Thursday, December 26, 2013

പനിയാണെന്ന് കണ്ടാൽ അമ്മയുടെ ആദ്യ നടപടി ഒരു കല്ലുപ്പും ഒരു മുളകും ഒരു കർപ്പൂരവും കൊണ്ടുവന്നു മൂന്നുവട്ടം ഉഴിയും എന്നിട്ട് അടുക്കളയിലേക്കു പോയി അടുപ്പിലിടും .അത് എരിഞ്ഞു തീരുന്നത് വരെ നിന്നിട്ട് അടുത്ത് വന്നു പറയും" ഒരു ശകലം പോലും മൂക്കെരിയുന്നില്ലല്ലോ .വെറുതെ ആൾക്കാരുടെ പ്രാക്ക് വാങ്ങി അസുഖം വരുത്തിക്കോളും ".എന്നിട്ട് വന്നു പുതപ്പിട്ടു മൂടും. വൈകുന്നേരം ആകുമ്പോൾ പനി പോകും."കണ്ടോ.പറഞ്ഞാൽ കേള്ക്കില്ലല്ലോ. നാളെ കുളിച്ചു അമ്പലത്തിൽ പോയി തൊഴുതോണം".അപ്പോൾ പുറത്തെ അരമതിലിൽ നിന്നൊരാൾ പാളി അകത്തേക്ക് നോക്കി ചിരിക്കുന്നുണ്ടാവും .കാരണം ആ ഉഴിഞ്ഞു അകത്തേക്ക് പോയ നേരത്തിനു പാരസെറ്റമോൾ എടുത്തു തന്നു അതു കഴിച്ചിട്ട് വെള്ളം കുടിക്കാൻ പറയും .കൂട്ടത്തിൽ ഇതും കൂടി ഉണ്ടാവും "അവൾ കാണണ്ട അല്ലെങ്കിൽ അവളുടെ ദൈവങ്ങളെ കളിയാക്കി എന്നും പറഞ്ഞു വെറുതെ കരയും..പിന്നെ രാവിലെ കുളിക്കാൻ പറയും. കുളിച്ചു പനി കൂട്ടരുത് ആ മുളക് കരിഞ്ഞു ചിമ്മിനി കൂടി വരുന്ന പുക കൊണ്ട് അച്ഛൻ മാത്രമല്ല അപ്പുറത്തെ പശു വരെ തുമ്മല് തുടങ്ങി".കമ്മ്യുണിസവും ഭക്തിയും തമ്മിലുള്ള ഈ സ്നേഹ സമരം ഓര്ത്ത് കൊണ്ട് പനിച്ചു കിടക്കാം .ഇന്നലെകളിലൂടെ യാത്ര ചെയ്യുമ്പോൾ പനിയുടെ കുളിര് മറക്കാൻ ഓര്മ്മകളുടെ ഒരു പുതപ്പു കിട്ടുന്നപോലെ ....

No comments:

Post a Comment