേടെ പിറന്നാളാണേ . മറക്കാതെ വിളിക്കണേ അല്ലെങ്കിൽ എന്റെ കൊച്ചു വിളിച്ചില്ലലോ എന്ന് പറഞ്ഞു കരയുന്നതു കാണേണ്ടിവരും"
ഇങ്ങനെ ഓർമ്മിപ്പിക്കാൻ ഇപ്പോൾ അച്ഛനില്ല .അത് കൊണ്ട് തന്നെയാകാം അമ്മയുടെ ശബ്ദത്തിൽ ചിരിക്കിടയിലും ഒരു സങ്കടം ബാക്കി നിന്നിരുന്നു
മനസ്സിൽ പിടഞ്ഞതു
വരിയിൽ തടയാതെ
മൗനമെന്നെ പലകയി-
ലുരുട്ടുന്നു
പൂവിതൾ കവിളിലും
പുൽക്കൊടിയാം മൂക്കിൻ തുമ്പിലും
തൊട്ടു വിളിച്ചു സൂര്യൻ
ഭൂമിതൻ പരിഭവത്തെ
ചെറു ചിരിയാൽ മായ്ക്കുമ്പോൾ
നീ അറിയാതെ പോയൊരെൻ
ഉള്ളിലെ വിഷാദത്തിൻ
കനമുള്ള കറുപ്പെന്റെ
ചിരിയൊട്ടിച്ച മുഖത്തേക്കും
പടർന്നിറങ്ങുന്നുവോ
നിരീക്ഷണ കണ്ണുകളുടെ
മുന്നിൽ ജീവിക്കുമ്പോഴാണ്
ഇന്നലെയുടെ സ്വാതന്ത്ര്യം
നഷ്ടപെട്ടതറിഞ്ഞത്‌
നോട്ടങ്ങൾ പോലും
യാന്ത്രികമായതും
നടുക്കടലിലെ എരിവെയിലിൽ
ഉറയുന്ന ദാഹത്തിന്റെ രുചിയാണ്
ഏകാന്തതയ്ക്കെന്നു തിരിച്ചറിഞ്ഞപ്പോൾ
എൻറെ കവിൾത്തടങ്ങൾ നനയുകയും
കാതുകളിൽ എങ്ങലിന്റെ താളം
നിറയുകയും ചെയ്തു
സ്വപ്നയാത്ര 


മാറിലടുക്കിപ്പിടിച്ച പലഹാരകെട്ടുമായി 
യാത്രയ്ക്കൊരുങ്ങിയിറങ്ങും കുസൃതിയെ പോൽ 
നിദ്ര എൻ വരവും കാത്തു നില്ക്കുന്നു 
സ്വപ്നഭാണ്ഡം മാറോടു ചേർത്ത്. .
രാവറുതിയോളമിനി ഞങ്ങളൊന്നിച്ചു 
സുന്ദര സങ്കൽപ പായ നിവർത്തി
പാറി പറന്നു ചിരിച്ചു രസിച്ചിടും 
കാല മൊട്ടേറെ കടന്നു പോയിടും 
അക്സയ്ക്ക്

കുഞ്ഞുമണ്‍ കൂനയ്കുള്ളിൽ ഒതുങ്ങി കിടക്കുന്ന
നിന്റെ സ്വപ്ങ്ങളോട്
ഞാൻ എങ്ങനെയാണു അക്സ മാപ്പ് പറയേണ്ടത്
കൌതുകവും കുസൃതിയും തല്ലികൊഴിച്ച
എന്റെ സമൂഹത്തോട്,
നീ താണ്ടിയ വേദനകളോട് ,
ഞാൻ എങ്ങനെയാണ് പൊരുത്ത പെടേണ്ടത്
കാമവൈകൃതങ്ങളിൽ ബലി നൽകപെട്ട 
നിന്റെ ചേതന,
തൊണ്ടക്കുഴിക്കുള്ളിലെവിടെയോ കുരുങ്ങി-
യമർന്ന നിന്റെ നിലവിളി
അമ്മയെ വിളിച്ചു കരഞ്ഞ നിന്നെ വാരി
പുണരാതെ പോയ അമ്മ
ചിന്തകളിലോരോന്നിലും നിന്റെ മണ്കൂന
എന്നെ അടിമുടി പൊള്ളിക്കുന്നു
മണ്ണിലലിയും മുൻപു നിന്നെ മറന്നവർ
താര പീഡനത്തിൽ കൊടിക്കൂറ കെട്ടുന്നു
തർക്കഘോഷങ്ങൾ നിരത്തുന്നു
ചർച്ചകളുടെ കൊഴുപ്പിൽ ഖജനാവ് നിറയ്ക്കുന്നു
നിനക്കോ ..
മുലപ്പാലിട്ടിച്ചവൾ പോലും മറന്നവൾ
ആരുണ്ടിവിടെ നിന്നെ ഓർക്കുവാൻ
നിനക്കായി കരയുവാൻ ...
പനിയാണെന്ന് കണ്ടാൽ അമ്മയുടെ ആദ്യ നടപടി ഒരു കല്ലുപ്പും ഒരു മുളകും ഒരു കർപ്പൂരവും കൊണ്ടുവന്നു മൂന്നുവട്ടം ഉഴിയും എന്നിട്ട് അടുക്കളയിലേക്കു പോയി അടുപ്പിലിടും .അത് എരിഞ്ഞു തീരുന്നത് വരെ നിന്നിട്ട് അടുത്ത് വന്നു പറയും" ഒരു ശകലം പോലും മൂക്കെരിയുന്നില്ലല്ലോ .വെറുതെ ആൾക്കാരുടെ പ്രാക്ക് വാങ്ങി അസുഖം വരുത്തിക്കോളും ".എന്നിട്ട് വന്നു പുതപ്പിട്ടു മൂടും. വൈകുന്നേരം ആകുമ്പോൾ പനി പോകും."കണ്ടോ.പറഞ്ഞാൽ കേള്ക്കില്ലല്ലോ. നാളെ കുളിച്ചു അമ്പലത്തിൽ പോയി തൊഴുതോണം".അപ്പോൾ പുറത്തെ അരമതിലിൽ നിന്നൊരാൾ പാളി അകത്തേക്ക് നോക്കി ചിരിക്കുന്നുണ്ടാവും .കാരണം ആ ഉഴിഞ്ഞു അകത്തേക്ക് പോയ നേരത്തിനു പാരസെറ്റമോൾ എടുത്തു തന്നു അതു കഴിച്ചിട്ട് വെള്ളം കുടിക്കാൻ പറയും .കൂട്ടത്തിൽ ഇതും കൂടി ഉണ്ടാവും "അവൾ കാണണ്ട അല്ലെങ്കിൽ അവളുടെ ദൈവങ്ങളെ കളിയാക്കി എന്നും പറഞ്ഞു വെറുതെ കരയും..പിന്നെ രാവിലെ കുളിക്കാൻ പറയും. കുളിച്ചു പനി കൂട്ടരുത് ആ മുളക് കരിഞ്ഞു ചിമ്മിനി കൂടി വരുന്ന പുക കൊണ്ട് അച്ഛൻ മാത്രമല്ല അപ്പുറത്തെ പശു വരെ തുമ്മല് തുടങ്ങി".കമ്മ്യുണിസവും ഭക്തിയും തമ്മിലുള്ള ഈ സ്നേഹ സമരം ഓര്ത്ത് കൊണ്ട് പനിച്ചു കിടക്കാം .ഇന്നലെകളിലൂടെ യാത്ര ചെയ്യുമ്പോൾ പനിയുടെ കുളിര് മറക്കാൻ ഓര്മ്മകളുടെ ഒരു പുതപ്പു കിട്ടുന്നപോലെ ....
തിരയുന്നവൻ

പകലന്തിയോളം ഭൂമിയിലും
രാവു മുഴുവൻ ആഴിയിലും
എങ്ങും തിരഞ്ഞു നടപ്പുണ്ട് സൂര്യൻ

പ്രണയാർദ്രയായി കൈനീട്ടി വാങ്ങി
മാറോടു ചേർത്തിറുകെ പുണർന്നിട്ട്
ഒഴുക്കിന്റെ കൈകളിൽ വച്ചു കൊടുത്തവൻ
ആഴിയിൽ ഊഴിയിൽ എങ്ങാണെന്നറിയാൻ 
പകലന്തിയോളം ഭൂമിയിലും
രാവു മുഴുവൻ ആഴിയിലും
വേപഥു പൂണ്ടു നടപ്പുണ്ട് സൂര്യൻ
മൌനത്തിന്റെ കുടമുടച്ചു ഞാൻ
ഒരുനാൾ എടുക്കുമെൻ വാൾ ചിലമ്പുകൾ
കരുതിവയ്ക്കുക നിൻ കേൾവിയും കാഴ്ചയും
എന്നിൽ നിന്നുറയും തീ ചുരുളിൽ
നിന്നായ് സ്വ പ്രാണൻ കാക്കുക
മൗനമല്ലിതു ഉറകൂടലാണെന്ന്
നാളെകൾ നിനക്ക് തെളിവു തന്നിടും
മുറ്റത്തെ കിളിച്ചുണ്ടൻ മാവൊന്നു
മുറിച്ചു മാറ്റണം നാളെത്തന്നെ
ചാഞ്ഞതു നില്പാണ്
മൂവാണ്ടൻ മാവിൻ
തടിയിലും ചില്ലയിലുരുമ്മി പരസ്യമായി
നിയമം വന്നെന്നു ഞാനെങ്ങനെ പറഞ്ഞിടും
ചില്ലകൾ തമ്മിലിങ്ങനെ പുണരാൻ പാടുണ്ടോ
മുറ്റത്തെ കിളിച്ചുണ്ടൻ മാവൊന്നു
മുറിച്ചു മാറ്റണം നാളെത്തന്നെ .
ശ്വാസം

ചിതയിലെരിഞ്ഞു പോയ അച്ഛന്റെ
ശരീരത്തെക്കാളും
ഞാനിന്നു തേടുന്നത്
മരണമെന്ന മൌനത്തിലേക്ക്‌
തണുത്തിറങ്ങുംമുൻപ്
അച്ഛനെ വിട്ടകന്ന
ശ്വാസത്തെയാണ്
പ്രകൃതിയുടെ ഏതു തുരുത്തിലാവും 
എന്നെ തൊടനാവാതെ
അതലഞ്ഞുതിരിയുന്നുണ്ടാവുക
നെഞ്ചിലൊട്ടിയുറങ്ങുമ്പോൾ
എൻ മൂർദ്ധാവിൽ ഉമ്മ വച്ചിരുന്ന
സംരക്ഷിത കവചം
അതിനെ തേടുകയാണ് ഞാൻ
എന്നേകാന്ത പകലിരവുകളിൽ
കുഞ്ഞു വിരൽതുമ്പിൽ
ഇറുകെ പിടിച്ചു കൊണ്ടെൻ
താപ ചിന്തയിലകവേ
അമൃതം പകരുന്ന
കുഞ്ഞരുമയ്ക്കിന്നു
പിറന്നാളിൻ മാധുര്യം
February 6 , 2 011 അന്നാണ് സൗമ്യ കൊല്ലപെട്ടത്‌ .അന്ന് മുതൽ അന്വേഷണം, തെളിവ്, പ്രതിയെ പിടിക്കൽ, ഹാജരാക്കൽ .വിധി പറയൽ വിചാരണ കോടതി യുടെ ശരി വയ്ക്കൽ ഇപ്പോൾ ഹൈക്കോടതിയുടെ ശരി വയ്ക്കൽ . ആ കുഴി മാടത്തിൽ വച്ച വാഴ കുലച്ചു നശിച്ചു കാണും . തെങ്ങിന തൈ T into D ആണെകിൽ കൂമ്പു പൊട്ടിക്കാണും . ഇനി എത്ര ശരിവയ്ക്കലുകൾ കാണേണ്ടി വരും അവനെ തൂക്കി കൊല്ലാൻ .നീതിന്യായ വ്യവസ്ഥയുടെ ഈ ഇഴയുന്ന അവസ്ഥ തന്നെയാണ് ഇവിടുത്തെ അക്രമങ്ങള്ക്ക് വലിയൊരു കാരണം 
നേരമില്ലൊട്ടും ചിന്തിച്ചിരിക്കുവാൻ
നേരിൽ വെല്ലുവിളിക്കുന്നു ജീവിതം

ആധുനിക അലങ്കാരം

കാതലുള്ള മരങ്ങൾ തൻ
കടയ്ക്കൽ കത്തിവച്ചു
നേടിയ തരിശിൽ
വിത്തു പൊട്ടി പൂവായി
മുളയ്ക്കുന്ന
നൂതന ആലങ്കാരികത
തേടുന്നു ലോകം
ഇലകൾ കൂടിയാൽ 
വേരുറപ്പിച്ചാലോ
കിളികൾ വന്നു
കിന്നരിച്ചിരുന്നാലോ
പൂവുമാത്രം നിൽക്കട്ടെ
മണ്ണിതിൽ
ഇലകൾക്കെന്തുവിപണന നേട്ടം
എത്ര അക്ഷരങ്ങളിൽ വാരി നിറച്ചിട്ടും
പിന്നെയും ബാക്കി നില്ക്കുന്നു ജീവിതം
ഒന്നെഴുതി തീർക്കാൻ ശ്രമിക്കവേ
കളിയാക്കി ചിരിച്ചോടിയകലുന്നു
ക്ലാവ് മണം ചൂഴുന്ന ചൂഡാരത്നങ്ങൾ
ഐത്ഹ്യങ്ങളിലിന്നും അടയാളമാകുമ്പോഴും
വേർപാടുകൾ തീര്ത്ത വേദനയുടെ
മുറിപ്പാടുകൾ
ഇന്നിന്റെ പ്രണയത്തിൽ അടയാളമാകുന്നു 
വരിക കുഞ്ഞേ

മറു വിളി നൽകാതെ
ആര്ത്തു വിളിച്ചും കൊണ്ട്
തൊടിയിടങ്ങളിലോടി നടന്നും
പച്ച തലപ്പുകൾ പരക്കെ പൊട്ടിച്ചും
കിണറിൻ മുഖപ്പിൽ കാലെത്തി നോക്കിയും
കുറുമ്പുകൾ കാട്ടി, കൊഞ്ഞനം കുത്തിയും
മെയ്യിൽ മെഴുക്കും വിയര്പ്പും കുഴച്ചു
ചാരത്തണയാതെ തലങ്ങും വിലങ്ങുമായി
നീട്ടി നിൽക്കുന്നെരെൻ കൈകളെ നോക്കാതെ
കുസൃതി കൂട്ടി ചിരിക്കയാണെൻ
അക്ഷര കുരുന്നവൻ
വരിക വന്നമ്മ തൻ മടിതട്ടിലിരിക്കുക
ഇറുകെ പുണർന്നമ്മ ഇളം ചൂട് തന്നിടാം
കുഞ്ഞിളം കാതിൽ കഥകൾ പറഞ്ഞിടാം
കുരുന്നു കാൽ വെള്ളയിൽ
കുഞ്ഞുമ്മകൾ തന്നിടാം
കണ്ണുകൾ കൊണ്ടൊരു ചിരി പകർന്നിടാം
നിൻ ചിരിയിലൂടമ്മയൊന്നു ചിരിചോട്ടെ
ഇന്നലെ പെയ്ത മിഴികൾ തോര്ന്നോട്ടെ .
എന്നിൽ നിന്നുരുവായ ചിന്തകളാം
എട്ടുകാലികൾ നെയ്തെടുത്ത
വലയിൽ പെട്ടു ഞാനെന്നു തൊട്ടേ
തടങ്കൽ ജീവിതം അറിഞ്ഞിരിക്കുന്നു
അടർത്തി മാറ്റപെട്ട ഇലയ്ക്ക് 
ആരെയാണ് കുറ്റപെടുത്താനാവുക 
കാറ്റിന്റെ കൈകളെയോ 
അതോ കാലത്തിന്റെ ചുംബനത്തെയൊ
എല്ലാവരും കേട്ടിട്ടുള്ളതവും.. ഞാനും നേരത്തെ കേട്ടിട്ടുള്ളതാണ് .അത്ര വലിയ ആനക്കാര്യവുമല്ല.എന്നാലും എഴുതി ഇടാമെന്ന് തോന്നി .attittude change ന്റെ പറ്റിയാണ് ...പണ്ടത്തെ ആളുകൾ എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കണ്ടിരുന്നത്‌ .ഉദാഹരണത്തിന് ..ശക്തമായ മഴ , കാറ്റു ഇവയൊക്കെ വരുമ്പോൾ "നല്ല മഴയുണ്ട് , നല്ല കാറ്റുണ്ട് "എന്നിങ്ങനെ ആയിരുന്നു . .എന്നാലിപ്പോഴോ "ഭയങ്കര മഴ , മുടിഞ്ഞ കാറ്റു" ഇങ്ങനെ ആയി പ്രയോഗങ്ങൾ... എല്ലാത്തിനെയും നന്മയിൽ നിന്ന് അടര്ത്തി എടുത്തു തിന്മയിലേക്ക് നാം ചേര്ത്ത് വച്ചിരിക്കുന്നു .എന്തിനെയും നിസ്സാരവല്ക്കരിക്കാനും കുറ്റപ്പെടു ത്തുവാനും ഉള്ള നമ്മുടെ താല്പര്യം ഏറിവരികയാണ്. കാലം ഓടി മാറുന്നത് വളരെ വേഗത്തിലാണ് .ഒപ്പം നമ്മളിൽ ഒക്കെ അവശേഷിക്കുന്ന നന്മകളും ...അതിൽ നമ്മൾ പ്രകൃതിയെ പോലും ഒഴിവാക്കുന്നില്ല ."ഒടുക്കലത്തെ ചൂടും ,മുടിഞ്ഞ മഴയും, നശിച്ച കാറ്റും" ഇനി നാവിൽ നിന്ന് വരാതിരിക്കാൻ നമ്മളിൽ ഒരാള്ക്കെങ്കിലും കഴിയട്ടെ .എന്നോ ഒരു വർഷത്തിനൊപ്പം നമ്മളും പടിയിറങ്ങി പോകും .ഒരു തെറ്റെങ്കിലും അതിനു മുൻപ് നമുക്ക് സ്വയം തിരുത്താൻ കഴിഞ്ഞാൽ നല്ലതല്ലേ ...